സ്റ്റാംഫോർഡ് ബ്രിഡ്ജ് കടക്കാൻ ഇത്തവണയെങ്കിലും യൂണൈറ്റഡിനാവുമോ ?

- Advertisement -

ഇത്തവണയെങ്കിലും ചെൽസിയെ തോൽപ്പിക്കാൻ യൂണൈറ്റഡിനാവുമോ ? തന്റെ പഴയ തട്ടകത്ത് ഒക്ടോബറിൽ ഏറ്റ നാണം കെട്ട തോൽവിക്ക് മൗറിഞ്ഞോക്ക് കൊണ്ടെയോട് കണക്ക് തീർക്കാനാവുമോ ? വർഷം കുറച്ചായി ചെൽസിക്കെതിരെ യുണൈറ്റഡ് ഒരു ജയം ആഘോഷിച്ചിട്ട്! ഒരുപാട് ചോദ്യങ്ങളുണ്ട് ഇന്ന് ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് കോർട്ടർ ഫൈനലിൽ നേരിടുമ്പോൾ ഉത്തരം ലഭിക്കാൻ.

പ്രീമിയർ ലീഗിൽ കിരീടത്തോട് അടുത്തു നിൽക്കുന്ന ചെൽസിയെ അവരുടെ മൈതാനത്ത് തളക്കുക  എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും കഴിഞ്ഞ 16 ഹോം മാച്ചുകളിൽ 15 ഉം ജയിച്ച ചെൽസി ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ തിളങ്ങി നിൽക്കുന്നു. അതെ സമയം സമ്മിശ്ര പ്രകടനങ്ങളുമായി ലീഗിൽ 6 ആം സ്ഥാനത്തുള്ള യുണൈറ്റഡ് കഴിഞ്ഞ 27 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലെങ്കിലും അതിൽ പലതും ജയിക്കാമായിരുന്ന ടീമുകളുമായി പോലും സമനില ആയിരുന്നു ഫലം.

ലീഗിലും കപ്പ് മത്സരങ്ങളിലുമായി ചെൽസിക്കെതിരെ കളിച്ച അവസാന 11 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ യൂണൈറ്റഡിനായിട്ടില്ല. കൂടാതെ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ അവസാനം കളിച്ച 19 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് ജയിക്കാൻ സാധിച്ചത് , ഇതിൽ 11 മത്സരങ്ങളിലും യുണൈറ്റഡ് തോൽവിയും വഴങ്ങി. പക്ഷെ എഫ് എ കപ്പിലെ മാത്രം കണക്കുകൾ എടുത്താൽ യൂണൈറ്റഡിനാണ് മേധാവിത്വം. അവസാന 11 കളികളിൽ എട്ടിലും ജയം യുണൈറ്റഡിന് ഒപ്പമായിരുന്നു.

ലൂയി വാൻ ഗാലിന് കീഴിൽ കഴിഞ്ഞ വർഷം എഫ് എ കപ്പ് നേടിയ ശേഷം യുണൈറ്റഡിലേക്ക് പോൾ പോഗ്ബയും , മൗറിഞ്ഞോയും എറിക് ബെയ്‌ലിയും ഒക്കെ വന്നു, അതുകൊണ്ടു തന്നെ പണം വാരി എറിഞ്ഞ ഒരു സീസണിൽ കിരീടം നില നിർത്തുക എന്നത് യൂണൈറ്റഡിന്റേയും മൗറീഞ്ഞോയുടെയും അഭിമാനത്തിന്റെ കൂടെ പ്രശ്നമാണ്.

മൗറീഞ്ഞോയുടെ ഇംഗ്ളീഷ് കരിയറിലെ ഏറ്റവും വലിയ തോൽവിയാണു കഴിഞ്ഞ ഒക്ടോബറിൽ യുണൈറ്റഡ് വഴങ്ങിയത്, അന്ന് എതിരില്ലാത്ത 4 ഗോളുകൾക്ക് യുണൈറ്റഡിനെ തകർത്ത അതെ ടീമിനെ തന്നെയാവും ഇത്തവണയും കൊണ്ടേ ഗ്രൗണ്ടിലിറക്കുക. അന്ന് അമിതമായ ആഹ്ലാദപ്രകടനത്തിന്റെ പേരിൽ തന്നെ ആക്ഷേപിച്ച മൗറിഞ്ഞോക്കെതിരെ പ്രകടനം ആവർത്തിച്ചു മറുപടി പറയാനാവും ചെൽസി പരിശീലകന്റെ ശ്രമം.

അതെ സമയം കൂനിന്മേൽ കുരു എന്നപോലെ യുണൈറ്റഡിന് നാളെ ഒരു യഥാർത്ഥ സ്‌ട്രൈക്കർ ഇല്ലാതെയാവും കളത്തിലിറങ്ങേണ്ടി വരിക. കഴിഞ്ഞ ലീഗ് മത്സരത്തിൽ ബേൺമൗത് താരം ടൈറോൺ മിങ്‌സിനെ കൈകൊണ്ടിടിച് കടുത്ത അച്ചടക്ക ലംഘനം നടത്തി ബാൻ നേരിട്ട് പുറത്തിരിക്കുന്ന ഇബ്രാഹിമോവിച്ചിന് പുറമെ ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റ റൂണിയും, അസുഖ ബാധിതരായ മാർക്കസ് രാഷ്‌ഫോർഡ് , ആന്റണി മാർഷ്യൽ എന്നിവർക്കും ഇന്ന് കളിക്കാനാവില്ല.

ചെൽസി നിരയിൽ പ്രമുഖരെല്ലാം കളിക്കാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ എഫ് എ കപ്പ് മത്സരങ്ങളിൽ കൊണ്ടേ വിശ്രമം അനുവദിച്ച ഹസാഡ് , കോസ്റ്റ ,ഡേവിഡ് ലൂയിസ് ,പെഡ്രോ എന്നിവരൊക്കെ തിരിച്ചു വരുന്നതോടെ അതിശക്തമാവുന്ന ചെൽസിയെ തടയാൻ ഇത്തവണ മൗറിഞ്ഞോ തന്റെ അനുഭവ സമ്പത്ത് മുഴുവൻ പുറത്തെടുക്കേണ്ടി വരും.

Advertisement