സാരി ബോൾ എടുത്ത് ഒലെ ഗോളടിച്ചു!! സ്റ്റാംഫോബ്രിഡ്ജ് തകർത്ത് മാഞ്ചസ്റ്റർ ചുവപ്പ് മുന്നോട്ട്!!

- Advertisement -

സാരി ബോളിന് ഒന്നും ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് എഫ് കപ്പിന്റെ അഞ്ചാം റൗണ്ടിൽ സമയം ഉണ്ടായിരുന്നില്ല. സാരിയുടെ പന്ത് കയ്യിൽ വെക്കുന്ന ടാക്ടിക്സിനായി പന്ത് മുഴുവൻ വിട്ടുകൊടുത്ത് ഗോൾ അടിക്കാൻ മാത്രം പന്തെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. എതിരില്ലാത്ത രണ്ട് ഗോൾ വിജയമാണ് ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാൻഫോബ്രിഡ്ജിൽ യുണൈറ്റഡ് സ്വന്തമാക്കിയത്. സർ അലക്സ് ഫെർഗൂസൂണു ശേഷം ആദ്യമായാണ് ചെൽസിയുടെ ഹോമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം വിജയിക്കുന്നത്.

അവസാന മത്സരത്തിൽ പി എസ് ജിയോട് ഏറ്റ പരാജയത്തിന്റെ ക്ഷീണത്തിലായിരുന്നു മാഞ്ചസ്റ്റർ ഇന്ന് ലണ്ടണിൽ എത്തിയത്. മർഷ്യൽ, ലിങാർഡ്, ഡി ഹിയ എന്നിവരൊന്നും ഇന്ന മാഞ്ചസ്റ്റർ നിരയിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും എളുപ്പത്തിൽ വിജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. കളിയുടെ ആദ്യ പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്.

മികച്ച പ്രസിംഗിലൂടെ പന്ത് കൈക്കലാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇടതു വിങ്ങിലൂടെ നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. ഇടതു വിങ്ങിൽ നിന്ന് പോഗ്ബ കൊടുത്ത് ക്രോസിന് തല വെക്കാൻ മിഡ്ഫീൽഡിൽ നിന്ന് ഹെരേര എത്തിയിരുന്നു. ഹെരേര നേടിയ ആ ഗോളോടെ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ടാം ഗോളും നേടി.

ആദ്യ ഗോൾ ഒരുക്കിയത് പോഗ്ബ ആണെങ്കിൽ രണ്ടാം ഗോൾ നേടിയാണ് പോഗ്ബ യുണൈറ്റഡിനെ ക്വാർട്ടറിലേക്ക് എത്തിച്ചത്. വലതുവിങ്ങിൽ നിന്ന് റാഷ്ഫോർഡ് കൊടുത്ത ക്രോസിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെ ആയിരുന്നു പോഗ്ബയുടെ ഗോൾ. രണ്ടാം പകുതിയിൽ നല്ല ഡിഫൻസീവ് ഓർഗനൈസേഷൻ സൂക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് എളുപ്പത്തിൽ തന്നെ വിജയം ഉറപ്പിച്ചു.

കഴിഞ്ഞ സീസൺ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചായിരുന്നു ചെൽസി എഫ് എ കപ്പ് കിരീടം ഉയർത്തിയത്.

Advertisement