യൂറോപ്പ ലീഗിൽ ഡോർട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി

- Advertisement -

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഡോർട്മുണ്ടിന് തോൽവി. ഓസ്ട്രിയയിൽ നിന്നുള്ള സൽസ്ബർഗ് ആണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. സൽസ്ബർഗിന് വേണ്ടി വലോൺ ബെരിഷ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡോർട്മുണ്ടിന്റെ ആശ്വാസ ഗോൾ ആന്ദ്രേ ഷുർലെ നേടി.

തുടക്കം മുതൽ ഡോർട്മുണ്ടിനെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് സൽസ്ബർഗ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ രണ്ടു തവണ ഗോളിന് അടുത്ത് എത്തിയെങ്കിലും ഒരു തവണ പോസ്റ്റും മറ്റൊരു തവണ ഗോൾ ലൈനിൽ നിന്ന് പ്രതിരോധവും  ഡോർട്മുണ്ടിന്റെ രക്ഷക്കെത്തുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും വീണത്. 49മത്തെ മിനുറ്റിൽ വിവാദ പെനാൽറ്റിയിലൂടെയാണ് വലോൺ സൽസ്ബർഗിന് ലീഡ് നേടി കൊടുത്തത്. പെനാൽറ്റി ബോക്സിനു പുറത്ത് നിന്നുള്ള ഫൗളിനാണ് റഫറി പെനാൽറ്റി വിളിച്ചത്.  അധികം വൈകാതെ തന്നെ സൽസ്ബർഗ് ലീഡ് ഇരട്ടിയാക്കി. ഇത്തവണയും വലോൺ തന്നെയാണ് ഡോർമുണ്ട് വല കുലുക്കിയത്.

ക്രിസ്ത്യൻ പുലിസിച്ചിന്റെ ക്രോസ്സിൽ ആന്ദ്രേ ഷുർലെ ഡോർമുണ്ടിനു വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും സമനില നേടാനുള്ള രണ്ടാമത്തെ ഗോൾ കണ്ടെത്താൻ അവർക്കായില്ല. സ്വന്തം ഗ്രൗണ്ടിൽ തോറ്റതോടെ ക്വാർട്ടർ പ്രതീകൾ നിലനിർത്താൻ സൽസ്ബർഗിന്റെ ഗ്രൗണ്ടിൽ ഡോർമുണ്ടിന് മികച്ച ജയം നേടണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement