എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് കൊണ്ടാണ്‌ യുണൈറ്റഡ് മുന്നേറിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്.

ബ്രൂണോ ഫെർണാണ്ടസിനെയും കവാനിയെയും ബെഞ്ചിൽ ഇരുത്തി കൊണ്ട് കളി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ര മികച്ച പ്രകടനമല്ല ഇന്ന് നടത്തിയത്. ആദ്യ പകുതിയിൽ ലിൻഡെലോഫിന്റെ ഒരു ഹെഡർ മാത്രമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച അവസരം. രണ്ടാം പകുതിയിൽ റാഷ്ഫോർഡിന് ഒരു സുവർണ്ണാവസരം കിട്ടി എങ്കിലും കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ഇന്നും റാഷ്ഫോർഡ് ഫിനിഷിങ്ങ് ചെയ്യാൻ മറന്നു.

രണ്ടാം പകുതിയുടെ അവസാനം കവാനിയെയും ബ്രൂണൊയെയും ഇറക്കി എങ്കിലും കാര്യമുണ്ടായില്ല. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലാണ് യുണൈറ്റഡി‌ന് ആദ്യ ഗോൾ നേടാൻ ആയത്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. ലൂക് ഷോ ആരംഭിച്ച കൗണ്ടർ അറ്റാക്കിന് അവസാനം റാഷ്ഫോർഡിന്റെ ഒരു പാസിൽ നിന്ന് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ മക്ടോമിനെ വലയിൽ എത്തിക്കുക ആയിരുന്നു. ഈ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയവും ഉറപ്പിച്ചു.