
യൂറോപ്പ ലീഗിൽ ക്വാർട്ടർ ഫൈനലിൽ ഇന്ന് ആഴ്സണൽ സി.എസ്.കെ.എ മോസ്കൊയെയും അത്ലറ്റികോ മാഡ്രിഡ് സ്പോർട്ടിങ്ങിനെയും നേരിടും.
കഴിഞ്ഞ ദിവസം സ്റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ 3 ഗോളിന് തോൽപ്പിച്ചാണ് ആഴ്സണൽ ഇന്ന് ഇറങ്ങുന്നത്. ആഴ്സണൽ നിരയിൽ ഓബാമയങ്ങിനു ഇന്നത്തെ മത്സരം കപ്പ് ടൈഡ് കാരണം കളിയ്ക്കാൻ കഴിയില്ല. താരത്തിന് പകരം പരിക്കിൽ നിന്ന് മോചിതനായ ലാകസറ്റേ ആഴ്സണൽ ആക്രമണത്തിന് നേതൃത്വം കൊടുക്കും. 2009-10ന് ശേഷം ആദ്യമായാണ് ആഴ്സണൽ യൂറോപ്യൻ മത്സരത്തിൽ ക്വാർട്ടർ ഫൈനൽ കളിക്കുന്നത്. പ്രീ ക്വാർട്ടർ മത്സരത്തിൽ ശക്തരായ എ.സി മിലാനെ മറികടന്നാണ് ആഴ്സണൽ ക്വാർട്ടർ യോഗ്യത ഉറപ്പിച്ചത്.
മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടിൽ സ്പോർട്ടിങ്ങിനെ നേരിടും. പ്രീ ക്വാർട്ടറിൽ റഷ്യൻ ക്ലബ് ലോക്കൊമൊട്ടീവിനെ തോൽപ്പിച്ചാണ് അത്ലറ്റികോ ക്വാർട്ടറിൽ എത്തിയത്. രണ്ടു പാദങ്ങളിലുമായി 8-1ന് ജയിച്ചാണ് അത്ലറ്റികോ ക്വാർട്ടർ ഉറപ്പിച്ചത്. കഴിഞ്ഞ ലാ ലീഗ മത്സരത്തിൽ കളിക്കാതിരുന്ന ഗ്രീസ്മാൻ ഇന്ന് ടീമിൽ ഇടം പിടിക്കും. പുതിയ ഗ്രൗണ്ടിൽ കളിച്ച 16 മത്സരങ്ങളിൽ 14ഉം ജയിച്ച അത്ലറ്റികോ മാഡ്രിഡിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മുൻതൂക്കം. സ്പോർട്ടിങ് നിരയിൽ വില്യം കാർവാലോ ഇന്ന് ടീമിൽ ഉണ്ടാവുമോ എന്ന് ഉറപ്പില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial