റോമിൽ പതറിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റോമിൽ യുണൈറ്റഡ് പരാജയപ്പെട്ടു എങ്കിലും ഇന്ന് അത്ഭുതങ്ങൾ ഒന്നും നടന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് റോമയെ മറികടന്ന് ഫൈനലിലേക്ക് തന്നെ മുന്നേറി. ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഫൈനലാകും ഇത്. ഇതിനു മുമ്പ് നാലു തവണ സെമിയിൽ കാലിടറിയ ടീം ആ പിഴവുകൾ നികത്തിയാണ് ഇന്ന് ഫൈനലിലേക്ക് മുന്നേറിയത്. ഇന്ന് 3-2ന്റെ പരാജയമാണ് റോമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. അഗ്രിഗേറ്റ് സ്കോറിൽ 8-5ന, മാഞ്ചസ്റ്റർ യുണൈറ്റഡ് റോമയെ മറികടക്കുകയും ചെയ്തു. ഇരട്ട ഗോളടിച്ച കവാനിയും എണ്ണമില്ലാത്തത്ര സേവുകൾ നടത്തിയ ഡി ഹിയയും ഇന്ന് റോമയെ അത്ഭുതങ്ങളിൽ നിന്ന് തടഞ്ഞത്.

ആദ്യ പാദത്തിൽ വലിയ ലീഡ് ഉണ്ടായിരുന്നു എങ്കിലും ശക്തമായ ടീമിനെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അണിനിരത്തി. തുടക്കത്തിൽ റോമക്ക് ഒരു സുവർണ്ണാവസരം കിട്ടി എങ്കിലും ഡിഹിയയുടെ സേവ് യുണൈറ്റഡിനെ രക്ഷിച്ചു. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിൽ ആധിപത്യം നേടുന്നതാണ് കണ്ടത്. രണ്ട് വലിയ അവസരങ്ങൾ കവാനിക്ക് ലഭിച്ചു എങ്കിലും രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല. കവാനിയുടെ ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോയപ്പോൾ രണ്ടാം ഷോട്ട് ഗോൾ കീപ്പർ സമർത്ഥമായി തടഞ്ഞു.

ആദ്യ പാദത്തിൽ എന്നപോലെ രണ്ടാം പാദത്തിലും റോമയെ പരിക്ക് വേട്ടയാടി. ആദ്യ പാദത്തിൽ തന്നെ അവരുടെ സെന്റർ ബാക്ക് സ്മാളിംഗ് പരിക്കേറ്റ് പുറത്ത് പോയി. ആദ്യ പകുതിയിൽ 33ആം മിനുട്ടിൽ ഒരു നല്ല സേവ് കൂടെ ഡി ഹിയ നടത്തേണ്ടി വന്നു. 39ആം മിനുട്ടിലാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ വന്നത്. ഫ്രെഡിന്റെ പാസിൽ നിന്ന് ഒരു പവർഫുൾ ഷോട്ടിലൂടെ ആയിരുന്നു കവാനി യുണൈറ്റഡിന് ലീഡ് നൽകിയത്. ഇതോടെ അഗ്രിഗേറ്റ് സ്കോർ 7-2 എന്നായി.

ഈ ഗോളിന് പിന്നാലെ ഒരു അവസരം കൂടെ റോമക്ക് കിട്ടി എങ്കിലും മിഖിതര്യന്റെ ഷോട്ടും ഡിഹിയ സമർത്ഥമായി സേവ് ചെയ്തു. രണ്ടാം പകുതിയിൽ സമനില കണ്ടെത്താൻ റോമക്ക് ആയി. 57ആം മിനുട്ടിൽ പെഡ്രൊയുടെ ക്രോസിൽ നിന്ന് ജെക്കോ ആണ് ഒരു ഹെഡറിലൂടെ സമനില നേടിക്കൊടുത്തത്. പിന്നാലെ 59ആം മിനുട്ടിൽ ക്രിസ്റ്റന്റെ വക റോമയുടെ രണ്ടാം ഗോളും വന്നു. ആഗ്രിഗേറ്റ് 4-7

റോമ ആക്രമണം തുടർന്നു. 60ആം മിനുട്ടിൽ ഡിഹിയയുടെ ഇരട്ട സേവുകൾ ആണ് റോമയുടെ മൂന്ന ഗോൾ തടഞ്ഞത്. 62ആം മിനുട്ടിലെ മിഖിതര്യന്റെ ഗോൾ ശ്രമവും ഡിഹിയ തടഞ്ഞു. അവസാനം 68ആം മിനുട്ടിൽ കവാനി വീണ്ടും യുണൈറ്റഡ് രക്ഷയ്ക്ക് എത്തി. ഇത്തവണ ബ്രൂണൊ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആണ് കവാനി വല കണ്ടെത്തിയത്. ( അഗ്രിഗേറ്റ് 8-4) കവാനിയുടെ ഈ സീസണിലെ അഞ്ചാം യൂറോപ്പ ലീഗ് ഗോളാണ് ഇത്.

റോമ 83ആം മിനുട്ടിൽ വീണ്ടും ലീഡ് എടുത്തു. യുവതാരം സലെസ്കിയുടെ ഷോട്ടാണ് വലയ്ക്ക് അകത്ത് കയറിയത്. അഗ്രിഗേറ്റ് സ്കോർ 5-8. റോമയുടെ മൂന്നാം ഗോൾ വന്നപ്പോൾ സമയം ഏറെ വൈകിയിരുന്നു. എങ്കിലും ആദ്യ പകുതിയിലെ വലിയ പരാജയത്തിൽ നിന്ന് കരകയറി എന്ന് തോന്നിക്കുന്ന ഒരു പ്രകടനം നടത്താൻ എങ്കിലും ഇന്ന് റോമക്ക് ആയി.

2017ന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ ലീഗ് ഫൈനലിൽ എത്തുന്നത്. 2017ൽ യുണൈറ്റഡ് അയാക്സിനെ വീഴ്ത്തി കിരീടം ഉയർത്തിയിരുന്നു. ഇത്തവണ ഫൈനലിൽ വിയ്യറയൽ ആകും യുണൈറ്റഡിന്റെ എതിരാളികൾ. മെയ് 26നാകും ഫൈനൽ നടക്കുക. പെല്ലഗ്രിനിയുടെ ഷോട്ട് ആണ് മികച്ച സേവിലൂടെ ഡി ഹിയ തട്ടി അകറ്റിയത്‌