“വിജയങ്ങൾ ഉറപ്പു നൽകുന്ന, പരാജയ ഭീതി വേണ്ടാത്ത ഒന്നും കായിക ഇനമായി അംഗീകരിക്കാൻ ആവില്ല” ഗ്വാർഡിയോള

യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിച്ച് പെപ് ഗ്വാർഡൊയോള. ഇങ്ങനെ ഒരു ലീഗിലേക്ക് എത്തിയത് എങ്ങനെ ആണെന്ന് സൂപ്പർ ലീഗിന്റെ പ്രസിഡന്റ് ഒന്ന് എല്ലാവരെയും പറഞ്ഞു മനസിലാക്കണം എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു. വിജയങ്ങൾ ഉറപ്പു നൽകുന്ന പരാജയപ്പെട്ടാൽ ഒന്നും സംഭവിക്കാത്ത ഒരു കാര്യത്തെയും സ്പോർട്സ് ആയി അംഗീകരിക്കാൻ ആകില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

പരിശ്രമങ്ങളും വിജയങ്ങളുമായി ബന്ധമില്ല എങ്കിൽ അത് സ്പോർട് അല്ല, പരാജയപ്പെട്ടാൽ ഒന്നും സംഭവിക്കില്ല എങ്കിൽ അത് സ്പോർട് അല്ല. എന്നും ഏറ്റവു മികച്ച മത്സരങ്ങളും ടൂർണമെന്റും വേണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകൾക്ക് യോഗ്യത നേടാൻ ആവില്ല എങ്കിൽ അത് ശരിയല്ല. പെപ് പറഞ്ഞു. നാലു ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള അയാക്സ് സൂപ്പർ ലീഗിൽ ഇല്ലാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണം എന്നും പെപ് പറഞ്ഞു.

സൂപ്പർ ലീഗിനെ കുറിച്ച് സംസാരിക്കാനില്ല എന്ന് സിദാൻ

വിവാദമായി കൊണ്ടിരിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ചുള്ള് ചോദ്യങ്ങളിൽ നിന്ന് സിദാൻ ഒഴിഞ്ഞു മാറി. സൂപ്പർ ലീഗിനെ കുറിച്ച് സംസാരിക്കാനില്ല എന്നും സൂപ്പർ ലീഗ് തന്റെ വിഷയമല്ല എന്നും ക്ലബ് പ്രസിഡന്റ് ആണ് ഈ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് എന്നും സിദാൻ പറഞ്ഞു. റയൽ മാഡ്രിഡ് പ്രസിഡന്റായ പെരസ് ആണ് സൂപ്പർ ലീഗ് ആശയത്തിനു പിറകിൽ.

എല്ലാവർക്കും ഈ വിഷയത്തിൽ അഭിപ്രായം ഉണ്ടാകും എന്നും എന്നാൽ താൻ ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത് വരാനുള്ള മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗിലും ആണെന്നും സിദാൻ പറഞ്ഞു. ലിവർപൂൾ പരിശീലകൻ ക്ലോപ്പ് ഒക്കെ പരസ്യമായി സൂപ്പർ ലീഗിനെ തള്ളുമ്പോൾ ആണ് സിദാൻ മൗനം പാലിക്കുന്നത്.

“സൂപ്പർ ലീഗ് തുടങ്ങിയവർ അതിനുള്ള പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരും” ഫിഫ പ്രസിഡന്റ്

യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തിന് ഫിഫയും എതിരാണ് എന്ന് ഫിഫ പ്രസിഡന്റ് ഇൻഫന്റീനോ. സൂപ്പർ ലീഗ് തുടങ്ങിയത് ഫിഫയുടെ ചട്ടങ്ങൾക്കും ആശയങ്ങൾക്കും എതിരാണെന്നും ഫിഫ സൂപ്പർ ലീഗിനെ ഒരിക്കലും അംഗീകരിക്കില്ല എന്നും ഇൻഫന്റീനോ പറഞ്ഞു. ഇത് ആരംഭിച്ചവർ ഇതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരും. അവർ തുടങ്ങിയതിന് അവർ മാത്രമാണ് ഉത്തരാവാദികൾ. അദ്ദേഹം പറഞ്ഞു.

സൂപ്പർ ലീഗിൽ കളിക്കുന്നവർക്ക് അതിൽ മാത്രം കളിക്കാം എന്നും രണ്ടു സ്ഥലത്തും നിൽക്കുന്നത് നടപ്പാകില്ല എന്നും ഇൻഫന്റീനോ പറഞ്ഞു. ഇവർ ഒരു അടഞ്ഞു കിടക്കുന്ന കടയാണ് ആരംഭിക്കുന്നത് എന്നും ഇത് ലീഗുകളെയും മറ്റു ടൂർണമെന്റുകളുടെയും സന്തുലിതാവസ്ഥ ഇല്ലാതാക്കും എന്നും ഇൻഫന്റീനോ പറഞ്ഞു. ചെറിയ സാമ്പത്തിക നേട്ടത്തിനു വേണ്ടി ഇവർ നഷ്ടപ്പെടുത്തുന്നത് വലിയ കാര്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.

“യുവേഫക്ക് സൂപ്പർ ലീഗിന്റെ പേരിൽ താരങ്ങളെ വിലക്കാനാവില്ല”

കഴിഞ്ഞ ദിവസം യൂറോപ്പിലെ വമ്പൻ ടീമുകൾ ചേർന്ന് പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്നതിന്റെ പേരിൽ യുവേഫക്ക് താരങ്ങളെ വിലക്കാൻ കഴിയില്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റും യൂറോപ്യൻ സൂപ്പർ ലീഗിന്റെ മുഖ്യ സൂത്രധാരനുമായ ഫ്ലോരെന്റിനോ പെരസ്. യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുത്താൽ താരങ്ങളെ ലോകകപ്പിലും നിന്നും യൂറോ കപ്പിലും നിന്നും വിലക്കുമെന്ന യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പെരസ്.

ഫുട്ബോളിനെ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ യൂറോപ്യൻ സൂപ്പർ ലീഗിന് തുടക്കം കുറിച്ചതെന്നും ഫുട്ബോളിന്റെ നിലനിൽപിന് ഇത് ആവശ്യമാണെന്നും പെരസ് പറഞ്ഞു. യൂറോപ്പിലെയും സ്പെയിനിലെയും വമ്പൻ ക്ലബികൾ നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ റയൽ മാഡ്രിഡിന്റെ നഷ്ട്ടം 400 മില്യൺ ആണെന്നും പെരസ് പറഞ്ഞു. ടെലിവിഷൻ സംപ്രേഷണത്തിലൂടെ മാത്രം വരുമാനം വരുന്ന ഈ സമയത് കൂടുതൽ മികച്ച മത്സരങ്ങൾ ഒരുക്കി വരുമാനം കൂട്ടുക മാത്രമാണ് വഴിയെന്നും പെരസ് കൂട്ടിച്ചേർത്തു. 2020ൽ തന്നെ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനാണ് ശ്രമം എന്നും പെരസ് പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ക്ലബ് വിറ്റ് രാജ്യം വിടണം” – ഗാരി നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്ക് എതിരെ ആഞ്ഞടിച്ച് യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ. സൂപ്പർ ലീഗിലെ ചേരാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ തീരുമാനം ആണ് നെവിലിനെ ചൊടുപ്പിച്ചത്. ഇത്ര കാലവും താൻ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബത്തെ കുറിച്ച് നിശബ്ദത പാലിക്കുക ആയിരുന്നു. അവർ ക്ലബിനെ നശിപ്പിച്ച് കൊണ്ടിരിക്കുക ആണെങ്കിലും ഫുട്ബോളും ആരാധകരും എങ്കിലും ബാക്കി ഉണ്ടായിരുന്നു. എന്നാൽ പുതിയ തീരുമാനം അതും ഇല്ലാതെ ആക്കും എന്ന് നെവിൽ പറഞ്ഞു.

ഗ്ലേസേഴ്സ് ചെയ്യുന്നത് ക്രിമനൽ കുറ്റം ആണെന്ന് നെവിൽ പറഞ്ഞു. ആരാധകരും താരങ്ങളും ഒക്കെ ഈ നീക്കത്തിന് എതിരെ പ്രതികരിക്കണം. ഇത് നടക്കാതെ നോക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന ക്ലബുകൾക്ക് ഒന്നും സംഭവിക്കാൻ പോകാത്ത അവർക്ക് റിലഗേഷൻ ഇല്ലാത്ത ഒരു ടൂർണമെന്റ് തുടങ്ങുന്നത് കൊണ്ട് ഫുട്ബോളിന്റെ സത്യസന്ധത ആണ് ഇവർ ഇല്ലാതെയാക്കുന്നത് എന്നും നെവിൽ പറഞ്ഞു. ഗ്ലേസേഴ്സ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിറ്റ് രാജ്യം വിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഗവണ്മെന്റുകളും ഫുട്ബോൾ അസോസിയേഷനുകളും എല്ലാം യുവേഫക്ക് ഒപ്പം”

യൂറോപ്യൻ സൂപ്പർ ലീഗ് യാഥാർത്ഥ്യമാകരുത് എന്നും ഇത് ഫുട്ബോളിനെ തന്നെ നശിപ്പിക്കുന്ന നീക്കമാണ് എന്നും യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ. ചില ക്ലബുകളുടെ ആർത്തി മാത്രമാണ് സൂപ്പർ ലീഗ് എന്ന ആശയത്തിനു പിറകിൽ ഉള്ളത് എന്ന് അലക്സാണ്ടർ പറയുന്നു. മൊത്തം ഫുട്ബോൾ അസോസിയേഷനുകൾ മാത്രമല്ല എല്ലാ രാജ്യത്തെയും ഗവണ്മെന്റുകളും യുവേഫക്ക് ഒപ്പം ആണ് ഈ വിഷയത്തിൽ എന്ന് അദ്ദേഹം പറഞ്ഞു.

ഫുട്ബോളിനെ സ്നേഹിക്കുന്നവർ എല്ലാവരും ഒരുമിച്ച് ഈ നീക്കത്തെ പരാജയപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബുകളും താരങ്ങളും വിലക്ക് നേരിടും. താരങ്ങൾക്ക് പിന്നെ രാജ്യത്തിനു വേണ്ടി പോലും കളിക്കാൻ ആകില്ല അദ്ദേഹം പറഞ്ഞു. താരങ്ങളും പരിശീലകരും ഒക്കെ സൂപ്പർ ലീഗിനെതിരെ രംഗത്തു വരണം എന്നും യുവേഫ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഫുട്ബോൾ ജനങ്ങളിൽ നിന്ന് എടുക്കാൻ ആരെയും സമ്മതിക്കില്ല എന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.

ഫുട്ബോളിനെ രക്ഷിക്കാൻ വേണ്ടിയാണ് സൂപ്പർ ലീഗ് എന്ന് പെരസ്

സമ്പന്ന ക്ലബുകളെ കൂടുതൽ സമ്പന്നരാക്കാൻ ആണ് യൂറോപ്യൻ സൂപ്പർ ലീഗ് വരുന്നത് എന്ന വിമർശനങ്ങളെ തള്ളി റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. യൂറോപ്യൻ സൂപ്പർ ലീഗ് ആശയത്തിന്റെ പിറകിലെ പ്രധാന തലയാണ് പെരസ്. സമ്പന്നർക്ക് വേണ്ടിയല്ല സൂപ്പർ ലീഗ് വരുന്നത് എന്നും ഫുട്ബോളിനെ സംരക്ഷിക്കാൻ വേണ്ടിയാണ് സൂപ്പർ ലീഗ് വരുന്നത് എന്നും പെരസ് പറഞ്ഞു. ഫുട്ബോൾ നിലനിൽക്കണം എങ്കിൽ സൂപ്പർ ലീഗ് വന്നേ പറ്റൂ എന്ന് അദ്ദേഹം പറയുന്നു.

ക്ലബുകൾ എല്ലാം സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ ക്ഷണം പെട്ടെന്ന് സ്വീകരിച്ചത് അവരുടെ ഒക്കെ സാമ്പത്തിക സ്ഥിതി പരിതാപകരമായത് കൊണ്ടാണ് പെരസ് പറഞ്ഞു. ഫുട്ബോളൊലെ യുവേഫയുടെ ഏകാധിപത്യം അവസാനിപ്പിക്കേണ്ടതുണ്ട് എന്നും അവർ ആണ് ഫുട്ബോൾ കൊണ്ട് പണം ഉണ്ടാക്കുന്നത് എന്നും പെരസ് പറഞ്ഞു. പി എസ് ജിയെയും ജർമ്മൻ ക്ലബുകളെയും ഇതുവരെ സൂപ്പർ ലീഗിലേക്ക് ക്ഷണിച്ചിട്ടില്ല എന്നും അടുത്ത് തന്നെ അവരും ഒപ്പം വരും എന്നും പെരസ് പറഞ്ഞു.

സ്വപ്നങ്ങൾ പണം കൊടുത്ത് വാങ്ങാൻ ആവില്ല, സൂപ്പർ ലീഗിന് എതിരെ ബ്രൂണോയും

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ ഫുട്ബോൾ താരങ്ങൾ ഒക്കെ രംഗത്തു വരികയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസും സൂപ്പർ ലീഗിന് എതിരെ പ്രതികരിച്ചിരിക്കുകയാണ്. സൂപ്പർ ലീഗിനെ എതിർത്തു കൊണ്ട് വോൾവ്സ് താരം പൊഡെൻസ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയെ ക്വോട്ട് ചെയ്തു കൊണ്ടായിരുന്നു ബ്രൂണോയുടെ പ്രതികരണം.

സ്വപ്നങ്ങൾ പണം നൽകി വാങ്ങാൻ ആകില്ല എന്ന സന്ദേശവും ബ്രൂണോ ആ സ്റ്റോറിയിൽ നൽകി. പൊഡെൻസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചാമ്പ്യൻസ് ലീഗിന്റെ മനോഹര നിമിഷങ്ങളെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. “The Ball. The Song. The Dream. Zidane’s volley… Kaka’s Solo… Liverpool In Athens… Ole in Barcelona… Cris and Seedorf… പൊഡെൻസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ബ്രൂണോ ഫെർണാണ്ടസും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയറും ടീം മീറ്റിംഗിൽ സൂപ്പർ ലീഗിനെ എതിർത്തു എന്നും വാർത്തകൾ ഉണ്ട്.

“ചെറിയ മനുഷ്യരുടെ സ്വപ്നങ്ങൾ ആണ് സൂപ്പർ ലീഗിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്” – ഡാനി ആൽവസ്

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ ബ്രസീലിയൻ താരം ഡാനി ആൽവസും രംഗത്ത്. ഫുട്ബോൾ എന്നും എന്നും ജീവിതങ്ങൾ മാറ്റിമറിക്കുന്ന ഒരു കായിക ഇനം ആയിരുന്നു. അങ്ങനെ തന്നെ അത് തുടരണം. ആൽവസ് പറഞ്ഞു. സൂപ്പർ ലീഗ് ഫുട്ബോളിന് നല്ലതല്ല എന്ന് ആൽവസ് പറഞ്ഞു. സൂപ്പർ ലീഗ് സമ്പന്ന ക്ലബുകളെ കൂടുതൽ സമ്പന്നരാക്കുകയെ ചെയ്യൂ എന്നാണ് ഫുട്ബോൾ ലോകത്ത് നിന്ന് ആകെ ഉയരുന്ന വിമർശനം. ഇതു തന്നെയാണ് ആൽവസും പറയുന്നത്.

ചെറിയ മനുഷ്യരും ചെറിയ ക്ലബുകളും സ്വപ്നം കാണുന്നത് സ്വപനങ്ങൾ സാക്ഷാത്കരിക്കുന്നതും ഫുട്ബോൾ വഴിയാണ്. വലിയവർ ചേർന്ന് ചെറിയവർ വലിയ സ്വപ്നം കാണുന്നത് ഇല്ലാതാക്കാരുത് എന്ന് ആൽവസ് പറഞ്ഞു. ആൽവസിന്റെ മുൻ ക്ലബുകളായ ബാഴ്സലോണയും യുവന്റസും യൂറോപ്യൻ സൂപ്പർ ലീഗിന്റെ ഭാഗമാണ്.

“സൂപ്പർ ലീഗ് നടക്കരുത് എന്നാണ് ആഗ്രഹം”

ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയമായ യൂറോപ്യൻ സൂപ്പർ ലീഗ് നടക്കരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ലിവർപൂൾ മധ്യനിര താരം ജെയിംസ് മിൽനർ. താൻ സൂപ്പർ ലീഗ് ഇഷ്ടപ്പെടുന്നില്ല എന്നും ഇത് നടക്കാതിരിക്കട്ടെ എന്നും മിൽനർ പറഞ്ഞു. ഇന്നലെ ലീഡ്സ് യുണൈറ്റഡുമായുള്ള മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു താരം.

സൂപ്പർ ലീഗ് ആണ് ചർച്ചാ വിഷയം എങ്കിലും കളിക്കാർ എല്ലാവരും കളിയിലേക്ക് മാത്രം ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് മിൽനർ പറഞ്ഞു. കളിക്കാർ ഈ വിഷയത്തിൽ യാതൊരു പങ്കാളിത്തവും ഇല്ലായെന്നും മിൽനർ പറഞ്ഞു. ലിവർപൂൾ പരിശീലകൻ ക്ലോപ്പും സൂപ്പർ ലീഗിനെതിരെ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

സൂപ്പർ ലീഗിനെ കുറിച്ചുള്ള തന്റെ അഭിപ്രായത്തിൽ മാറ്റം വന്നിട്ടില്ലെന്ന് യർഗൻ ക്ലോപ്പ്

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ തുടങ്ങിയ യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ചുള്ള തന്റെ അഭിപ്രായത്തിൽ മാറ്റം വന്നിട്ടില്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നേരത്തെ 2019ൽ ലിവർപൂൾ പരിശീലകനായ ക്ലോപ്പ് സൂപ്പർ ലീഗിനെതിരെ സംസാരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ക്ലോപ്പിന്റെ ക്ലബായ ലിവർപൂൾ അടക്കം യൂറോപ്യൻ സൂപ്പർ ലീഗിൽ ചേർന്നിട്ടും തന്റെ അഭിപ്രായം പഴയത് തന്നെയാണെന്ന് ക്ലോപ്പ് പറഞ്ഞു.

2019ലാണ് സൂപ്പർ ലീഗിനെതിരെ അഭിപ്രായവുമായി ക്ലോപ്പ് രംഗത്തെത്തിയത്. സൂപ്പർ ലീഗ് ഒരിക്കലും നാടക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും മികച്ച രീതിയിലാണ് മുൻപോട്ട് പോവുന്നതെന്നും ക്ലോപ്പ് പറഞ്ഞിരുന്നു. തനിക്ക് ചാമ്പ്യൻസ് ലീഗ് ആണ് സൂപ്പർ ലീഗ് എന്നും ഓരോ വർഷവും വിത്യസ്ത ടീമുകളെ എതിരാളികളായി ചാമ്പ്യൻസ് ലീഗിൽ ലഭിക്കുമെന്നും ക്ലോപ്പ് പറഞ്ഞിരുന്നു. 10 വർഷം തുടർച്ചയായി ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ക്ലോപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിൽ നിന്നുള്ള 6 ടീമുകൾ അടക്കം ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ഫുട്ബോൾ ആരാധകരുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

നിലപാട് കടുപ്പിച്ച് യുവേഫ, സൂപ്പർ ലീഗിലെ താരങ്ങൾക്ക് യൂറോയിലും ലോകകപ്പിലും വിലക്ക്

യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ നിലപാട് കടുപ്പിച്ച് യുവേഫ. സൂപ്പർ ലീഗിലെ താരങ്ങൾക്ക് യൂറോയിലും ലോകകപ്പിലും വിലക്കുണ്ടാവുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെരിൻ. യുവേഫയുടേയും ഫിഫയുടേയും നിയമങ്ങൾ കാറ്റിൽ പറത്തിയാണ് യൂറോപ്പിലെ 12 ക്ലബ്ബുകൾ സൂപ്പർ ലീഗുമായി മുന്നോട്ട് പോവുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് യുവേഫ നടത്തിയത്. സൂപ്പർ ലീഗ് ടീമുകൾക്കെതിരെ നിയമ നടപടികളും സമ്മർദ്ദം ചെലുത്തിന്നതിന്റെ ഭാഗമായി താരങ്ങൾക്ക് വിലക്കും നൽകുമെന്നാണ് റിപ്പോർട്ടുകൾ.

യൂറോപ്യൻ ക്ലബ്ബ് അസോസിയേഷനിൽ നിന്നും പുറത്ത് പോവുന്നതിന് പിന്നാലെ ദേശീയ ടീമുകളിൽ നിന്നും ഈ ക്ലബ്ബുകളുടെ താരങ്ങളേയും വിലക്കാനാണ് നീക്കം. പല ദേശീയ ടീമുകളുടേയും ചുക്കാൻ പിടിക്കുന്നത് യൂറോപ്യൻ സൂപ്പർ ലീഗിലെ താരങ്ങൾ തന്നെയാണ്. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ എന്നിവരാണ് യൂറോപ്യൻ സൂപ്പർ ലീഗിന് പിന്നിൽ.

Exit mobile version