യൂറോപ്യന്‍ യോഗ്യത റൗണ്ട് : ഇംഗ്ലണ്ടിനു ഗോള്‍രഹിത സമനില

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ജർമ്മനി, പോളണ്ട് തുടങ്ങി പ്രമുഖർ ജയിച്ചപ്പോൾ ഇംഗ്ലണ്ടിന് ഗോൾ രഹിത സമനില.

മികച്ച ഫോമിലുള്ള ജർമ്മനി സമി കെദീര, ജൂലിയൻ ഡ്രാക്സ്ലർ എന്നിവർ നേടിയ ഗോളുകളുടെ പിൻബലത്തിൽ നോർത്തേൺ അയർലൻഡിനെ തോൽപിച്ചു. ഇതേ ഗ്രൂപ്പിൽ നോർവേ 4-1 നാണ് സാൻ മറീനോയെ തോല്പിച്ചത്. ചെക് റിപ്പബ്ലിക് – അസർബൈജാൻ മത്സരം സമനിലയിൽ പിരിയുക കൂടി ചെയ്തതോടെ ഗ്രൂപ്പ് സി യിൽ ജർമ്മനി ഒന്നാമതും അസർബൈജാൻ രണ്ടാം സ്ഥാനത്തും എത്തി.

ഗ്രൂപ്പ് എഫിൽ ക്യാപ്റ്റൻ വെയ്ൻ റൂണിയെ ബെഞ്ചിലിരുത്തി മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് പക്ഷെ സ്ലോവേനിയയുമായി ഗോൾ രഹിത സമനില നേടാൻ മാത്രമാണ് പറ്റിയത്. ലിതുവാനിയ – മാൾട്ട മത്സരം എതിരില്ലാത്ത 2 ഗോളുകൾക്ക് ലിതുവാനിയ ജയിച്ചു . സ്ലോവാക്യ 3 ഗോളുകൾക്കാണ് സ്കോട്ലൻഡിനെ തകർത്തത് . ഗ്രൂപ്പിൽ 7 പോയിന്റുമായി ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്.

നേരത്തെ ഗ്രൂപ്പ് ഇ യിൽ നടന്ന കസാഖിസ്ഥാൻ റൊമാനിയ മത്സരവും ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.

ഗ്രൂപ്പ് ഇ യിൽ ശക്തരായ ഡെന്മാർക്കിനു മോണ്ടെനെഗ്രോയോട് ഞെട്ടിക്കുന്ന തോൽവി . എതിരില്ലാത്ത ഒരു ഗോളിനാണ് മോണ്ടിനെഗ്രോ അട്ടിമറി ജയം നേടിയത്.
ഗ്രൂപ്പിലെ ശക്തരായ പോളണ്ട് അർമേനിയയെ ലൂക്കാസ് ലെവൻഡോസ്‌കി അഡിഷണൽ ടൈമിൽ നേടിയ ഗോളിലാണ് 2-1 നു തോല്പിച്ചത്.