ഗോൾ അടിച്ചും അടിപ്പിച്ചും ഫാബിയോ വിയേര, ആധികാരിക ജയവുമായി ആഴ്‌സണൽ

യുഫേഫ യൂറോപ്പ ലീഗിൽ രണ്ടാം മത്സരത്തിൽ ആധികാരിക ജയവുമായി ആഴ്‌സണൽ. നോർവീജിയൻ എതിരാളികൾ ആയ ബോഡോ ഗ്ലിന്റിന് എതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി എത്തിയ ആഴ്‌സണൽ ജയിച്ചത്. സ്റ്റേഡിയത്തിൽ എത്തുന്നതിനു മുമ്പ് ടീം ബസിനു ചെറിയ പ്രശ്നങ്ങൾ നേരിട്ടതിനാൽ ബുദ്ധിമുട്ട് നേരിട്ട നോർവീജിയൻ ടീമിന് ആദ്യ പകുതിയിൽ ഒരു നിലക്കും ആഴ്‌സണലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ആഴ്‌സണൽ മുന്നിലെത്തി.

മികച്ച പ്രത്യാക്രമണത്തിൽ മാർട്ടിനെല്ലിയുടെ പാസിൽ നിന്നു ടിയേർണിയുടെ ഉഗ്രൻ ഷോട്ട് പോസ്റ്റിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ എഡി എങ്കിതിയക്ക് പിഴച്ചില്ല. നാലു മിനിറ്റിനുള്ളിൽ ആഴ്‌സണലിന്റെ രണ്ടാം ഗോളും പിറന്നു. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അതിസുന്ദരമായ ഫാബിയോ വിയേരയുടെ ക്രോസിൽ നിന്നു ശക്തമായ ഒരു ഹെഡറിലൂടെ റോബ് ഹോൾഡിങ് ലണ്ടൻ ടീമിന്റെ രണ്ടാം ഗോളും നേടി നൽകി. രണ്ടാം പകുതിയിൽ ബോഡോ സർവ്വശക്തിയും എടുത്തു ആക്രമിച്ചു. പലപ്പോഴും അവർ ഗോളിന് അടുത്ത് വരെ എത്തി. ഇടക്ക് ടർണറിന്റെ മികച്ച രക്ഷപ്പെടുത്തൽ ആണ് ആഴ്‌സണലിനെ രക്ഷിച്ചത്.

ആഴ്‌സണൽ

എന്നാൽ ജീസസ്, സാക, ഒഡഗാർഡ്, വൈറ്റ് തുടങ്ങിയ പ്രമുഖ താരങ്ങളെ കളത്തിൽ ഇറക്കിയാണ് ആർട്ടെറ്റ ഇതിനു മറുപടി നൽകിയത്. അതിസുന്ദരമായ മാന്ത്രിക ചലനങ്ങൾക്ക് ശേഷം ജീസസിന്റെ മികച്ച പാസിൽ നിന്നു 84 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഫാബിയോ വിയേര ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനവും ആധികാരിക ജയവും ആഴ്‌സണലിന് സമ്മാനിക്കുക ആയിരുന്നു. ദീർഘകാലത്തെ പരിക്കിന്‌ ശേഷം പകരക്കാരനായി റീസ് നെൽസൺ ആഴ്‌സണലിന് ആയി ഇന്ന് കളത്തിലും ഇറങ്ങി. അടുത്ത ലീഗ് മത്സരത്തിൽ ആഴ്‌സണൽ ലിവർപൂളിനെ ആണ് നേരിടുക.