വെങ്ങറിന് യൂറോപ്യൻ കിരീടമില്ല, ആഴ്സ്ണൽ കടന്ന് അത്ലറ്റിക്കോ മാഡ്രിഡ് ഫൈനലിൽ

- Advertisement -

വെങ്ങറിന്റെ യൂറോപ്യൻ കിരീടം നേടി വിടവാങ്ങാം എന്ന ആഗ്രഹത്തിന് നിരാശയോടെ വിരാമം. ഇന്ന് യൂറോപ്പ രണ്ടാം പാദ സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെയാണ് ആഴ്സണലിന്റെ പ്രതീക്ഷകൾ അവസാനിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ഇന്ന് വിജയിച്ച അത്ലറ്റിക്കോ മാഡ്രിഡ് 2-1ന്റെ അഗ്രിഗേറ്റിലാണ് ഫൈനലിലേക്ക് മുന്നേറിയത്.

ആദ്യ പാദത്തിൽ എവേ ഗോളടക്കമുള്ള സമനിലയുമായി ലണ്ടനിൽ നിന്ന് മടങ്ങിയ അത്ലറ്റിക്കോയ്ക്ക് ഇന്നൊരു ഗോൾരഹിത സമനില മതിയായിരുന്നു ഫൈനലിലേക്ക് മുന്നേറാൻ. സ്വന്തം ഗ്രൗണ്ടിലെ മികച്ച ഡിഫൻസീവ് റെക്കോർഡ് വെറും സ്റ്റാറ്റ്സ് അല്ല എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റേത്. പന്ത്രണ്ടാം മിനുട്ടിൽ ക്യാപ്റ്റൻ ലോറന്റ് കൊഷേൽനി പരിക്കേറ്റ് പുറത്തേക്ക് പോയതും ആഴ്സണലിനെ തളർത്തി.

ഡിയോഗ കോസ്റ്റയാണ് അത്ലറ്റിക്കോ മാഡ്രിഡിന് വിജയം സമ്മാനിച്ച ഗോൾ നേടിയത്. ഗ്രീസ്മെന്റെ അസിസ്റ്റിൽ 45ആം മിനുട്ടിലായിരുന്നു കോസ്റ്റയുടെ വിജയ ഗോൾ. ലിയോണിൽ നടക്കുന്ന ഫൈനലിന് യോഗ്യത നേടാൻ ആ ഗോൾ ധാരാളമായിരുന്നു അത്ലറ്റിക്കോയ്ക്ക്. ഇന്നത്തെ പരാജയം അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായുള്ള ആഴ്സണലിന്റെ അവസാന പ്രതീക്ഷയും അവസാനിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement