വംശീയ അധിക്ഷേപം : അത്ലറ്റികോ മാഡ്രിഡിനെതിരെ നടപടി പ്രഖ്യാപിച്ച് യുവേഫ

- Advertisement -

ഇന്നലെ നടന്ന അത്ലറ്റികോ മാഡ്രിഡ് – മാഴ്‌സെലെ  മത്സരത്തിനിടെ വംശീയ അധിക്ഷേപം നടത്തിയതിന് യൂറോപ്പ ലീഗ് ജേതാക്കളായ അത്ലറ്റികോ മാഡ്രിഡിനെതിരെ നടപടി പ്രഖ്യാപിച്ച് യുവേഫ. മത്സരത്തിനിടെ വംശീയ അധിക്ഷേപം പ്രകടിപ്പിക്കുന്ന തരത്തിലുള്ള ബാനറുകൾ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർ കാണിച്ചതാണ് യുവേഫ ക്ലബ്ബിനെതിരെ നടപടി എടുക്കാൻ കാരണം.

ഇതിനു പുറമെ ഗാലറിയിൽ തീ കത്തിച്ചതിന് ഇരു ടീമുകൾക്ക് എതിരെയും യുവേഫ നടപടി ആരംഭിച്ചിട്ടുണ്ട്. തീ കത്തിച്ചതിനെ തുടർന്ന് മത്സരം തുടങ്ങുന്ന സമയത്ത് ഗ്രൗണ്ടിൽ മുഴുവൻ പുകയായിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മാഴ്‌സെലെ ആരാധകർ തീ പന്തങ്ങൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെ മാഴ്‌സെലെ ആരാധകർ സ്റ്റേഡിയത്തിനും നാശനഷ്ടങ്ങൾ വരുത്തിവെച്ചിരുന്നു.

യൂറോപ്പ ലീഗ് ഫൈനലിൽ ഗ്രീസ്മാൻ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അത്ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മാഴ്‌സെലെയെ പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement