ഇന്ന് യൂറോപ്പ ഫൈനൽ, കിരീടം തേടി സെവിയ്യയും ഇന്റർ മിലാനും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിൽ ഇന്ന് കിരീട പോരാട്ടം. ജർമ്മനിയിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനും സ്പാനിഷ് ക്ലബായ സെവിയ്യയുമാണ് കിരീടത്തിനായി പോരാടുന്നത്. സെവിയ്യയുടെ സ്വന്തം പോരാട്ടം എന്ന് അറിയപ്പെടുന്ന ടൂർബ്ബമെന്റാണ് യൂറോപ്പ ലീഗ്. അഞ്ചു തവണ ഇതിനകം തന്നെ യൂറോപ്പ ലീഗ് നേടി റെക്കോർഡ് ഇട്ട ടീമാണ് സെവിയ്യ. 2015-16 സീസണിലാണ് സെവിയ്യ അവസാനമായി കിരീടം നേടിയത്.

ലൊപെറ്റെഗി പരിശീലകനായി എത്തിയ ശേഷം ഫോമിലേക്ക് തിരികെ വന്ന സെവിയ്യ ഇപ്പോൾ ആർക്കും എളുപ്പം പരാജയപ്പെടുത്താൻ കഴിയാത്ത ടീമായി മാറിയിട്ടുണ്ട്. ഇതുവരെ യൂറോപ്പയിൽ അഞ്ച് തവണ ഫൈനലിൽ എത്തിയപ്പോഴും കിരീടം നേടാൻ സെവിയ്യക്ക് ആയിട്ടുണ്ട്. സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചാണ് സ്പാനിഷ് ടീം ഫൈനലിലേക്ക് എത്തിയത്.

ഇന്റർ മിലാൻ കൊണ്ടെയുടെ കീഴിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ലുകാകുവിന്റെ ഗംഭീര ഫോമിലാകും ഇന്റർ മിലാന്റെ പ്രതീക്ഷ. പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്ത സാഞ്ചേസ് ഇന്ന് ആദ്യ ഇലവനിൽ മടങ്ങി എത്തിയേക്കും. ശക്തറെ ഗോളിൽ മുക്കിയാണ് ഇന്റർ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഇന്ന് രാത്രി 12.30നാണ് മത്സരം.