ചെൽസിക്ക് തിരിച്ചടി, യൂറോപ്പ ലീഗിന് ഹസാർഡ് ഇല്ല

നാളെ നടക്കുന്ന ബെയ്റ്റിനെതിരായ യൂറോപ്പ ലീഗ് മത്സരത്തിൽ ഹസാർഡ് കളിക്കില്ലെന്ന് വ്യക്തമാക്കി ചെൽസി പരിശീലകൻ മൗറിസിയോ സരി.  കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ കളിക്കുമ്പോളേറ്റ പരിക്കാണ് ചെൽസി സൂപ്പർ താരത്തിന് തിരിച്ചടിയായത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ താരം പരുക്ക് വകവെക്കാതെയാണ് കളിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ചെൽസി മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ സമനില പിടിച്ചിരുന്നു.

11 മത്സരങ്ങളിൽ നിന്ന് 8 ഗോൾ നേടിയ ഹസാർഡ് ഈ സീസണിൽ മികച്ച ഫോമിലാണ്. അതെ സമയം ഞായറാഴ്ച ബേൺലിക്കെതിരെ നടക്കുന്ന പ്രീമിയർ ലീഗ് മത്സരം താരത്തിന് നഷ്ടമാവുമോ എന്ന് പരിശീലകൻ സരി വ്യക്തമാക്കിയിട്ടില്ല. യൂറോപ്പ ലീഗിലെ ഗ്രൂപ്പ് എല്ലിൽ രണ്ടു മത്സരങ്ങളും ജയിച്ച ചെൽസി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.