ഇന്റർ മിലാനാണ് ശക്തർ!!! ഉക്രൈൻ ടീമിന്റെ വലനിറച്ച് യൂറോപ്പ ഫൈനലിൽ

- Advertisement -

ഉക്രൈൻ ടീമായ ശക്തറിനെ മറികടന്ന് അതിശക്തർ തങ്ങളാണെന്ന് തെളിയിച്ച് ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാൻ യൂറോപ്പ ലീഗ് ഫൈനലിൽ. ഇന്ന് ജർമ്മനിയിൽ നടന്ന സെമി ഫൈനലിൽ ഏകപക്ഷീയമായ സ്കോറിനാണ് കോണ്ടെയുടെ ടീം വിജയിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ഇരട്ട ഗോളുകളുമായി അർജന്റീനൻ ഫോർവേഡ് ലൗട്ടാരോ മാർട്ടിനെസും ബെൽജിയൻ സ്ട്രൈക്കർ ലുകാകുവും ആണ് ഇന്ററിന്റെ ഹീറോസ് ആയി ഇന്ന് മാറിയത്.

മത്സരം തുടങ്ങി 19ആം മിനുട്ടിൽ തന്നെ ഇന്ന് ഇന്റർ മിലാൻ ലീഡ് എടുത്തു. മാർട്ടിനെസിന്റെ ഒരു ഹെഡറിലൂടെ ആയിരുന്നു ആദ്യ ഗോൾ വന്നത്. ബരെല്ലയുടെ മനോഹരമായ അസിസ്റ്റ് ആണ് ആ ഗോളിലേക്ക് വഴിവെച്ചത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ മറ്റൊരു ഹെഡർ ഇന്ററിനെ ലീഡ് ഇരട്ടിയാക്കി. ഡംബ്രോസിയോഉടെ വകയായിരുന്നു രണ്ടാം ഗോൾ. ആ ഗോളോടെ തന്നെ ശക്തർ പരാജയം സമ്മതിച്ചു.

പിന്നീട് ഇന്ററിന് കാര്യങ്ങൾ എളുപ്പമായി. 74ആം മിനുട്ടിൽ ലുകാകുവിന്റെ അസിസ്റ്റിൽ നിന്ന് മാർട്ടിനെസിന്റെ രണ്ടാം ഗോൾ വന്നു. ഈ സീസണിൽ ഇന്ററിനു വേണ്ടി മാർട്ടിനെസ് നേടുന്ന 21ആമത്തെ ഗോളായിരുന്നു ഇത്. പിന്നെ ലുകാകുവിന്റെ ഇരട്ട ഗോളുകൾ വന്നു. 78, 84 മിനുട്ടുകളിൽ ആയിരുന്നു ലുകാകുവിന്റെ ഗോളുകൾ. ഇതിൽ ഒരു ഗോൾ ഒരുക്കിയത് മാർട്ടിനെസ് ആയിരുന്നു.

ഫൈനലിൽ സെവിയ്യയെ ആകും ഇന്റർ മിലാൻ നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് സെവിയ്യ ഫൈനലിൽ എത്തിയത്.

Advertisement