സെമിയിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരന്തം, സെവിയ്യ ഫൈനലിൽ!!

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടെ സെമി ഫൈനലിൽ അവരുടെ കിരീട പ്രതീക്ഷകൾ ഉടച്ചിരിക്കുകയാണ്. യൂറോപ്പ ലീഗ് സെമിയിൽ ഇന്ന് സെവിയ്യയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. സ്പാനിഷ് ടീമിനെതിരെ അവസരങ്ങൾ മുതലെടുക്കാൻ ആവാഞ്ഞതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്. സെവിയ്യ ആകട്ടെ അവർക്ക് കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ഫൈനലിലേക്ക് മാർച്ച് ചെയ്തു.

മികച്ച സെമി ഫൈനൽ തന്നെ ആയിരുന്നു ഇന്ന് നടന്നത്. മത്സരം തുടങ്ങി ഒമ്പതാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ എത്തിയിരുന്നു. ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ആണ് മാഞ്ചെസ്റ്റർ ലീഡ് എടുത്തത്. റാഷ്ഫോർഡ് നേടിയ പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ആ ഗോളിന് ശേഷം സെവിയ്യ തുടരെ അറ്റാക്കുകൾ നടത്തി. അതിന്റെ ഫലം 26ആം മിനുട്ടിൽ അവർ നേടുകയും ചെയ്തു. റിഗുലിയന്റെ ക്രോസിൽ നിന്ന് ഒരു ഇടം കാലൻ ഫിനിഷിലൂടെ സുസോ ആണ് സമനില ഗോൾ നേടിയത്.

സമനികയ്ക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ആയിരുന്നു കളിയുടെ ഭൂരിഭാഗവും കണ്ടത്. തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും അവസരങ്ങൾ ഒന്ന് പോലും മുതലെടുക്കാൻ യുണൈറ്റഡിനായില്ല. ഒപ്പം സെവിയ്യ ഗോൾ കീപ്പർ ബോണോയും യുണൈറ്റഡിന് വില്ലനായി. അറ്റാക്ക് ചെയ്തത് ഒക്കെ യുണൈറ്റഡ് ആണെങ്കിലും അവസരം മുതലെടുത്ത് ലീഡ് എടുത്തത് സെവിയ്യ ആയിരുന്നു. 78ആം മിനുട്ടിൽ ഡിയോങ്ങിലൂടെ ആയിരുന്നു സെവിയ്യ ലീഡ് എടുത്തത്. ആ ഗോൾ സെവിയ്യയുടെ വിജയ ഗോളായും മാറി.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്റർ മിലാനും ശക്തറും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സെവിയ്യ ഫൈനലിൽ നേരിടുക. പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടമില്ലാത്ത ഒരു സീസൺ കൂടി ആയി ഇത്. സീസണിൽ ഇത് മൂന്നാം സെമി ഫൈനലിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുന്നത്.

Advertisement