റാമോസിന്റെ പനേങ്കയിൽ സ്പെയിനിന് ജയം

യൂറോ കപ്പ് യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗ്രൂപ്പ് എഫിൽ സ്പെയിനിന് ജയം. നോർവേയെയാണ് സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്.  മത്സരത്തിന്റെ തുടക്കം മുതൽ കളം നിറഞ്ഞു കളിച്ചെങ്കിലും റാമോസിന്റെ പെനാൽറ്റി ഗോളിലാണ് സ്പെയിൻ ജയിച്ചത്.

മത്സരത്തിന്റെ 16ആം മിനുട്ടിലാണ് റോഡ്രിഗോയിലൂടെ സ്പെയിൻ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ജോർഡി അൽബയുടെ പാസിൽ നിന്നായിരുന്നു വലൻസിയ താരത്തിന്റെ ഗോൾ. എന്നാൽ മത്സരത്തിൽ സ്പെയിൻ പൂർണ്ണമായ ആധിപത്യം പുലർത്തിയിട്ടും രണ്ടാം പകുതിയിൽ ജോഷ് കിങ്ങിന്റെ ഗോളിൽ നോർവേ സമനില പിടിച്ചു. ജോൺസണെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് നോർവേ സമനില ഗോൾ നേടിയത്.

എന്നാൽ നോർവേ സമനില പിടിച്ച് അധിക വൈകാതെ തന്നെ സ്പെയിൻ മത്സരത്തിൽ വീണ്ടും മുൻപിലെത്തി. ഇത്തവണ പെനാൽറ്റിയിലൂടെ റാമോസാണ് സ്പെയിനിന് ഗോൾ നേടി കൊടുത്തത്. നോർവേ താരം ഗോൾ കീപ്പർക്ക് നൽകിയ മൈനസ് പാസ് പിടിച്ചെടുത്ത മൊറാട്ടയെ ജർസ്റ്റെയ്ൻ ഫൗൾ ചെയ്യുകയും റഫറി പെനാൽറ്റി വിധിക്കുകയുമായിരുന്നു.

Exit mobile version