എഫ് എ കപ്പിലും കണ്ണീർ, മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

Img 20220205 054256

എഫ് എ കപ്പ് നാലാം റൗണ്ടിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മിഡിൽസ്ബോറോ പരാജയപ്പെടുത്തി. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം. ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആധിപത്യം ആണ് കണ്ടത്. പോൾ പോഗ്ബ പരിക്ക് മാറി എത്തിയത് യുണൈറ്റഡിനെ ഇന്ന് കൂടുതൽ കരുത്തരാക്കി. 20ആം മിനുട്ടിൽ ലീഡ് എടുക്കാ‌ൻ പാകത്തിൽ ഒരു പെനാൾട്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചു.

പോഗ്ബ വാങ്ങി തന്ന പെനാൾട്ടി എടുത്ത റൊണാൾഡോക്ക് പിഴച്ചു. ലക്ഷ്യത്തിലേക്ക് പോലും ആ പന്ത് എത്തിയില്ല. ഇതിനു ശേഷം 25ആം മിനുട്ടിൽ സാഞ്ചോയിലൂടെ യുണൈറ്റഡ് ലീഡ് എടുത്തു. ബ്രൂണോയുടെ പാസിൽ നിന്നായിരുന്നു സാഞ്ചോയുടെ ഗോൾ.

രണ്ടാം പകുതിയിൽ സന്ദർശകർ മെച്ചപ്പെട്ട ഫുട്ബോൾ കാഴ്ചവെച്ചു. അവർ 64ആം മിനുട്ടിൽ ക്രൂക്സിലൂടെ സമനില കണ്ടെത്തി. കളി 1-1 എന്നായതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് വീണ്ടെടുക്കാൻ ആയി പരിശ്രമിച്ചു. പക്ഷെ 90 മിനുട്ടിൽ അത് നടത്താൻ യുണൈറ്റഡിനായില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അവിടെയും കളി ഫലം കണ്ടില്ല.

അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 8-7ന് മിഡിൽസ്ബ്രോ ജയിച്ചു. എലാംഗ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പെനാൾട്ടി നഷ്ടമാക്കിയത്‌.