പെനാൾട്ടിയും വിജയവും കളഞ്ഞ് അയാക്സ്, റോമക്ക് ഹോളണ്ടിൽ വിജയം

ഇന്ന് യൂറോപ്പ ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ യൂറോപ്പിലെ രണ്ട് വലിയ ക്ലബുകൾ ഏറ്റുമുട്ടിയപ്പോൾ എവേ ടീമിന് വിജയം. ആംസ്റ്റർഡാമിൽ വെച്ച് നടന്ന പോരാട്ടത്തിൽ അയാക്സും റോമയും ആണ് നേർക്കുനേർ വന്നത്. 2-1 എന്ന സ്കോറിലാണ് മത്സരം റോമ വിജയിച്ചത്. ഒരു പെനാൾട്ടി നഷ്ടമാക്കിയതാണ് അയാക്സിന് ഇന്ന് തിരിച്ചടി ആയത്.

39ആം മിനുട്ടിൽ ടാഡിച് നൽകിയ പാസിൽ നിന്ന് ക്ലാസൻ ആയിരുന്നു അയാക്സിന് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് ഇരട്ടിയാക്കാൻ അയാക്സിന് അവസരം ലഭിച്ചു. എന്നാൽ പെനാൾട്ടു എടുത്ത ടാഡിചിന് ലക്ഷ്യം പിഴച്ചു. ഇതിൽ നിന്ന് ഊർജ്ജം കണ്ടെത്തിയ റോമ പൊരുതി സമനില കണ്ടെത്തി. 57ആം മിനുട്ടിൽ പെലഗ്രിനി ആണ് റോമക്ക് സമനില നൽകിയത്‌. പിന്നാലെ 87ആം മിനുറ്റിൽ ഇബാനെസ് റോമയ്ക്ക് ലീഡും നൽകി. ഈ ഗോൾ റോമയ്ക്ക് വിജയവും ഒപ്പം നിർണായകമായ എവേ ഗോളും നൽകി.

Exit mobile version