മൗറിഞ്ഞോക്ക് മറുപടി കൊടുത്ത് ചെൽസി എഫ് കപ്പ് സെമിയിൽ

- Advertisement -

സൂപ്പർ കോച്ചുകളുടെ എഫ് എ കപ്പ്  ക്വാർട്ടർ പോരാട്ടത്തിൽ ചെൽസിക്ക് ജയം. സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ  ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡിനെ തോൽപിച്ചു ചെൽസി എഫ് എ കപ്പ് സെമി ഫൈനലിൽ സ്ഥാനംനേടി.  കന്റെയാണ് ചെൽസിക്ക് വേണ്ടി വിജയ ഗോൾ നേടിയത്.

ടോട്ടൻഹാമും ലിവർപൂളും ചെൽസിക്കതിരെ വിജയകരമായി പരീക്ഷിച്ച പ്രെസ്സിങ് കളിയാണ് യുണൈറ്റഡ് ആദ്യം മുതൽ കളിച്ചത്. ആദ്യ 15 മിനുട്ടിൽ കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ഇരു ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ചെൽസിയെ മികച്ച അവസരങ്ങൾ സൃഷ്ട്ടിക്കുന്നതിൽ നിന്ന് തടയാനും യൂണൈറ്റഡിനായി. പതുകെ മത്സരത്തിലേക്ക് തിരിച്ചു വന്ന ചെൽസി  15ആം മിനുട്ടിൽ ഹസാർഡിന്റെ മികച്ച മുന്നേറ്റത്തിൽ  ഗോളെന്നുറച്ച ഒരു ഷോട്ട് ഡിഗിയ മികച്ചൊരു സേവിലൂടെ രക്ഷപെടുത്തി. തുടർന്ന് വന്ന കോർണറിൽ കാഹിലിന്റെ മികച്ചൊരു ഷോട്ടും ഡിഗിയ രക്ഷപെടുത്തി. മികച്ച ഫോമിലായിരുന്നു ഹസാർഡിനെ തടായാൻ  യുണൈറ്റഡ് താരങ്ങൾ പല തവണ ഫൗൾ ചെയ്തു.

രണ്ടാം മഞ്ഞ കാർഡ് കണ്ട ആന്ദ്രേ ഹെരേരയെ യുണൈറ്റഡിന്  35ആം മിനുട്ടിൽ  നഷ്ടമായി. ഇതോടെ യുണൈറ്റഡ് കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങി. അവസാന മണിക്കൂർ മുഴുവൻ യുണൈറ്റഡ് 10പേരുമായാണ്‌  കളിച്ചത്.   20ആം മിനുട്ടിലാണ്  ഹസാർഡിനെ ഫൗൾ ചെയ്തതിനു ആദ്യ മഞ്ഞ കാർഡ് കണ്ടത്.  ഹസാർഡിനെ തന്നെ വീണ്ടും ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി ഹെരേരക്കു രണ്ടാമത്തെ മഞ്ഞ കാർഡ് കാണിക്കുകയായിരുന്നു. 10 പേരായി ചുരുങ്ങിയതോടെ മിഖിത്താരിയനെ പിൻവലിച്ച് ഫെല്ലെയ്‌നിയെ ഇറക്കി യുണൈറ്റഡ് പ്രധിരോധം ശക്തമാക്കി.

ഗ്രൗണ്ടിൽ മത്സരം കടുത്തതായതോടെ ടച്ച് ലൈനിൽ കോച്ചുമാർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായി. അലോൺസോയെ വലൻസിയ ഫൗൾ ചെയ്തതിനെ തുടർന്നാണ് കോന്റെയും മൗറിഞ്ഞോയും വാക്കു തർക്കത്തിൽ ഏർപ്പെട്ടത്.

കളിയുടെ 51ആം മിനുട്ടിൽ  കന്റെയാണ് ചെൽസിയുടെ വിജയ  ഗോൾ നേടിയത്. പെനാൽറ്റി ബോക്സിനു പുറത്തു നിന്ന് തൊടുത്ത ഷോട്ട് ഡി ഗിയയെ കീഴ്‌പ്പെടുത്തി വലയിൽ പതിക്കുകയായിരുന്നു. 59ആം മിനുട്ടിൽ റാഷ്‌ഫോർഡിന് മത്സരം സമനിലയിലാക്കാനുള്ള മികച്ച ഒരു അവസരം ലഭിച്ചങ്കിലും ക്വർട്ടയുടെ മികച്ച സേവ് യുണൈറ്റഡിന് ഗോൾ നിഷേധിച്ചു. ഡേവിഡ് ലൂയിസിന്റെ പിഴവിൽ നിന്ന് കിട്ടിയ അവസരമാണ് റാഷ്‌ഫോർഡ് നഷ്ടപ്പെടുത്തിയത്.

ഒരു ഗോളിന്റെ മുൻതൂക്കം ചെൽസി നേടിയതോടെ മത്സരത്തിന്റെ പൂർണ നിയന്ത്രണം ചെൽസിയുടെ കൈകളിലായിരുന്നു. നിരന്തരം അവസരങ്ങൾ ചെൽസി സൃഷിട്ടിച്ചെങ്കിലും യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയെ പരീക്ഷിക്കാൻ പാകത്തിൽ ഉള്ളതൊന്നും ചെൽസിയുടെ ഭാഗത്തുനിന്നുണ്ടായില്ല.  വില്യന്റെ ഒന്ന് രണ്ടു ശ്രമങ്ങൾ  യുണൈറ്റഡ് ഗോൾ മുഖം വിറപ്പിച്ചെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞുനിന്നു.

അവസാന മിനുറ്റുകളിൽ ഗോൾ നേടാൻ യുണൈറ്റഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം മികച്ചു നിന്നു.  എഫ് എ കപ്പ് സെമിയിൽ ചെൽസി ടോട്ടൻഹാമിനെയും മാഞ്ചസ്റ്റർ സിറ്റി ആഴ്‌സനലിനെയും നേരിടും.

Advertisement