എഫ്. എ കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ

- Advertisement -

എഫ്.എ കപ്പിൽ അഞ്ചാം റൗണ്ട് മത്സരം മൂന്നാം ഡിവിഷൻ ക്ലബ് ആയ പോർട്ട്സ്മൗത്തിനോട് ജയിച്ച് ആഴ്‌സണൽ അവസാന എട്ടിലേക്ക് മുന്നേറി. എതിരില്ലാത്ത 2 ഗോളുകൾക്ക് ആയിരുന്നു ആഴ്‌സണൽ ജയം. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയ ആഴ്‌സണൽ യുവ നിരയും ആയി ആണ് കളത്തിൽ ഇറങ്ങിയത്. മത്സരത്തിലൂടെ ഈ ജനുവരിയിൽ ടീമിൽ എത്തിയ സ്പാനിഷ് പ്രതിരോധനിര താരം പാബ്ലോ മാരി ആഴ്‌സണലിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തുടക്കത്തിൽ ആതിഥേയർ മികച്ച പ്രകടനം പുറത്ത് എടുത്തപ്പോൾ ആഴ്‌സണൽ പരുങ്ങി. കൂടാതെ 15 മിനിറ്റിൽ ലൂക്കാസ് ടൊറേറ പരിക്കേറ്റു പുറത്തായത് ആഴ്‌സണലിന് തിരിച്ചടി ആയി.

എന്നാൽ പകരക്കാരൻ ആയി വന്ന സെബയോസ്, നെൽസൻ എന്നിവർ മധ്യനിരയിൽ മത്സരം കയ്യിലെടുത്തതോടെ ആഴ്‌സണൽ മത്സരത്തിൽ ആധിപത്യം നേടി. ഇതിന്റെ ഫലം ആയിരുന്നു ആദ്യ പകുതിയുടെ അവസാന നിമിഷം നെൽസന്റെ ക്രോസിൽ സോക്രട്ടീസ് നേടിയ ഗോൾ. മികച്ച ഒരു ഷോട്ടിലൂടെ ആണ് ഗ്രീക്ക് താരം എതിരാളികളുടെ വല കുലുക്കിയത്. തുടർന്ന് രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ നെൽസന്റെ ക്രോസിൽ ഗോൾ നേടിയ യുവതാരം എഡി നെകിതിയ ആഴ്‌സണൽ ജയം ഉറപ്പിച്ചു. തുടർന്ന് വലിയ പരിക്ക് ഇല്ലാതെ അനായാസം ആഴ്‌സണൽ മത്സരം പൂർത്തിയാക്കി. യൂറോപ്പ ലീഗിൽ നിന്ന് കഴിഞ്ഞ ആഴ്ച പുറത്തായ ആഴ്‌സണലിന് ഈ ജയം ആശ്വാസം പകരും.

Advertisement