ടോസിൽ വിജയിച്ച് എഫ് സി തൃക്കരിപ്പൂർ

- Advertisement -

അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ഒമ്പതാം ദിവസവും കർക്കിടാംകുന്നിൽ ആവേശം ഒഴിഞ്ഞില്ല. നിശ്ചിത സമയവും പെനാൾട്ടിയും കഴിഞ്ഞ് നറുക്കെടുപ്പ് വേണ്ടി വന്നു കർക്കിടാം കുന്നിൽ എഫ് സി തൃക്കരിപ്പൂരിനും കെ എഫ് സി കാളിക്കാവിനും ഇടയിലെ വിജയികളെ കണ്ടെത്താൻ. ഭാഗ്യം നറുക്കിൽ എഫ് സി തൃക്കരിപ്പൂരിനെ തുണയ്ക്കുകയായിരുന്നു.

സീസണിൽ കളിച്ച മൂന്നു കളികളും വിജയിച്ച് മിന്നുന്ന ഫോമിലായിരുന്നു സുഹൈൽ പരിശീലനം നൽകുന്ന മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് കർക്കിടാംകുന്നിൽ പ്രീ ക്വാർട്ടർ മത്സരത്തിന് ഇറങ്ങിയത്. കർക്കിടാംകുന്നിലെ ഉദ്ഘാടന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെ 4-1ന് തകർത്തായിരുന്നു കെ എഫ് സി കാളിക്കാവ് പ്രീ ക്വാർട്ടറിൽ എത്തിയത്. മറു ഭാഗത്ത് എ വൈ സി ഉച്ചാരക്കടവിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് എഫ് സി തൃക്കരിപ്പൂർ പ്രീ ക്വാർട്ടറിൽ പ്രവേേശിച്ചത്.

റിജുവിന്റെ ഗോളിലൂടെ എഫ് സി തൃക്കരിപ്പൂർ ആണ് ആദ്യം കളിയിൽ ലീഡെടുത്തത്‌. ആദ്യ റൗണ്ടിലും കർക്കിടാംകുന്നിൽ റിജു എഫ് സി തൃക്കരിപ്പൂരിനു വേണ്ടി വല കുലുക്കിയിരുന്നു. മികച്ച ഫോമിലുള്ള ടൈറ്റസിന് അധിക അവസരങ്ങൾ വേണ്ടി വന്നില്ല മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന്റെ സമനില ഗോൾ കണ്ടെത്താൻ. ടൈറ്റസിന്റെ സീസണിലെ ആറാം ഗോളായിരുന്നു ഇത്.

fc-thrikaripoor

1-1 എന്ന സ്കോറിൽ രണ്ടാം പകുതി ആരംഭിച്ച മത്സരത്തിൽ രണ്ടാം ഗോൾ നേടി എഫ് സി തൃക്കരിപ്പൂർ വീണ്ടും മുന്നിലെത്തുകയായിരുന്നു. എഫ് സി തൃക്കരിപ്പൂർ വിജയമുറപ്പിച്ചെന്നു തോന്നിച്ച നിമിഷത്തിൽ തങ്ങളുടെ രണ്ടാം ഗോളോടെ കെ എഫ് സി കാളിക്കാവ് സമനില പിടിച്ചു. നിശ്ചിത സമയത്തിനു ശേഷം പെനാൾട്ടിയിലെത്തിയ മത്സരത്തിൽ പെനാൾട്ടിയിലും വിജയികളെ കണ്ടെത്താനായില്ല. എടുത്ത 7 കിക്കുകളിൽ ആറും വലയിലെത്തിച്ച് ഇരു ടീമുകളും തുല്യത പുലർത്തുകയായിരുന്നു. ഇതോടെ റഫറി നജീബ് നറുക്കെടുപ്പിലൂടെ എഫ് സി തൃക്കരിപ്പൂരിനെ വിജയികളായി പ്രഖ്യാപിച്ചു.

ഇന്ന് കർക്കിടാംകുന്നിൽ സീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന റോയൽ ട്രാവൽസ് ബ്ലേക്ക് & വൈറ്റ് കോഴിക്കോട് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ബേബി ബേക്കേർസ് ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement