ലോകകപ്പ് യോഗ്യത : സ്പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞു

യൂറോപ്പ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞു.

ടൂറിനില്‍ നടന്ന ഇറ്റലി – സ്പെയിന്‍ പോരാട്ടം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു. കളിയുടെ 55ആം മിനിറ്റില്‍ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ബുഫണിന്‍റെ പിഴവില്‍ നിന്നും ഗോള്‍ കണ്ടെത്തിയ വിട്ടോലോ സ്പെയിനിനെ മുന്നില്‍ എത്തിച്ചു. എങ്കിലും 82ആം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ഇറ്റലിയുടെ സ്ട്രൈക്കര്‍ എഡറിനെ പെനാല്‍റ്റി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റി ഡി റോസി ഇറ്റലിയെ ഒപ്പമെത്തിക്കുകയായിരുന്നു. സ്പെയ്നിന്റെ അടുത്ത മത്സരം ഞായറാഴ്ച അല്‍ബേനിയക്കെതിരെയാണ്, അന്ന് തന്നെ ഇറ്റലി മസെഡോണിയയെ നേരിടും.

ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ യൂറോകപ്പ് സെമിഫൈനലിസ്റ്റുകളായ വെയില്‍സിനെ ഓസ്ട്രിയ സമനിലയില്‍ തളച്ചു. മത്സരത്തിന്റെ 22ആം മിനിറ്റില്‍ ജോ അല്ലെന്‍ വഴി ഗോള്‍ നേടി വെയില്‍സ് മുന്നില്‍ എത്തിയെങ്കിലും ആറു മിനിറ്റിനു ശേഷം അര്‍ണോറ്റൊവിക് ഓസ്ട്രിയക്കായി ഗോള്‍ മടക്കി. മത്സരത്തില്‍ കെവിന്‍ വിമ്മറിലൂടെ വെയില്‍സ് വീണ്ടും മുന്നില്‍ എത്തിയെങ്കിലും ഓസ്ട്രിയക്കായി അര്‍ണോറ്റൊവിക് വീണ്ടും ഗോള്‍ കണ്ടെത്തിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

മറ്റു മത്സരങ്ങില്‍ സീമസ് കൊമാന്‍ നേടിയ ഗോളിലൂടെ റിപ്പബ്ലിക് ഐര്‍ലാന്‍റ് ജോര്‍ജിയയെ പരാജയപ്പെടുത്തിയപ്പോള്‍ സെര്‍ബിയ എതിരില്ലാത്ത മൂന്ന്‍ ഗോളുകള്‍ക്ക് മോള്‍ഡോവയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഐ യില്‍ നടന്ന വാശിയേറിയ മത്സരത്തില്‍, ഇഞ്ചുറി ടൈമില്‍ രണ്ടു ഗോളുകള്‍ കണ്ടെത്തി ഐസ്ലാന്റ് രണ്ടിനെതിരെ മൂന്ന്‍ ഗോളുകള്‍ക്ക് ഫിന്‍ലാന്റിനെ പരാജയപ്പെടുത്തി. തുര്‍ക്കി ഉക്രൈന്‍ മത്സരം ഇരു ടീമുകളും 2 ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു

മറ്റു പ്രധാന മത്സരഫലങ്ങള്‍ : ക്രോയേഷ്യ 6-0 കൊസോവോ, ഇസ്രയേല്‍ 2-1 മസെഡോണിയ, അല്‍ബേനിയ 2-0 ലെഷ്സ്റ്റെന്‍സ്റ്റൈന്‍.