എമിറേറ്റ്സിലും മിലാനെ തോൽപ്പിച്ച് ആഴ്സണൽ ക്വാർട്ടറിൽ

- Advertisement -

വിവാദ പെനാൾട്ടിയും ഡൊണ്ണാരുമ്മയുടെ ഗോൾകീപ്പർ അബദ്ധവും കണ്ട മത്സരത്തിൽ എ സി മിലാനെ മറികടന്ന് ആഴ്സണൽ യൂറോപ്പ ക്വാർട്ടർ ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സ്ണലിന്റെ ഇന്നത്തെ ജയം. ആദ്യ പാദത്തിൽ സാൻസിറോയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ആഴ്സ്ണൽ വിജയിച്ചിരുന്നു.

എമിറേറ്റ്സിൽ 35ആം മിനുട്ടിൽ എ സി മിലാൻ ലീഡെടുത്തതോടെ ആയിരുന്നു മത്സരത്തിന് ചൂടു പിടിച്ചത്. ഹകൻ കാലനൊഗ്ലുവിന്റെ ഒരു ലോംഗ് റേഞ്ചറാണ് മിലാന് ലീഡ് നേടികൊടുത്തത്. തങ്ങളുടെ രണ്ടാം ഗോളിനായുള്ള മിലാന്റെ അന്വേഷണത്തിനിടെ ആയിരുന്നു കളിയിലെ നിർണായക നിമിഷമായി മാറിയ വിവാദ പെനാൾട്ടി പിറന്നത്. ആഴ്സ്ണൽ സ്ട്രൈക്കർ വെൽബെക്കിന്റെ ഡൈവിന് റഫറി പെനാൾട്ടി വിധിക്കുകയായിരു‌ന്നു. റെഫറിയുടെ തെറ്റായ തീരുമാനം ആഴ്സണലിനെ കളിയിലേക്ക് തിരിച്ചുകൊണ്ടു വന്നു.

പെനാൾട്ടി സ്പോട്ടിൽ നിന്ന് വെൽബക്ക് ആഴ്സ്ണലിന്റെ സമനില ഗോൾ നേടി. 71ആം മിനുറ്റിൽ എ സി മിലാൻ ഗോൾകീപ്പർ ഡൊണ്ണരുമ്മയുടെ പിഴവിൽ നിന്നായിരുന്നു ആഴ്സ്ണലിന് ലീഡ് നേടിക്കൊടുത്ത രണ്ടാം ഗോൾ പിറന്നത്. ജാക്ക തൊടുത്ത ലോംഗ് റേഞ്ചർ ഡൊണ്ണരുമ്മയുടെ പിഴവ് കാരണം വലയിൽ എത്തുകയായിരുന്നു. 86ആം മിനുട്ടിൽ വെൽബക്ക് തന്റെ രണ്ടാം ഗോളോടെ മിലാൻ പതനം പൂർത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement