യൂറോപ്പയിലെ രാജാക്കന്മാരെ ഇന്നറിയാം, അത്ലറ്റികോ – മാഴ്‌സെലെ പോരാട്ടം ഇന്ന്

- Advertisement -

യൂറോപ്പയിലെ രാജാക്കന്മാർ ഇന്ന് ഫ്രാൻസിലെ നിയോണിൽ ഉദിച്ചുയരും. ഇന്ന് നടക്കുന്ന ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡും ഫ്രാൻസിൽ നിന്നുള്ള മാഴ്‌സെലെയുമാണ് ഫൈനലിൽ ഏറ്റുമുട്ടക. സെമി ഫൈനലിൽ ശക്തരായ ആഴ്‌സണലിനെ മറികടന്നാണ് അത്ലറ്റികോ മാഡ്രിഡ് ഫൈനൽ ഉറപ്പിച്ചത്. അതെ സമയം സെമിയിൽ സൽസ്ബർഗിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് മാഴ്‌സെലെ ഫൈനലിൽ എത്തിയത്.

കഴിഞ്ഞ ദിവസം ഗുയിൻഗ്യാമ്പിനോട് 3-3ന്റെ സമനില വഴങ്ങിയാണ് മാഴ്‌സെലെ ഇറങ്ങുന്നത്. അത്ലറ്റികോയെ നേരിടുമ്പോൾ അവരുടെ ഏറ്റവും പ്രധാന വെല്ലുവിളി ഗോളുകൾ വഴങ്ങുന്ന പ്രതിരോധം ആണ്. 46 ഗോളുകളാണ് ഈ സീസണിലെ ലീഗ് 1 ൽ മാഴ്‌സെലെ വഴങ്ങിയത്. മാഴ്‌സെലെ ഇന്ന് കിരീടം നേടുകയാണെങ്കിൽ യൂറോപ്പ ലീഗ് കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് ടീം കൂടിയാവും മാഴ്‌സെലെ. അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത ഉറപ്പായിട്ടില്ലത്തെ മാഴ്‌സെലെക്ക് ഇന്ന് ജയിച്ചാൽ അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കാനാവും. മുൻ വെസ്റ്റ് ഹാം താരം ദിമിത്രി പയറ്റും ഫ്‌ളോറിൻ തൗവിനും ചേർന്നുള്ള ആക്രമണ നിരയെ മുൻനിർത്തിയാവും മാഴ്‌സെലെ ഇന്ന് ഇറങ്ങുക.

അത്ലറ്റികോ മാഡ്രിഡ് ആവട്ടെ ഗെറ്റാഫെക്കെതിരെ നേടിയ ഏക ഗോൾ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഫൈനലിന് ഇറങ്ങുന്നത്. പ്രതിരോധത്തിൽ ഊന്നിയുള്ള സമീപനവുമായി മത്സരത്തിന് ഇറങ്ങുന്ന അത്ലറ്റികോ മാഡ്രിഡിന് എത്രത്തോളം വെല്ലുവിളി സൃഷ്ട്ടിക്കാൻ മാഴ്‌സെലെക്ക് ആവും എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്നത്തെ മത്സര ഫലം. ഈ ലാ ലീഗ സീസണിൽ വെറും 20 ഗോൾ മാത്രമാണ് സിമിയോണിയുടെ ഈ ടീം വഴങ്ങിയതെന്നതും മാഴ്‌സെലെയുടെ നെഞ്ചിടിപ്പ് കൂട്ടും. ഡിയേഗോ കോസ്റ്റയുടെയും ഗ്രീസ്മാന്റെയും നേതൃത്വത്തിൽ ഇറങ്ങുന്ന അത്ലറ്റികോ ആക്രമണ നിരയെ മാഴ്‌സെലെ പ്രതിരോധം എങ്ങനെ പ്രതിരോധിക്കും എന്ന് കാത്തിരുന്നു കാണാം.

അത്ലറ്റികോ മാഡ്രിഡ് കോച്ച് സിമിയോണി ഇല്ലാതെയാവും അത്ലറ്റികോ ഇന്നിറങ്ങുക. ആഴ്‌സണലിനെതിരായ ആദ്യ പാദ സെമി ഫൈനൽ മത്സരത്തിൽ റഫറിയോടു മോശമായി സംസാരിച്ചതിന് സിമിയോണിക്ക് യുവേഫ നാല് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അത്ലറ്റികോയുടെ മൂന്നാമത്തെ യൂറോപ്യൻ ഫൈനലാണിത്. 2012ൽ യൂറോപ്പ ലീഗ് വിജയിച്ച അത്ലറ്റികോ 2014ലും 2016ലും ചാമ്പ്യൻസ് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement