ഇംഗ്ലണ്ടിൽ മറ്റൊരു ടീമിനായി കളിക്കില്ലെന്ന് ഹസാർഡ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിൽ മറ്റൊരു ടീമിനായി കളിയ്ക്കാൻ തനിക്ക് സാധിക്കില്ലെന്ന് ചെൽസി സൂപ്പർ താരം ഏദൻ ഹസാർഡ്. യൂറോപ്പ ലീഗിന്റെ ഫൈനലിൽ ആഴ്സണലിനെ നേരിടാനിരിക്കെയാണ് ചെൽസി സൂപ്പർ താരത്തിന്റെ പ്രതികരണം. താൻ ഒരു ചെൽസി താരമാണെന്നും തനിക്ക് അത് വളരെ വലുതാണെന്നും അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിൽ മറ്റൊരു ടീമിനായി തനിക്ക് കളിക്കാനാവില്ലെന്നും ഹസാർഡ് പറഞ്ഞു.

അത് കൊണ്ട് തന്നെ ആഴ്‌സണൽ യൂറോപ്പ ലീഗ് ജയിച്ചു എന്ന് പറയുന്നത് തനിക്ക് കേൾക്കാനാവില്ലെന്നും ചെൽസിക്ക് യൂറോപ്പ ലീഗ് കിരീടം നേടി കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹസാർഡ് പറഞ്ഞു. ഒരു സീസണിൽ 40 ഗോൾ നേടുന്നതല്ല തനിക്ക് മികച്ച സീസൺ എന്നും സീസണിന്റെ അവസാനത്തിൽ കിരീടം നേടുന്നതിലാണ് കാര്യമെന്നും ഹസാർഡ് പറഞ്ഞു.

ഈ സീസണിന്റെ അവസാനത്തോടെ ഹസാർഡ് ചെൽസി വിട്ട് റയൽ മാഡ്രിഡിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ചെൽസിയിൽ വെറും 12 മാസം മാത്രം കാരാർ കാലാവധിയുള്ള ഹസാർഡിനെ സ്വന്തമാക്കാൻ മാസങ്ങളായി റയൽ മാഡ്രിഡ് രംഗത്തുണ്ട്. നേരത്തെ ഹസാർഡിന്റെ രണ്ടു സഹോദരങ്ങളും ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീം മാറിയിരുന്നു. യൂറോപ്പ ലീഗിന്റെ ഫൈനലിൽ ചെൽസി ജേഴ്സിയിൽ ഹസാർഡിന്റെ അവസാന മത്സരവുമായേക്കാം.

2012ലാണ് തന്റെ 21മത്തെ വയസ്സിലാണ് ഹസാർഡ് ഫ്രഞ്ച് ക്ലബായ ലില്ലെയിൽ നിന്ന് ചെൽസിയിൽ എത്തുന്നത്. ഈ കാലയളവിൽ 6 വ്യത്യസ്‍ത പരിശീലകരുടെ കീഴിൽ ഹസാർഡ് ചെൽസിയിൽ കളിച്ചിട്ടുണ്ട്.