എഫ് സി തൃശ്ശൂരും പരിശീലകൻ ജാലിയും കേരള ഫുട്ബോളിനെ പഠിപ്പിക്കുന്നത് എന്ത്

ലൈസൻസിന്റെ പേര് വെച്ച് ഫുട്ബോൾ പരിശീലകരെ അളക്കുന്ന നാടായി നമ്മുടെ കേരളവും മാറുന്നോ എന്നുള്ള ചോദ്യത്തിന് ഉത്തരം തേടുകയാണ്. ഇക്കഴിഞ്ഞ സീസണിലെ കേരള പ്രീമിയർ ലീഗ് ടൂർണമെന്റ് ഫുട്ബോൾ പ്രേമികളൊന്നും മറന്നു കാണാനിടയില്ല. ആ ടൂർണമെന്റിൽ കപ്പ് ഉയർത്തിയത് കെ എസ് ഇ ബി ആയിരുന്നു എങ്കിലും ഏതായിരുന്നു ടൂർണമെന്റിലെ മികച്ച ടീം എന്നതിന് കളി കണ്ട, കളിയെ പിന്തുടരുന്നവർക്ക് ഒരുത്തരമേ കാണൂ. അത്, പേരു കേട്ട താരങ്ങളുടെ മാറ്റില്ലാത്ത, പണച്ചാക്കോ പാരമ്പര്യമോ കാര്യമായി അവകാശപ്പെടാനില്ലാത്ത തൃശ്ശൂരിലെ ഒരു ചെറിയ ടീമാകും. അതെ മ്മടെ ക്ലബ് എന്ന് വിളിക്കുന്ന എഫ് സി തൃശ്ശൂർ.

ഒരു ഡിസ്ട്രിക്റ്റ് ടൂർണമെന്റു പോലും കളിക്കാതെ എത്തിയ ഒരുപറ്റം കോളേജ് വിദ്യാർത്ഥികളും പിന്നെ അവരുടെ കോച്ച് ജാലി പി ഇബ്രാഹീം എന്ന ജാലിയും ചേർന്ന് കേരള പ്രീമിയർ ലീഗിൽ നടത്തിയ മുന്നേറ്റത്തിന്റെ കഥ കേരള ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർ ഒന്നറിഞ്ഞിരിക്കണം. ഒരു കോച്ച് മികച്ച കോച്ചാകുന്നത് പേരിൽ ലൈസൻസുകൾ നേടിയെടുക്കുമ്പോയല്ല മറിച്ച് അതിനൊപ്പം തന്റെ ശിഷ്യന്മാർക്കും ഫുട്ബോളിനും മുന്നിൽ ആത്മസമർപ്പണം നടത്തുമ്പോഴാണ് എന്നത് ജാലി എന്ന വലിയ ഭാവിയുള്ള പരിശീലകന്റെ കരിയറിലേക്ക് എത്തിനോക്കിയാൽ ഫുട്ബോൾ പ്രേമികൾക്ക് മനസ്സിലാകും.

ആരാണ് ജാലി:

ഒന്നര പതിറ്റാണ്ടു മുമ്പ് ശ്രീകൃഷ്ണ കോളേജിനു വേണ്ടി അത്ലറ്റിക്സിൽ തിളങ്ങി നിന്ന താരം. 13 വർഷങ്ങളോളം ആരും തകർക്കാത്ത സ്പ്രിന്റ് റെക്കോർഡുകൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി തകർത്ത് സ്പ്രിന്റ് ഇനങ്ങളിൽ തിളങ്ങിയ താരം. കോഴിക്കോട്ടേക്ക് ദേശീയ കായിക മീറ്റുകളിൽ നിന്ന് സ്വർണ്ണവും വെള്ളിയും എത്തിച്ച് ജാലി ഫുട്ബോളിലേക്കും പരിശീലനത്തിലേക്കും നീങ്ങിയത് യാദൃച്ഛികമായി ആയിരുന്നില്ല.

14 വർഷങ്ങൾക്കു മുന്നേ നാട്ടിൽ ഒരു കോച്ചിംഗ് ക്യാമ്പ് നടത്തിക്കൊണ്ടായിരുന്നു ജാലി കോച്ചിംഗ് രംഗത്തേക്ക് എത്തിയത്. ആ കാലത്തിൽ തന്നെ ക്യാമ്പിലെത്തുന്ന ഒരോ കുട്ടിക്കും ആ കുട്ടിയുടെ ശാരീരിക ക്ഷമതയും സ്കില്ലും ഉൾപ്പെടുത്തി ഒരു പ്രൊഫൈൽ ഉണ്ടാക്കി സൂക്ഷിച്ച് നിരീക്ഷിക്കുന്ന ഒരു പ്രൊഫഷണൽ രീതി ആയിരുന്നു ജാലി സ്വീകരിച്ചത്. (ഒരു കളിക്കാരനുമായി ഏജന്റിനെ സമീപിക്കേണ്ട അവസ്ഥ വരുന്നതു വരെ ഒരു പ്രൊഫൈൽ ഉണ്ടാക്കി കയ്യിൽ വെക്കുക എന്ന പ്രാഥമിക ദൗത്യം വരെ ചെയ്യാത്ത പരിശീലകർ ഇന്നും നമ്മുടെ ഫുട്ബോൾ ലോകത്തുണ്ട്) ഇന്ന് കേരളത്തിലെ മികച്ച യുവതാരങ്ങളായി നിൽക്കുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ അഷ്കറും ഇപ്പോൾ എഫ് സി തൃശ്ശൂരിന്റെ ജേഴ്സിയിൽ കളിക്കുന്ന ആതിഫും ഒക്കെ 14 വർഷങ്ങൾ മുന്നേയുള്ള ക്യാമ്പ് മുതൽ ജാലി എന്ന കോച്ചിന്റെ ഒപ്പമുള്ള താരങ്ങളാണ്. ഒരോ താരത്തേയും മികച്ച താരമാക്കുക എന്നതിലുപരിയായി അവർക്ക് ഒരു വിജയമുള്ള കരിയർ നൽകുക എന്ന ചിന്തയാണ് ജാലി എന്ന കോച്ചിനെ എപ്പോഴും നയിച്ചത്.

എം ഡി കോളേജും കുട്ടികളും:

നാലു വർഷം മുമ്പാണ് ജാലിയെ പഴഞ്ഞി എം ഡി കോളേജ് അധികൃതർ കോളേജ് ടീമിന്റെ പരിശീലകനാക്കാൻ സമീപിക്കുന്നത്. പരിശീലകൻ ആവാൻ തയ്യാറായ ജാലിക്ക് ഒരൊറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ തന്റെ കാഴ്ചപ്പാടിലും തന്റെ ഫുട്ബോൾ ഫിലോസഫിയിലും ആരും ഇടപെടാൻ പാടില്ല. ജാലി എം ഡി കോളേജ് ടീമിനെ നയിച്ചു. ആദ്യ വർഷം എം ഡി കോളേജ് തൃശ്ശൂർ ബി ഡിവിഷൻ ചാമ്പ്യന്മാർ. ആ വർഷം തന്നെ പേരുകേട്ട ബസേലിയസ് ടീമിനെ മറികടന്ന് മാർ ബസേലിയോസ് ട്രോഫി എം ഡി കോളേജിൽ എത്തിച്ചു.

അടുത്ത വർഷം തൃശ്ശൂർ സൂപ്പർ ഡിവിഷനിൽ മൂന്നാം സ്ഥാനം. അതു കഴിഞ്ഞ് വന്ന ഇന്ത്യൻ എക്സ്പ്രസ്സ് ടൂർണമെന്റിൽ വൈൽഡ് കാർഡ് എൻട്രിയിൽ എത്തിയ എം ഡി കോളേജ് പ്രീക്വാർട്ടർ വരെ കുതിച്ചു. പിന്നീട് മാർതോമ ട്രോഫി, എസ് എൻ ജി സി ട്രോഫി, തൃശ്ശൂർ എ ഡിവിഷൻ കിരീടം… എം ഡി കോളേജ് കിരീടങ്ങൾ നേടി മുന്നേറി. ഒരോ ടൂർണമെന്റുകളും ടീമിനെ മെച്ചപ്പെടുത്താൻ തുടങ്ങി. മറ്റു പ്രമുഖ കോളേജ് ടീമുകളെ പോലെ കഴിവ് തെളിയിച്ചവരെ റിക്രൂട്ട് ചെയ്യുക എന്നതിൽ നിന്നു മാറി എം ഡി കോളേജിനു ചുറ്റുമുള്ള ചങ്ങരംകുളം കുന്നംകുളം പ്രദേശങ്ങളിൽ നിന്നുള്ള പൊട്ടൻഷ്യൽ ടാലന്റുകളെ തേടിപ്പിടിച്ച് വളർത്താൻ ജാലി എന്ന പരിശീലകൻ തീരുമാനിച്ചു.‌‌ എം ഡി കോളേജ് പി ടി മാസ്റ്റർ മാത്യു സാർ ഈ ദൗത്യം ജാലിക്ക് വേണ്ടി നിർവഹിച്ചു കൊടുത്തു.

എം ഡി കോളേജ് എങ്ങനെ എഫ് സി തൃശ്ശൂരായി:

എം ഡി കോളേജിന് ലഭിച്ച എ ഡിവിഷൻ ചാമ്പ്യൻ പട്ടം സൂപ്പർ ഡിവിഷനിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു ഒപ്പം എ ഡിവിഷനിലെ എം ഡി കോളേജിന്റെ പ്രകടനം എഫ് സി തൃശ്ശൂർ എന്ന ക്ലബിലേക്കുള്ള വഴി കൂടിയായി. ഫുട്ബോൾ പ്രേമികളായ കുറച്ച് ചെറുപ്പക്കാരാണ് എഫ് സി തൃശ്ശൂർ ക്ലബ് ഉടമകൾ. അവർ ജാലിയെ എഫ് സി തൃശ്ശൂർ മാനേജറായി ക്ഷണിക്കുകയായിരുന്നു.

എഫ് സി തൃശ്ശൂരിന്റെ ചുമതല ഏറ്റെടുക്കുമ്പോഴും ജാലിക്ക് ഒരൊറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. അത് ജാലിക്ക് വിശ്വാസമുള്ള ജാലിയുടെ ഫിലോസഫി‌ ആയിരുന്നു. എം ഡി കോളേജ് എഫ് സി തൃശ്ശൂരിന്റെ കുപ്പായം അണിഞ്ഞപ്പോഴും ജാലിയുടെ ഫിലോസഫി തന്നെ വിജയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യൻ എക്സ്പ്രസ്സ് ടൂർണമെന്റിൽ കളിച്ച എം ഡി കോളേജ് കേരളത്തെ പ്രമുഖ ടീമുകളെ ഒക്കെ മറികടന്ന് ഫൈനൽ വരെ എത്തി. കിരീടം നേടാനായില്ലാ എങ്കിലും എം ഡി കോളേജിന്റേയും എഫ് സി തൃശ്ശൂരിന്റേയും ഭാവി മുന്നോട്ടേക്ക് തന്നെ എന്ന വിശ്വാസം ഫുട്ബോൾ പ്രേമികൾക്ക് നൽകാൻ ആ ടൂർണമെന്റിനായി.

കേരള പ്രീമിയർ ലീഗും എഫ് സി തൃശ്ശൂരും:

കേരള പ്രീമിയർ ലീഗ് പുതിയ മുഖവുമായി എത്തിയപ്പോൾ എഫ് സി തൃശ്ശൂരും ടൂർണമെന്റിലെ ഒരു ടീമായി. മുൻ ചാമ്പ്യന്മാരായ എസ് ബി ഐ, കേരള പോലീസ്, സാറ്റ് തിരൂർ തുടങ്ങി വമ്പന്മാരുള്ള ഗ്രൂപ്പിലായിരുന്നു എഫ് സി തൃശ്ശൂരിന്റെ സ്ഥാനം. ആർക്കും അധികം എഫ് സി തൃശ്ശൂരിനെ കുറിച്ച് അറിയില്ലായിരുന്നു എന്നതു കൊണ്ട് തന്നെ ആരും എഫ് സി തൃശ്ശൂരിന് പ്രതീക്ഷയും കൽപ്പിച്ചില്ല. ആദ്യ മത്സരത്തിൽ സാറ്റിനോട് പരാജയപ്പെടുക കൂടി ചെയ്തതോടെ എഫ് സി തൃശ്ശൂരിനെ എല്ലാവരും ചിത്രത്തിൽ നിന്നേ എടുത്തുകളഞ്ഞു.

പക്ഷെ ജാലി എന്ന കോച്ചിന് ഫുട്ബോൾ ആരാധകരെക്കാൾ നന്നായി എഫ് സി തൃശ്ശൂർ ടീമിനെ അറിയാമായിരുന്നു. പിന്നീട് നടന്ന 10 മത്സരങ്ങളിൽ(സെമി ഉൾപ്പെടെ) എഫ് സി തൃശ്ശൂർ ആകെ പരാജയപ്പെട്ടത് ഒരൊറ്റ മത്സരം മാത്രം. ഗ്രൂപ്പ് ഘട്ടത്തിൽ കേരള പോലീസിനേയും എസ് ബി ഐയേയും എല്ലാം പിറകിലാക്കി സെമിയിലേക്ക് പ്രവേശനം.

കേരള പോലീസിനെ അവരുടെ തട്ടകത്തിൽ പോയി വീഴ്ത്തിയതും സാറ്റിന് തൃശ്ശൂർ ഗ്രൗണ്ടിൽ മറുപടി കൊടുത്തതും എസ് ബി ഐക്ക് പന്തു കൊടുക്കാതെ പൊസഷൻ ഫുട്ബോളിന്റെ മനോഹാരിത തീർത്ത മത്സരവുമെല്ലാം ഈ ഗ്രൂപ്പ് ഘട്ടത്തിലെ കുതിപ്പിൽ സംഭവിച്ചു. പിന്നീടെത്തിയ സെമി ഫൈനലിൽ എതിരാളികൾ ഗോകുലം എഫ് സി ആയിരുന്നു. സുഷാന്ത് മാത്യു, ബെല്ലോ റസാക്ക്, വി പി സുഹൈർ തുടങ്ങി വൻ താരനിരയുള്ള ഗോകുലം എഫ് സി. 3-4-3 എന്ന ഫോർമേഷൻ കളിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ പതറാതെ മുന്നേറിയ ഗോകുലത്തെ പക്ഷെ ജാലിയുടെ തന്ത്രങ്ങൾ തളച്ചു. ഹോസെ മൗറീന്യോ യൂറോപ്പാ ഫൈനലിൽ അയാക്സിനെ തടയാനെടുത്ത തന്ത്രത്തെ അനുസ്മരിപ്പിക്കുന്ന ടാക്ടിക്സാണ് അന്ന് സെമി ഫൈനലിൽ ഗോകുലത്തിനെതിരെ എഫ് സി തൃശ്ശൂർ എടുത്തത്. കേരളത്തിന്റെ നിലവിലുള്ള ഏറ്റവും സമ്പന്നമായ ക്ലബ് പുറത്തേക്കും എഫ് സി തൃശ്ശൂർ ഫൈനലിലേക്കും.

ഫൈനലിൽ എഫ് സി തൃശ്ശൂർ കെ എസ് ഇ ബിയോട് പരാജയപ്പെട്ടു റണ്ണേഴ്സ് അപ്പായി തൃപ്തിപ്പെടേണ്ടി വന്നു. ഫൈനൽ വരെ എഫ് സി തൃശ്ശൂർ ഡിഫൻസിന്റെ നെടും തൂണായിരുന്ന സെബിൻ വർഗീസിന്റെ ഫൈനലിലെ അഭാവമാണ് എഫ് സി തൃശ്ശൂരിന്റെ ചരിത്ര കുതിപ്പിന് പ്രതീക്ഷിച്ച ക്ലൈമാക്സ് ലഭിക്കാതെ പോകാൻ കാരണം. സെബിൻ വർഗീസിന്റെ അഭാവത്തിൽ ഡിഫൻസിൽ വന്ന താളപ്പിഴ ടീമിനെ മൊത്തമായി ബാധിക്കുകയായിരുന്നു. എങ്കിലും ഈ ചെറിയ ടീമിനെ വെച്ചുള്ള റണ്ണേഴ്സ് അപ്പ് കിരീടത്തിനും ആ ഫൈനലു വരെയുള്ള യാത്രയ്ക്കും ഏത് കിരീടത്തേക്കാളും തിളക്കമുണ്ട്.

കെ പി എൽ കുതിപ്പ് ഭാഗ്യമോ?

ഗോകുലത്തോടുള്ള എഫ് സി തൃശ്ശൂരിന്റെ സെമി ഫൈനൽ വിജയത്തെ ഭാഗ്യമെന്നു വിളിച്ചവർ കുറച്ചായാലും ഫുട്ബോൾ ലോകത്തുണ്ട്. ആ വിജയം ഭാഗ്യമല്ല എന്ന് ബോധ്യമാകുന്നെടുത്താണ് ജാലി എന്ന പരിശീലകനെ നിങ്ങൾക്ക് തിരിച്ചറിയാനാവുക. കേരള പ്രീമിയർ ലീഗിൽ എഫ് സി തൃശ്ശൂരിന്റെ പങ്കാളിത്തം ഉറപ്പായ ദിവസം മുതൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്ത് എതിർ ടീമുകളുടെ കളി കണ്ടു നടന്ന ഒരു കോച്ച് കേരളത്തിലുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പാടാകും. കേരള പ്രീമിയർ ലീഗിനു മുന്നോടിയായ നടന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മുതൽ തന്റെ ടീമിന്റെ പ്രകടനത്തോളം തന്നെ ജാലി എന്ന പരിശീലകൻ എതിർ ടീമുകളുടെ കളിയേയും അറിഞ്ഞു, പഠിച്ചു.

ഒരു കളിക്ക് നമ്മൾ തയ്യറാകേണ്ടത് എതിർ ടീം എങ്ങനെയാണ് എന്നറിഞ്ഞ് കൊണ്ടാവണം എന്ന അടിസ്ഥന തത്വമാണ് ജാലി കേരള പ്രീമിയർ ലീഗിൽ ഫലിപ്പിച്ചത്. കേരള പ്രീമിയർ ലീഗിൽ കളിച്ച 12 മത്സരങ്ങളിൽ 12ലും 12 സ്ട്രാറ്റജിയുമായി എഫ് സി തൃശ്ശൂർ കളത്തിൽ ഇറങ്ങിയതും അതു കൊണ്ടാണ്. ഗോകുലം എഫ് സിക്കെതിരായ സെമി ഫൈനൽ തന്നെയാണ് ഇതിന്റെ എറ്റവും വലിയ ഉദാഹരണം. എന്നാൽ ഒരു ടാക്ടിക്സും നെഗറ്റീവ് ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതാവില്ല എന്നും ജാലിയും എഫ് സി തൃശ്ശൂരും ഉറപ്പും നൽകുന്നു. കളിച്ച 12 മത്സരങ്ങളിൽ വെറും 3 മഞ്ഞ കാർഡുകളെ എഫ് സി തൃശ്ശൂർ താരങ്ങൾ കണ്ടിട്ടുള്ളൂ എന്നത് മതി എഫ് സി തൃശ്ശൂർ കളിക്കുന്ന ഫുട്ബോളിനെ കുറിച്ച് മതിപ്പുണ്ടാക്കാൻ.

നമ്മുക്ക് വേണ്ടത്:

ട്രെയിനിംഗ് കിറ്റടക്കം വെറും 11 ലക്ഷം ബഡ്ജറ്റുള്ള ടീമിനെ വെച്ചാണ് കേരള പ്രീമിയർ ലീഗിൽ ജാലി ഈ അത്ഭുതങ്ങൾ ഒക്കെ കാട്ടിയത്. ശാസ്ത്രീയമായ ട്രെയിനിങുകളും ലോക ഫുട്ബോൾ വിശകലനം ചെയ്തു കിട്ടിയ അറിവുകളുമാണ് ജാലി എന്ന പരിശീലകന്റെ വിജയത്തിന് പിറകിലുള്ള പ്രധാന കാര്യങ്ങൾ.

ഡി ലൈസൻസ് മാത്രമാണ് ജാലി എന്ന പരിശീലകന് സർട്ടിഫിക്കറ്റായി കാണിക്കനുള്ളത്. ലൈസൻസ് വെച്ച് പരിശീലകരെ അളന്നിട്ടു കാര്യമില്ല എന്ന തുടക്കത്തിലെ വാചകത്തിന്റെ അർത്ഥം ഇവിടെയാണ് പൂർണ്ണമാകുന്നത്. ലൈസൻസ് അല്ല ഫുട്ബോളിനായുള്ള ആത്മസമർപ്പണമാണ് ഒരു നല്ല പരിശീലകനെ ഉണ്ടാക്കുന്നത്. നല്ല കളിക്കാരെ ടീമിലെത്തിച്ച് വിജയങ്ങൾ കൊയ്യുന്ന പരിശീലകർ ഉണ്ടാവുന്നതിനേക്കാൾ ക്വാളിറ്റി പ്രൊസസിംഗിന് പ്രാധാന്യം കൊടുത്ത് നാട്ടിലെ കുട്ടികളെ വളർത്തി കൊണ്ടുവരുന്ന ജാലിയെ പോലുള്ള പരിശീലകരാണ് ഉണ്ടാവേണ്ടത്. നോർത്ത് ഈസ്റ്റിനെ ഫുട്ബോൾ ടാലന്റുകളുടെ പറുദ്ദീസ ആക്കിമാറ്റിയ തങ്ബോയ് സിംഗ്ടോയെ നമ്മൾ വാഴ്ത്തുന്നത് പോലെ കേരളത്തെയും നല്ല കളിക്കാരുടെ പറുദ്ദീസ ആക്കുന്ന പരിശീലകർ ഉണ്ടാവട്ടെ.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial