​യൂറോപ്പ ലീഗ്: മാഞ്ചെസ്റ്ററിന് ജയം, സ്പർസിന് തോൽവി

- Advertisement -

യൂറോപ്പ ലീഗ് നോകൗട്ട് ആദ്യ പാദ മത്സരങ്ങളിൽ മാഞ്ചെസ്റ്റർ യൂണൈറ്റഡ് സൈന്റ്റ് എറ്റിനെയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോല്പിച്ചപ്പോൾ മറ്റൊരു ഇംഗ്ലീഷ് ടീമായ ടോട്ടൻഹാമിന് കെ എ എ ജന്റിനോട് 1-0 ത്തിന്റെ തോൽവി. ഇറ്റാലിയൻ വമ്പന്മാരായ റോമ വില്ലാ റയലിനെ 4-0 ത്തിനാണ് തകർത്ത് വിട്ടത്.
ഓൾഡ്ട്രാഫോഡിൽ സ്‌ട്രൈക്കർ സ്‌ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഹാട്രിക് മികവിലാണ് യുനൈറ്റഡ് ആദ്യ പാദത്തിൽ തന്നെ വ്യക്തമായ ആധിപത്യം നേടിയത്. ശക്തമായ നിരയെ കളത്തിലിറക്കി ജയിക്കാനുറച്ചു തന്നെയാണ് മൗറീഞ്ഞോ കളത്തിൽ ടീമിനെയിറക്കിയത്. 15,75,88 മിനുട്ടുകളിലായാണ് ഇബ്രാഹിമോവിച് തന്റെ യുനൈറ്റഡ് കരിയറിലെ ആദ്യ ഹാട്രിക് നേടിയത്.
യൂറോപ്യൻ ഫുട്ബോളിൽ മോശം ഫോം തുടരുന്ന ടോട്ടൻഹാം ബെൽജിയം ടീമായ ജന്റിനോട് അവരുടെ മൈതാനത്താണ് ഏക ഗോളിന്റെ തോൽവി വഴങ്ങിയത്. 59 ആം മിനുട്ടിൽ ജെറമി പെർബറ്റാണ് ജന്റിന്റെ ഗോൾ നേടിയത്. ഇനി സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ തിരിച്ചു വരാനാവും സ്പർസിന്റെ ശ്രമം.
തുല്യ ശക്തികളുടെ പോരാട്ടമാവുമെന്നു കരുതിയ റോമാ- വില്ലറയൽ മത്സരത്തിൽ പക്ഷെ റോമാ വ്യക്തമായ ആധിപത്യമാണ്‌ നേടിയത് , സ്വന്തം കാണികൾക്ക് മുന്നിൽ റോമക്കെതിരെ കാര്യമായൊരു ശ്രമം നടത്താൻ പോലും വില്ലാറയലിനായില്ല. സ്‌ട്രൈക്കർ എഡിൻ സെക്കോ ഹാട്രിക് നേടിയ മത്സരത്തിൽ പാൽമിയെറിയും റോമക്കായി ഗോൾ നേടി. ഇനി റൊമയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ തിരിച്ചു വരിക എന്നത് വില്ലറയലിന് തീർത്തും ദുഷ്കരമാവും.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ശാൽകെ, അത്ലറ്റികോ ബിൽബാവോ,ഫിയോരന്റീന തുടങ്ങിയ പ്രമുഖരും ജയം കണ്ടു.

Advertisement