ഇംഗ്ലണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം!! വെംബ്ലിയിൽ ആറാടി ആറാം എഫ് എ കപ്പ്!!!

ഇംഗ്ലീഷ് ഫുട്ബോളിലെ ഈ സീസണിലെ എല്ലാ കിരീടങ്ങളും മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം. ഇന്ന് വെംബ്ലിയിൽ നടന്ന എഫ് എ കപ്പ് ഫൈനൽ ജയിച്ചതോടെ ഇംഗ്ലണ്ടിൽ ട്രിബിൾ നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന ഏകപക്ഷീയമായ ഫൈനലിൽ വാറ്റ്ഫോർഡിനെയാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. കളിയുടെ 26ആം മിനുട്ടിൽ ഡേവിഡ് സിൽവയിലൂടെ ആയിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. സ്റ്റെർലിങിന്റെ പാസിൽ നിന്നായിരു‌നു ഗോൾ. ആ ഗോളിന് പിറകെ സ്റ്റെർലിംഗിലൂടെ സിറ്റി രണ്ടാം ഗോളും നേടി. ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് ജീസുസ്ന്റെ ഒരു ഗോൾ ശ്രമമാണ് സ്റ്റെർലിംഗ് വലയിൽ എത്തിച്ചത്.

രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ഡി ബ്ര്യുയിനിലൂടെ ആയിരുന്നു കപ്പ് ആർക്കെന്ന് പൂർണ്ണമായും ഉറപ്പിച്ച മൂന്നാമത്തെ ഗോൾ വന്നത്. 68ആം മിനുട്ടിൽ ജീസുസും ഗോൾ നേടി. പിന്നീട് അവസാന മിനുട്ടുകളിൽ ഇരട്ട ഗോളുകൾ നേടി സ്റ്റേർലിങ് ഹാട്രിക്കും നേടി. മാഞ്ചസ്റ്റർ സിറ്റിയിടെ ഇംഗ്ലണ്ടിലെ ആധിപത്യ വ്യക്തമാക്കുന്ന വിജയം കൂടിയായി ഇത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ആറാം എഫ് എ കപ്പ് കിരീടമാണിത്. 2011ന് ശേഷം ആദ്യത്തെ എഫ് എ കപ്പും. നേരത്തെ പ്രീമിയർ ലീഗും, ലീഗ് കപ്പും മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നു.