യൂറോപ്പ ലീഗ് ആദ്യ പാദ സെമിയിൽ ആഞ്ചലീന്യോയുടെ വോളിയിൽ റേഞ്ചേഴ്‌സ് പൂട്ട് പൊളിച്ചു ലൈപ്സിഗ്

യൂറോപ്പ ലീഗ് ആദ്യ പാദ സെമിഫൈനലിൽ സ്‌കോട്ടിഷ് ജേതാക്കളായ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ആർ.ബി ലൈപ്സിഗ്. സ്വന്തം മൈതാനത്ത് ജർമ്മൻ ക്ലബിന്റെ ആധിപത്യം കണ്ട മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ നേടാൻ 85 മത്തെ മിനിറ്റ് വരെ ലൈപ്സിഗിന് കാത്തിരിക്കേണ്ടി വന്നു. മത്സരത്തിൽ 70 ശതമാനത്തിൽ ഏറെ സമയം പന്ത് കൈവശം വച്ച ലൈപ്സിഗ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും റേഞ്ചേഴ്‌സ് പിടിച്ചു നിന്നു.

20220429 042223

രണ്ടാം പകുതിയിൽ ആക്രമണം ഒന്നു കൂടി കടുപ്പിച്ച ലൈപ്സിഗ് എങ്കുങ്കുവിലൂടെ മുന്നിൽ എത്തും എന്നു തോന്നിച്ചത് ആണ്. എന്നാൽ രണ്ടു തവണയും ലക്ഷ്യം കാണാൻ ഫ്രഞ്ച് താരത്തിന് ആയില്ല. ആദംസിന്റെ മികച്ച ഷോട്ട് റേഞ്ചേഴ്‌സ് ഗോൾ കീപ്പർ മഗ്രഗർ രക്ഷിച്ചു. തുടർന്നു ലഭിച്ച കോർണറിൽ ആണ് ലൈപ്സിഗ് വിജയഗോൾ പിറന്നത്. ഏത് മത്സരവും ജയിക്കാൻ പോന്ന അതുഗ്രൻ വോളിയിലൂടെ 85 മത്തെ മിനിറ്റിൽ ആഞ്ചലീന്യോ റേഞ്ചേഴ്‌സ് പ്രതിരോധം മറികടന്നു. അടുത്ത ആഴ്ച രണ്ടാം പാദത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ തിരിച്ചു വരാൻ ആവും റേഞ്ചേഴ്‌സ് ശ്രമം.