ഇന്ന് എഫ്എ കപ്പ് ഫൈനൽ; വെംബ്ലിയിൽ യുണൈറ്റഡ് – ചെൽസി പോരാട്ടം

- Advertisement -

എമിറേറ്റ്‌സ് എഫ്എ കപ്പിൽ ഇന്ന് ഫൈനൽ പോരാട്ടം. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ചെൽസിയെ ആണ് നേരിടുക. ഹൊസെ മൗറീനോക്കും അന്റോണിയോ കോണ്ടേക്കും മത്സരം ജയിക്കുക എന്നത് നിർണായകമായതിനാൽ വെംബ്ലിയിൽ പൊടിപാറും എന്നുറപ്പാണ്.

ഒരു ശരാശരി സീസണ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്രാവശ്യം ഉണ്ടായത്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുണൈറ്റഡിന് എഫ്എ കപ്പെങ്കിലും നേടുക എന്ന ഒരൊറ്റ ലക്ഷ്യമാണ് മുന്നിലുളളത്. മുന്നേറ്റ നിരയിൽ ലുകാക്കു ഇറങ്ങുമോ എന്ന കാര്യം സംശയത്തിൽ ആണ്. മാർഷ്യലിനോ റാഷ്ഫോഡിനോ ആയിരിക്കും മുന്നേറ്റത്തിന്റെ ചുമതല. സ്പർസിനെ തോൽപ്പിച്ചാണ് യുണൈറ്റഡ് ഫൈനലിൽ എത്തിയത്. സ്പർസിനെതിരെ എടുത്ത പോരാട്ട വീര്യം യുണൈറ്റഡ് കാണിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ ചെൽസിക്ക് മാനം രക്ഷിക്കാനുള്ള അവസാന അവസരമാണ് എഫ്എ കപ്പ്. എഫ്എ കപ്പെങ്കിലും വിജയിചില്ല എങ്കിൽ കൊണ്ടേയുടെ സ്ഥാനം തെറിക്കും എന്നുള്ളതിനാലും മെയ്മറന്നു പോരാടാനാവും ചെൽസി ഇറങ്ങുക. ഫോമിലല്ലാത്ത മൊറാട്ടക്ക് പകരം ജിറൂഡിന് തന്നെയായിരിക്കും ആക്രമണത്തിന്റെ ചുമതല കോണ്ടേ നൽകുക.

ഹൊസെ മൗറീനോയുടെ കഴിഞ്ഞ 13 സീസണുകളിൽ രണ്ടു തവണ മാത്രമാണ് ഒരു കിരീടം എങ്കിലും നേടാതെ അവസാനിച്ചിട്ടുള്ളത്‌. അന്റോണിയോ കോണ്ടേ ക്ലബ് ലെവലിൽ പരിശീലിപ്പിച്ച കഴിഞ്ഞ നാലു സീസണുകളിലും കിരീടം നേടിയിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 9.45ന് ആണ് കിക്കോഫ്. മത്സരങ്ങൾ സോണി ടെൻ 1, സോണി ടെൻ 3 എന്നീ ചാനലുകളിൽ തത്സമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement