സ്‌പെയിന് മുന്നിൽ ക്രൊയേഷ്യ, ക്വാർട്ടറിലേക്ക് ആര്?

ഇന്ന് നടക്കുന്ന യൂറോ കപ്പ് പ്രി ക്വാർട്ടർ മത്സരത്തിൽ സ്‌പെയിൻ ക്രൊയേഷ്യയെ നേരിടും. കോപൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ടൂർണമെന്റ് അത്ര നല്ല രീതിയിൽ തുടങ്ങാതിരുന്ന രണ്ടു ടീമുകൾ ആണ് സ്പെയിനും ക്രൊയേഷ്യയും. എന്നാൽ അവസാന മത്സരത്തിൽ രണ്ടു ടീമുകളും അവരുടെ ഫോമ കണ്ടെത്തി. സ്കോട്ലണ്ടിനെ അവസാന മത്സരത്തിൽ തോൽപ്പിച്ചാണ് ഡാലിച്ചിന്റെ ടീം പ്രി ക്വാർട്ടർ ഉറപ്പിച്ചത്. ക്യാപ്റ്റൻ മോദ്‌റിച്ചിന്റെ പ്രകടനം ആണ് സ്കോട്ലണ്ടിന് എതിരെ ക്രൊയേഷ്യക്ക് കരുത്തതായത്. എന്നാൽ ഇന്ന് അവരുടെ സീനിയർ താരങ്ങളിൽ ഒന്നായ പേരിസിച് ഇന്ന് കൊറോണ കാരണം ടീമിനൊപ്പം ഉണ്ടാകില്ല. പെരിസിച്ചിന്റെ അഭാവത്തിൽ റെബിച് ആദ്യ ഇലവനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവസാന മത്സരത്തിൽ സ്ലോവാക്യയെ ഗോളിൽ മുക്കി കൊണ്ടാണ് സ്‌പെയിൻ പ്രി ക്വാർട്ടറിൽ എത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു സ്‌പെയിൻ വിജയിച്ചത്. എങ്കിലും ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാർ ആകാൻ മാത്രമേ സ്പെയിനായുള്ളൂ. ഗോളടിക്കുന്നത് ആയിരുന്നു ലൂയിസ് എൻറികെയുടെ ടീമിന്റെ വലിയ പ്രശ്നം. അവസാന മത്സരത്തിൽ അതിനു പരിഹാരം ഉണ്ടായി. ഇനി സ്‌ട്രൈക്കർമാരായ മൊറാട്ടയും മേറെനോയും അവരുടെ പതിവ് ഫോമിലേക്ക് കൂടെ എത്തിയാൽ സ്‌പെയിനിന്റെ പ്രശ്നങ്ങൾ ഒക്കെ അവസാനിക്കും. ഇതിനകം മൂന്ന് തവണ യൂറോ കപ്പ് നേടിയിട്ടുള്ള സ്‌പെയിൻ ഒരു കിരീടം കൂടെ നേടി യൂറോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമായി മാറാനുള്ള ശ്രമത്തിൽ ആണ്.

ഇന്ന് സ്‌പെയിൻ ഡിഫൻസിൽ പോ ടോറസ് തിരികെ എത്തിയേക്കും. മധ്യനിരയിൽ തിയാഗോയ്ക്ക് ഇന്നും ആദ്യ ഇലവനിൽ അവസരം കിട്ടാൻ സാധ്യത ഇല്ല. റൈറ്റ് ബാക്കി യോരന്റെക്ക് പകരം ആസ്പിലികെറ്റ തന്നെ ഇന്നും ഇറങ്ങും. ഗംഭീര ഫോമിലുള്ള ബാഴ്‌സലോണ യുവതാരം പെദ്രിയുടെ പ്രകടനം ആകും ഫുട്‌ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്. ഇന്ന് രാത്രി 9.30നാകും മത്സരം നടക്കുക. കളി തത്സമയം സിനി ചാനലുകളിൽ കാണാം.

Exit mobile version