ടോട്ടൻഹാമിനെ പൊട്ടിച്ച് യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലിൽ

വെംബ്ലിയിൽ നടന്ന എഫ്എ കപ്പിന്റെ ആദ്യ സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ടോട്ടൻഹാം ഹോട്സ്പർസിനെതിരെ ഒരു ഗോളിന് പുറകിൽ നിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഹൊസെ മൗറീൻഹോയുടെ ചുവന്ന ചെകുത്താൻമാർ വെംബ്ലിയിൽ തന്നെ നടക്കുന്ന ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിൽ നാളെ നടക്കുന്ന ചെൽസി – സതാംപ്ടൻ മത്സരത്തിലെ വിജയികളെയാവും യുണൈറ്റഡ് നേരിടുക.

മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ യുണൈറ്റഡിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡെലി അല്ലെ ഗോൾ നേടി സ്പർസിനെ ഞെട്ടിച്ചു. എന്നാൽ 24ആം മിനിറ്റിൽ പോഗ്ബയുടെ ക്രോസിൽ തല വെച്ചു സാഞ്ചസ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ 62ആം മിനിറ്റിൽ, മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ഹെരേര കൂടെ ഗോൾ നേടിയതോടെ യുണൈറ്റഡ് മുന്നിൽ എത്തി. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ സപഴ്‌സ് ശ്രമിച്ചു എങ്കിലും മൗറീൻഹൊയുടെ പ്രതിരോധ പൂട്ട് പൊട്ടിക്കാൻ പൊചെട്ടിനോയുടെ തന്ത്രങ്ങൾക്കായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial