
എവർട്ടൻ പരിശീലകൻ റൊണാൾഡ് കൂമാനെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് പുറത്താക്കി. പ്രീമിയർ ലീഗിലെ യൂറോപ്പ ലീഗിലും ടീം തുടരുന്ന മോശം പ്രകടനമാണ് ഡച്ചുകാരന്റെ ജോലി തെറിപ്പിച്ചത്. നിലവിൽ പ്രീമിയർ ലീഗിൽ 18 ആം സ്ഥാനത്താണ് എവർട്ടൻ. ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റെർ ഹാൻഡിൽ വഴിയാണ് എവർട്ടൻ കുമാനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. ക്ലബ്ബിന്റെ ബോർഡും പുതിയ ഉടമ ഫഹദ് മോഷിറിയും കൂമാന്റെ കഴിഞ്ഞ 16 മാസത്തെ സേവനങ്ങൾക്കും നന്ദി അറിയിച്ചതായും ട്വീറ്റിലുണ്ട്.
കഴിഞ്ഞ സീസണിൽ 7 ആം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ ധാരാളം പണം ചിലവഴിച്ച എവർട്ടൻ പക്ഷെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. റൂണി, സിഗേഴ്സണ്, ക്ലാസ്സൻ, മൈക്കൽ കീൻ അടക്കം ഏതാനം മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും എവർട്ടൻ ആദ്യ 9 മത്സരങ്ങളിൽ 5 എണ്ണത്തിലും തോറ്റു നിലവിൽ റലഗേഷൻ സോണിലാണ്. ഈ ആഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആഴ്സണലിനോട് സ്വന്തം മൈതാനത്ത് 2-5 ന്റെ കനത്ത തോൽവിയും വഴങ്ങിയതോടെ കൂമാന്റെ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. കൂമാന് സ്വന്തം ജോലി കാക്കാൻ ബുധനാഴ്ച കാരബാവോ കപ്പിൽ ചെൽസിയുമായുള്ള മത്സരം വരെ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രധാന ശക്തിയായിരുന്ന റൊമേലു ലുകക്കുവിന് പകരം ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കാനാവാതെ പോയതും കൂമാന്റെ ടീമിന്റെ പ്രകടനത്തിൽ നിർണായകമായി.
2016 ഇൽ സൗത്താംപ്ടൻ പരിശീലക സ്ഥാനം രാജിവെച്ചാണ് കൂമാൻ റ്റോഫീസിന്റെ പരിശീലക സ്ഥാനം റോബർട്ടോ മാർടീനസിൽ നിന്ന് ഏറ്റെടുത്തത്. നേരത്തെ ക്രിസ്റ്റൽ പാലസ് പരിശീലകൻ ഫ്രാൻക് ഡി ബോയറിനും ജോലി നഷ്ടമായതോടെ ലീഗിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ഡച് പരിശീലകനായി കൂമാൻ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial