റഫറി ചതിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് പരാജയത്തോടെ തുടങ്ങി

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് പരാജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഏക ഗോളിന് റയൽ സോസിഡാഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയെ പരാജയപ്പെടുത്തി‌. ഒരു തെറ്റായ പെനാൾട്ടി തീരുമാനം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായത്.

ഇന്ന് റയൽ സോസിഡാഡിനെതിരെ വലിയ മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. കസെമെറോ, ക്രിസ്റ്റ്യാനോ, മഗ്വയർ എന്നിവർ എല്ലാം ഇന്ന് ആദ്യ ഇലവനിൽ എത്തി. ഓൾദ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യമായ വെല്ലുവിളികൾ ഒന്നും ആദ്യ പകുതിയിൽ ഉണ്ടായില്ല. കളി നിയന്ത്രിച്ച യുണൈറ്റഡ് പക്ഷെ നല്ല അവസരങ്ങൾ സൃഷ്ടിച്ചില്ല. റൊണാൾഡോക്ക് കിട്ടിയ അവസരങ്ങൾ അദ്ദേഹത്തിന് മുതലെടുക്കാനും ആയില്ല.

20220909 021307

രണ്ടാം പകുതിയിലും യുണൈറ്റഡ് തന്നെയാണ് കളി നിയന്ത്രിച്ചത്. എന്നാൽ റഫറിയുടെ ഒരു അപ്രതീക്ഷിത വിധി മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതിസന്ധിയിൽ ആക്കി. 58ആം മിനുട്ടിൽ റഫറി വിളിച്ച ഹാൻഡ്ബോൾ റീപ്ലേകളിൽ തെറ്റാണെന്ന് മനസ്സിലായെങ്കിൽ വാറും റഫറിയും പെനാൾട്ടി നൽകാൻ തന്നെ തീരുമാനിച്ചു. ഒരു ഷോട്ട് തടയുന്നതിന് ഇടയിൽ കാലി തട്ടിയ ശേഷമായിരുന്നു മാർട്ടിനസിന്റെ കയ്യിൽ പന്ത് തട്ടിയത്.

ഈ പെനാൾട്ടി ബ്രൈസ് മെൻഡസ് ലക്ഷ്യത്തിൽ എത്തിച്ചു. യുണൈറ്റഡ് ഒരു ഗോളിന് പിറകിൽ. ഇതിന് ശേഷം യുണൈറ്റഡ് മാറ്റങ്ങൾ വരുത്തി. സാഞ്ചോയും ഗർനാചോയും ആദ്യ ഇലവനിൽ എത്തി. എന്നിട്ടും യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടു.

കളിയുടെ അവസാന നിമിഷങ്ങളിൽ റൊണാൾഡോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് നല്ല അവസരം വന്നു എങ്കിലും രണ്ടും റൊണാൾഡോ മുതലെടുത്തില്ല.

ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം പരാജയമാണിത്.