വിയ്യറയൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാർ!! പെനാൾട്ടി മാരത്തോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിയ്യാറയലിന് ആദ്യമായി ഒരു യൂറോപ്യൻ കിരീടം. ഇന്ന് പോളണ്ട് ഗഡാൻസ്കിൽ നടന്ന ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് സ്പാനിഷ് ക്ലബായ വിയ്യറയൽ യൂറോപ്പ കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിലായിരുന്നു വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിലായിരുന്ന മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ 11-10 എന്ന സ്കോറിലാണ് വിയ്യറയൽ വിജയിച്ചത്. വിയ്യറയൽ പരിശീലകൻ ഉനായ് എമിറെയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്.

ഇന്നത്തെ വലിയ ഫൈനലിന് തീർത്തും അറ്റാക്കിംഗ് ലൈനപ്പുമായാണ് ഒലെ യുണൈറ്റഡിനെ ഇറക്കിയത്. ഫെഡിനെ ബെഞ്ചിൽ ഇരുത്തി ഒരു അറ്റാക്കിംഗ് മൈൻഡ് ഉള്ള താരത്തെ അധികം കളിപ്പിക്കാനുള്ള തീരുമാനം പക്ഷെ തുടക്കത്തിൽ അത് യുണൈറ്റഡിന് ഗുണം ചെയ്തില്ല. കളി നിയന്ത്രിക്കാൻ യുണൈറ്റഡ് തുടക്കത്തിൽ തന്നെ കഷ്ടപ്പെട്ടു. പിൻ നിരയിൽ ക്യാപ്റ്റൻ മഗ്വയർ ഇല്ലാത്തതും പ്രശ്നമായി. കളിയിലെ ആദ്യ അവസരത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് വിയ്യറയൽ ലീഡ് എടുത്തു.

29ആം മിനുട്ടിൽ ഒരു ഫ്രീകികിക്കിൽ നിന്നായൊരുന്നു വിയ്യറയലിന്റെ ഗോൾ. പരേഹോ എടുത്ത ഫ്രീകിക്ക് ജെറാഡ് മൊറേനെ ലക്ഷ്യത്തിൽ എത്തിച്ചു. വിയ്യറയലിന്റെ ആദ്യ ടാർഗറ്റിലേക്കുള്ള ഷോട്ടായിരുന്നു അത്. മൊറേനോയുടെ ഈ സീസൺ യൂറോപ്പ ലീഗയിലെ ഏഴാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം യുണൈറ്റഡ് തുടർ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചു എങ്കിലും നല്ല ഗോൾ അവസരങ്ങൾ പോലും ആദ്യ പകുതിയിൽ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല.

രണ്ടാം പകുതിയിൽ മാറ്റങ്ങളില്ലാതെ ആണ് യുണൈറ്റഡ് ഇറങ്ങിയത്. അറ്റാക്ക് ചെയ്ത് തുടങ്ങിയ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. 55ആം മിനുട്ടിൽ കവാനിയുലൂടെ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തുകയും ചെയ്തു. മാർക്കസ് റാഷ്ഫോർഡിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ട് ഡിഫ്ലക്റ്റഡ് ആയി കവാനിയിൽ എത്തുകയായിരുന്നു. ഒരു പൗച്ചറിന്റെ ഏകാകൃതയോടെ കവാനി പന്ത് വലയ്ക്ക് അകത്ത് കയറ്റി.

ഇതിനു ശേഷം കളി പൂർണ്ണമായും യുണൈറ്റഡ് നിയന്ത്രണത്തിലേക്ക് വന്നു. 70ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് റാഷ്ഫോർഡിന് ഒരു സിറ്റർ കിട്ടിയെങ്കിലും റാഷ്ഫോർഡിന്റെ ഷോട്ട് പുറത്തേക്ക് പോയി. ഇതിനു പിന്നാലെ ലൂക് ഷോയുടെ ഒരു ഷോട്ടിന് കവാനി ഹെഡ് വെച്ചു എങ്കിലും അതും ലക്ഷ്യത്തിൽ എത്തിയില്ല. 90 മിനുട്ടും യുണൈറ്റഡ് വിജയ ഗോളിനായി പൊരുതി എങ്കിലും ഫലം ഉണ്ടായില്ല. കളി 1-1 നിലയിൽ എക്സ്ട്രാ ടൈമിലേക്ക് കടന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ 90 മിനുട്ടിലും സബ് ചെയ്യാത്തത് കൊണ്ട് തന്നെ യുണൈറ്റഡ് താരങ്ങൾ എക്സ്ട്രാ ടൈമിൽ തളർന്നു. വിയ്യറയൽ ആധിപത്യം നേടാൻ തുടങ്ങി. 99ആം മിനുട്ടിൽ ഗ്രീൻവുഡിനെ പിൻവലിച്ച് ഫ്രെഡിനെ ഇറക്കിയതായിരുന്നു യുണൈറ്റഡിന്റെ കളിയിലെ ആദ്യ സബ്സ്റ്റിട്യൂഷൻ. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോഴും മത്സരം 1-1 എന്ന രീതിയിൽ തന്നെ തുടർന്നു‌. മത്സരം എക്സ്ട്രാ ടൈമിന്റെ രണ്ടാം പാദത്തിൽ എത്തിയപ്പോൾ കളി കൂടുതൽ വിരസമായി. രണ്ടു ടീമുകളും കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്താൻ ആഗ്രഹിച്ചതു പോലെ ആയിരുന്നു കളിയെ സമീപിച്ചത്. ടീമുകളുടെ ആഗ്രഹം പോലെ കളി പെനാൾട്ടിയിലേക്ക് തന്നെ എത്തി.

പെനാൾട്ടിയെടുക്കാനായി യുണൈറ്റഡ് യുവാൻ മാറ്റ, അലക്സ് ടെല്ലസ് എന്നിവരെ അവസാനം കളത്തിൽ ഇറക്കിയിരുന്നു. ആദ്യ പെനാൾട്ടി കിക്ക് എടുത്തത് വിയ്യാറയൽ ആയിരുന്നു. മൊറേനോ എടുത്ത കിക്ക് വലയിൽ എത്തി. സ്കോർ 1-0, യുണൈറ്റഡിനായി മാറ്റയാണ് ആദ്യ പെനാൾട്ടി എടുത്തത്. മാറ്റയുടെ കിക്കും വലയിൽ കയറി. സ്കോർ 1-1, റബസെഡ വിയ്യറയലിന്റെ രണ്ടാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. യുണൈറ്റഡിനായി ടെല്ലസും ഗോൾ വല കണ്ടു. സ്കോർ 2-2. അൽകസറിന്റെ ഷോട്ട് ഡിയക്ക് തൊടാൻ ആയെങ്കിൽ പന്ത് വലയിൽ തന്നെ പതിച്ചു. യുണൈറ്റഡിനായി ബ്രൂണോയും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-3.

ആൽബെർടോ മൊറേനോ ആണ് വിയ്യറയലിന്റെ നാലാം പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. യുണൈറ്റഡിനായി റാഷ്ഫോർഡും കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. 4-4. അഞ്ചാം കിക്ക് എടുക്കാൻ വിയ്യറയലിനായി എത്തിയത് പരേഹോ ആയിരുന്നു. അതും ലക്ഷ്യത്തിൽ എത്തി. കവാനി യുണൈറ്റഡിനായും ഗോൾ നേടി. സ്കോർ 5-5. ഇതോടെ കളി ടൈ ബ്രേക്കറിലേക്ക് നീങ്ങി.

മോയി ഗോമസ് ആറാം കിക്ക് വിയ്യറയലിനായി സ്കോർ ചെയ്തു. ഫ്രെഡ് യുണൈറ്റഡിനായും സ്കോർ ചെയ്തു. വിയ്യറയൽ ക്യാപ്റ്റൻ റൗൾ ആൽബിയോളും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. യുണൈറ്റഡിനായി യുവതാരം ജെയിംസും സ്കോർ ചെയ്തു. സ്കോർ 7-7. കോക്വലിൻ വിയ്യറയലിന്റെ എട്ടാം പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു ലൂക് ഷോയുടെ കിക്ക് ഗോളിയുടെ കൈക്ക് തട്ടി എങ്കിലും പന്ത് വലയിലേക്ക് പതിച്ചത് യുണൈറ്റഡ് ആരാധകർക്ക് ശ്വാസം തിരികെനൽകി. സ്കോർ 8-8.

ഗാസ്പർ വിയ്യറയലിനായും ടുവൻസബെ യുണൈറ്റഡിനായും ഒമ്പതാം പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. 9-9. വിയ്യറയലിന്റെ പത്താം പെനാൾട്ടിയും പിഴച്ചില്ല. ടോറസ് ആണ് അത് ലക്ഷ്യത്തിൽ എത്തിച്ചത്. യുണൈറ്റഡിനായി പത്താം കിക്ക് എടുത്ത പെനാൾട്ടി ലിൻഡെലോഫും ലക്ഷ്യം കണ്ടതോടെ സ്കോർ 10-10 ആയി.

പിന്നെ ഗോൾ കീപ്പറുടെ ഊഴമായി. വിയ്യറയൽ കീപ്പർ പന്ത് വലയിൽ എത്തിച്ചപ്പോൾ യുണൈറ്റഡ് കീപ്പർ ഡിഹയുടെ കിക്ക് പിഴച്ചു. 11-10 എന്ന സ്കോറിന് പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് വിയ്യറയൽ കിരീടത്തിൽ മുത്തമിട്ടു.