എഫ് എ കപ്പ് ഫൈനൽ ഇന്ന്, വെംബ്ലിയിൽ ലെസ്റ്ററും ചെൽസിയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കപ്പ് പോരാട്ടത്തിന്റെ കലാശകൊട്ട് ഇന്നാണ്. വെംബ്ലിയിൽ നടക്കുന്ന എഫ് എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയും ചെൽസിയും ആണ് നേർക്കുനേർ വരുന്നത്. 15000ത്തോളം കാണികൾ ഇന്ന് വെംബ്ലിയിൽ കളി കാണാൻ എത്തും. കൊറോണ വന്ന ശേഷമുള്ള ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കാണികളാണ് ഇത്. ഇന്ന് തങ്ങളുടെ ആദ്യ എഫ് എ കപ്പ് കിരീടമാണ് ലെസ്റ്റർ ലക്ഷ്യമിടുന്നത്. ഇതിനു മുമ്പ് രണ്ട് തവണ എഫ് എ കപ്പ് ഫൈനലിൽ എത്താൻ ലെസ്റ്ററിന് ആയിട്ടുണ്ട് എങ്കിലും ഇതുവരെ കിരീടം നേടാൻ ആയിരുന്നില്ല. 2016ൽ പ്രീമിയർ ലീഗ് കിരീടം നേടിയതിനു ശേഷം ഒരു കിരീടവും ലെസ്റ്റർ നേടിയിരുന്നില്ല.

ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് എത്തുന്നത് എന്നത് ലെസ്റ്ററിന് ആത്മവിശ്വാസം നൽകും. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ബെഞ്ചിലായിരുന്ന മാഡിസൺ ഇന്ന് ആദ്യ ഇലവനിൽ എത്തും. പരിക്ക് മാറി എവാൻസും ഇന്ന് ലെസ്റ്റർ ടീമിൽ എത്താൻ സാധ്യതയുണ്ട്. ചെൽസി നിരയിൽ കാന്റെയും കൊവാചിചും തിരികെയെത്തിയിട്ടുണ്ട്. ആഴ്സണലിനോട് ഏറ്റ പരാജയത്തിന് പിന്നാലെയാണ് ചെൽസി എത്തുന്നത്. കെപ ആയിരിക്കും ഇന്ന് ചെൽസിയുടെ വല കാക്കുക. പരിശീലകൻ ടൂഹലിന്റെ കീഴിലെ ആദ്യ കിരീടമാണ് ചെൽസി ഇന്ന് ലക്ഷ്യമിടുന്നത്. ഇന്ന് രാത്രി 9.45ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർകിൽ കാണാം.