ആളില്ലെങ്കിലും ഗോളുണ്ട്!! യൂറോപ്പയിൽ വൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീര വിജയം. ഇന്ന് ഓസ്ട്രിയൻ ക്ലബായ ലാസ്കിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. കൊറോണ ഭീഷണി കാരണം ആളില്ലാത്ത സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയ ലാസ്കിന് സ്വന്തം കാണികളുടെ പിന്തുണ ഇല്ലാത്തത് വലിയ തിരിച്ചടി തന്നെയായി.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് കാര്യങ്ങൾ ഏറെ എളുപ്പമായിരുന്നു. മത്സരത്തിന്റെ 28ആം മിനുട്ടിൽ ഇഗാളോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇന്നത്തെ ആദ്യ ഗോൾ നേടിയത്. ബ്രൂണോയുടെ പാസ് സ്വീകരിച്ച ഇഗാളോ മൂന്ന് സുന്ദര ടച്ചുകൾക്ക് ശേഷം അതിലും സുന്ദരമായ ഫിനിഷിലൂടെ യുണൈറ്റഡിന് ലീഡ് നൽകുകയായിരുന്നു. യുണൈറ്റഡിന്റെ ബാക്കി നാലു ഗോളുകൾ വന്നത് രണ്ടാം പകുതിയിൽ ആയിരുന്നു.

58ആം മിനുട്ടിൽ ഡാനിയൽ ജെയിംസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. 82ആം മിനുട്ടിൽ മാറ്റ, 90ആം മിനുട്ടിൽ ഗ്രീൻവുഡ്, ഇഞ്ച്വറി ടൈമിൽ പെരേര എന്നിവരും യുണൈറ്റഡിനായി ഗോൾ നേടി. യൂറോപ്പ ലീഗിൽ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിക്കുന്നത്. അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം.