എമിറേറ്റ്സിൽ ഇന്ന് ഒലെ ഗണ്ണർ സോൾഷ്യേറിനു ഗണ്ണേഴ്‌സ് ടെസ്റ്റ്

specialdesk

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ്എ കപ്പിന്റെ നാലാം റൌണ്ട് മത്സരത്തിൽ ഇന്ന് ശക്തരുടെ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച പുലർച്ചെ ആഴ്‌സണലിനെ നേരിടും. ആഴ്‌സനലിന്റെ സ്വന്തം തട്ടകമായ എമിറേറ്റ്സിൽ ആണ് മത്സരം നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ 01.25നു ആണ് കിക്കോഫ്.

കഴിഞ്ഞ മാസം ഓൾഡ് ട്രാഫോഡിൽ നടന്ന ആവേശകരമായ മാഞ്ചസ്റ്റർ യുണൈറ്റഡ് – ആഴ്‌സണൽ പോരാട്ടം 2-2 എന്ന സ്‌കോറിൽ അവസാനിച്ചിരുന്നു. അന്നത്തെ സാഹചര്യങ്ങൾ അല്ല ഇന്ന് ഇരു ടീമുകൾക്കും ഉള്ളത് എന്നത് മത്സരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ജോസേ മൗറീൻഹോക്ക് പകരം ഒലെ വന്നതോടെ മാഞ്ചസ്റ്ററിന്റെ പ്രകടനത്തിൽ തന്നെ കാര്യമായ മാറ്റങ്ങൾ ആണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ ഏഴു വിജയങ്ങളാണ് ഒലെക്ക് കീഴിൽ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്. പക്ഷെ ഓൾഡ് ട്രാഫോഡിലെ പോരാട്ടത്തിന് ശേഷം നാല് മത്സരങ്ങൾ പരാജയപ്പെട്ട ആഴ്‌സണൽ പ്രീമിയർ ലീഗ് ടേബിളിൽ പോയിന്റ് പട്ടികയിൽ യുണൈറ്റഡിന്റെ ഒപ്പമാവുകയും ചെയ്തു.

ഡിഹെയ ഇല്ലാതെയാണ് യുണൈറ്റഡ് എമിറെറ്റസിൽ എത്തുന്നത്, റോമെറോ ആയിരിക്കും വല കാക്കുക. പരിക്കിൽ നിന്നും മുക്തനായ അലക്സിസ് സാഞ്ചസും ഇന്ന് കളിയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ രാഷ്‌ഫോർഡും ഇന്ന് കളിക്കുന്ന കാര്യം സംശയത്തിൽ. ലുകാകു ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. പരിക്ക് മൂലം ബെല്ലറിനും പുറത്തു പോയത് ആഴ്സണലിന്‌ തിരിച്ചടിയാണ്. അതെ സമയം ഹെൻറിക് മിഖിതാര്യാൻ പരിക്ക് മാറി തിരിച്ചെത്തിയത് ആഴ്സണലിന്‌ ആശ്വാസമാകും.