
യുവേഫയുടെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള നാമനിർദ്ദേശ പട്ടികയുടെ അവസാന റൗണ്ടിൽ മെസ്സിയും റൊണാൾഡോയും ബുഫണും. ഓഗസ്റ്റ് 24ന് മൊണാക്കോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടക്കുന്ന ചടങ്ങിൽവെച്ച് ആരാണ് യൂറോപ്പിലെ മികച്ച താരമെന്നത് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു യൂറോപ്പിലെ മികച്ച കളിക്കാരൻ.
ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും പങ്കെടുത്ത 80 കോച്ചുമാരും 55 പത്ര പ്രവർത്തകരും ചേർന്നാണ് അവസാന റൗണ്ടിലുള്ള മൂന്ന് പേരെ തെരെഞ്ഞെടുത്തത്. ബാഴ്സിലോണയുടെയും അര്ജന്റീനയുടെയും സൂപ്പർ താരം മെസ്സി 2010-11ലും 2014-15ലും ഇതിന് മുൻപ് ഈ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സിലോണക്ക് വേണ്ടി 54 ഗോളുകൾ നേടിയ മെസ്സി അവർക്ക് കോപ്പ ഡെൽ റേ കിരീടം നേടികൊടുക്കുകയും ചെയ്തു. പോർചുഗലിന്റെയും റയൽ മാഡ്രിഡിന്റെയും താരം റൊണാൾഡോ 2013-14ലിലും കഴിഞ്ഞ വർഷവും വിജയിയായിരുന്നു. റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് നേടി കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച റൊണാൾഡോക്ക് തന്നെയാണ് കൂടുതൽ സാധ്യത കല്പിക്കപെടുന്നത്.
യുവന്റസിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിക്കുകയും ഇറ്റലിയിൽ ഇരട്ട കിരീടം നേടി കൊടുക്കുകയും ചെയ്തതാണ് 39കാരനായ ബുഫൺ റൊണാൾഡോക്കും മെസ്സിക്കുമൊപ്പം യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്താനുള്ളവരുടെ അവസാന ലിസ്റ്റിലെത്തിച്ചത്.
ഇംഗ്ലണ്ടിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ഇബ്രാഹിമോവിച്ച് മാത്രമാണ് ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ ഇടം നേടിയത്.
ആദ്യ പത്ത് സ്ഥാനത്തുള്ള മറ്റു കളിക്കാർ.
4- ലുക്കാ മോഡ്രിച്ച് ( റയൽ മാഡ്രിഡ് )
5- ടോണി ക്രൂസ് ( റയൽ മാഡ്രിഡ് )
6- പൗളോ ഡിബാല ( യുവന്റസ് )
7- സെർജിയോ റാമോസ് ( റയൽ മാഡ്രിഡ് )
8- എംബാപ്പെ (മൊണാകോ)
9- റോബർട്ട് ലെവെൻഡോസ്കി ( ബയേൺ മ്യൂണിക് )
10- ഇബ്രാഹിമോവിച്ച് ( മാഞ്ചസ്റ്റർ യുണൈറ്റഡ് )
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial