20 കൊല്ലത്തിന് ശേഷം ഡച്ച് പട യൂറോ കപ്പ് സെമിഫൈനലിൽ, മനം കവർന്നു തുർക്കി മടങ്ങി

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ തുർക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഹോളണ്ട് യൂറോ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ ടർക്കിഷ് പോരാട്ടവീര്യം അതിജീവിച്ചു ആണ് ഡച്ച് പട വിജയം കണ്ടത്. തുർക്കി സുന്ദരമായി കളിച്ച ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ അവർ അർഹിച്ച ഗോൾ പിറന്നു. ആർദ ഗുളറിന്റെ മനോഹരമായ ക്രോസിൽ നിന്നു പ്രതിരോധതാരം സമത് അക്യാദിൻ ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. തുടർന്നും മികച്ച അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചു.

രണ്ടാം പകുതിയിൽ ലഭിച്ച ഒരു ഫ്രീക്കിക്കിൽ നിന്നു ആർദ ഗുളറിന്റെ മികച്ച ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. സമനില ഗോളിന് ആയി ഓറഞ്ച് പട ആക്രമണം കടപ്പിച്ച സമയത്തും ഡച്ച് പ്രതിരോധത്തെ വേഗമേറിയ കൗണ്ടർ കൊണ്ട് തുർക്കി പരീക്ഷിച്ചു കൊണ്ടിരുന്നു. 70 മത്തെ മിനിറ്റിൽ പക്ഷെ ഡച്ച് പടയുടെ ശ്രമങ്ങൾ ജയം കണ്ടു. മെമ്പിസ് ഡീപായുടെ ക്രോസിൽ നിന്നു പ്രതിരോധ താരം സ്റ്റെഫാൻ ഡി വൃജിന്റെ ബുള്ളറ്റ് ഹെഡർ അത് വരെ പിടിച്ചു നിന്ന തുർക്കി പ്രതിരോധത്തെ മറികടന്നു. തുടർന്ന് തുടർച്ചയായ ഡച്ച് ആക്രമണം ആണ് കാണാൻ ആയത്. 6 മിനിറ്റിനുള്ളിൽ ഇതിനു ഫലവും കണ്ടു.

ഡംഫ്രിസിന്റെ മികച്ച ക്രോസ് കോഡി ഗാക്പോയിലേക്ക് എത്താതെ തടയാനുള്ള റൈറ്റ് ബാക്ക് മെററ്റ് മുൾഡറിന്റെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഇതോടെ മത്സരത്തിൽ ആദ്യമായി ഡച്ച് മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് സമനിലക്ക് ആയി സകല കരുത്തും പുറത്തെടുത്തു തുർക്കി ശ്രമിച്ചു. പകരക്കാരനായി ഇറങ്ങിയ അർതുകോഗ്ലുവിന്റെ ഗോൾ എന്ന ഷോട്ട് ഗോളിയെ മറികടന്നെങ്കിലും വാൻ ഡ വെൻ അവിശ്വസനീയം ആയ വിധം ബ്ലോക്ക് ചെയ്തു. തുടർന്ന് ടോസന്റെ ശ്രമം തടഞ്ഞ ഡച്ച് ഗോൾ കീപ്പർ വെർബ്രുഗൻ 92 മത്തെ മിനിറ്റിൽ കിലിസോയിയുടെ ക്ലോസ് റേഞ്ച് ശ്രമം അവിശ്വസനീയം ആയി ആണ് രക്ഷിച്ചത്. 20 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഹോളണ്ട് യൂറോ കപ്പ് സെമിയിൽ എത്തുന്നത്. തങ്ങളുടെ ആറാം യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ട് ആണ് റൊനാൾഡ് കോമന്റെ ടീമിന്റെ എതിരാളികൾ. തോറ്റെങ്കിലും തല ഉയർത്തി സുന്ദര ഫുട്‌ബോൾ സമ്മാനിച്ചു ആണ് തുർക്കി ജർമ്മനിയിൽ നിന്നു മടങ്ങുന്നത്.

സ്വിറ്റ്സർലാന്റ് പൊരുതി വീണു!! ഇംഗ്ലണ്ട് ഷൂട്ടൗട്ട് ജയിച്ച് യൂറോ കപ്പ് സെമിയിൽ

യൂറോ കപ്പ് 2024ൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന സമനില തുടർന്ന കളിയിൽ ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റിനെ തോൽപ്പിച്ചത്. ഇനി സെമി ഫൈനലിൽ നെതർലന്റ്സോ തുർക്കിയോ ആകും സൗത്ത് ഗേറ്റിന്റെ ടീമിന്റെ എതിരാളികൾ.

ഈ ടൂർണമെന്റിൽ ഉടനീളം എന്ന പോലെ ദയനീയമായ ഫുട്ബോൾ ആണ് ഇന്നും ഇംഗ്ലണ്ട് കളിച്ചത്. ഒരു ക്രിയേറ്റിവിറ്റും കാണിക്കാത്ത ഇംഗ്ലണ്ട് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ പ്രയാസപ്പെട്ടു. വിരസമായ ആദ്യ പകുതിക്ക് ശേഷം സ്വിറ്റ്സർലാന്റ് കൂടുതൽ മെച്ചപ്പെട്ട നീക്കങ്ങൾ നടത്താൻ തുടങ്ങി.

അവരുടെ പ്രയത്നങ്ങൾ അവസാനം 75ആം മിനുട്ടിൽ ഫലം ലഭിച്ചു. എംബോളോയിലൂടെ അവർ ലീഡ് എടുത്തു. സ്കോർ 1-0. ഇതിനു ശേഷം ആണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത്. 80ആം മിനുട്ടിൽ ബുകായോ സാക ഇംഗ്ലണ്ടിന് സമനില നൽകി. മനോഹരമായ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു സാകയുടെ ഫിനിഷ്. സ്കോർ 1-1.

നിശ്ചിത സമയത്ത് ഫൈനൽ വിസിൽ വരുന്നത് വരെ സ്കോർ 1-1 എന്ന തുടർന്നു. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഡക്ലൻ റൈസിന്റെ ഒരു ലോംഗ് റേഞ്ച് ശ്രമം മാത്രമെ ഉണ്ടായിരുന്നുള്ളൂ. കളി സമനിലയിൽ തുടർന്നു. മത്സരത്തിന്റെ 117ആം മിനുട്ടിൽ ഷഖീരിയുടെ ഒരു കോർണർ പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. ഇതിനു ശേഷവും രണ്ട് വലിയ അവസരങ്ങൾ സ്വിറ്റ്സർലാന്റിന് ലഭിച്ചു. പക്ഷെ പിക്ക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷനായത് കൊണ്ട് സ്കോർ മാറിയില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.

പാൽമർ ആണ് ഇംഗ്ലണ്ടിന്റെ ആദ്യ കിക്ക് എടുത്തത്. അനായാസം താരം പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. അകാഞ്ചി ആണ് സ്വിറ്റ്സർലാന്റിന്റെ ആദ്യ കിക്ക് എടുത്തത് അകാഞ്ചിയുടെ കിക്ക് പിക്ക്ഫോർഡ് തടഞ്ഞു. സ്കോർ 1-0.

ഇംഗ്ലണ്ടിന്റെ രണ്ടാം കിക്ക് എടുത്ത ജൂഡിനും പിഴച്ചില്ല. ഷാർ എടുത്ത സ്വിറ്റ്സർലാന്റ് കിക്കും വലയിൽ. സ്കോർ 2-1.ഇംഗ്ലണ്ടിന്റെ അടുത്ത കിക്ക് എടുത്ത സാകയും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലാന്റിമായി ഷഖീരിയും വല കണ്ടു. സ്കോർ 3-2.

ഐവൻ ടോണി എടുത്ത ഇംഗ്ലണ്ടിന്റെ നാലാം കിക്കും വലയിൽ. ആന്റോണി എടുത്ത സ്വിറ്റ്സർലാന്റ് കിക്കും ലക്ഷ്യത്തിൽ. സ്കോർ 4-3. അടുത്ത കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ട്രെന്റ് അർനോൾഡ് ഇംഗ്ലണ്ടിനെ സെമി ഫൈനലിലേക്ക് എത്തിച്ചു.

ഓപ്പൺ പ്ലെയിൽ നിന്നു ഒരു ഗോൾ പോലും നേടാതെ ഫ്രാൻസ് യൂറോ കപ്പ് സെമിഫൈനലിൽ

യൂറോ കപ്പ് സെമിഫൈനലിൽ ഫ്രാൻസ് എത്തുമ്പോൾ ചെറിയൊരു കൗതുകത്തിനു ആണ് ഫുട്‌ബോൾ ലോകം സാക്ഷിയായത്. ഇത് വരെ ടൂർണമെന്റിൽ ഓപ്പൺ പ്ലെയിൽ നിന്നു ഒരു ഗോൾ പോലും നേടാതെയാണ് അവർ യൂറോയിൽ അവസാന നാലിൽ എത്തുന്നത്. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഇങ്ങനെ സെമിയിൽ എത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ഗോൾ രഹിത സമനിലക്ക് ശേഷം പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ഫ്രാൻസ് ജയം കാണുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്ക് എതിരെ സെൽഫ് ഗോൾ ബലത്തിൽ ജയിച്ച ഫ്രാൻസ് രണ്ടാം മത്സരത്തിൽ ഹോളണ്ടിനു എതിരെ ഗോൾ രഹിത സമനില വഴങ്ങി.

മൂന്നാം മത്സരത്തിൽ പോളണ്ടിനു എതിരെ 1-1 നു സമനില വഴങ്ങിയപ്പോൾ എംബപ്പെ ഗോൾ നേടിയത് പെനാൽട്ടിയിലൂടെ ആയിരുന്നു. പ്രീ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ മറികടക്കാനും ഫ്രാൻസിന് സെൽഫ് ഗോൾ സഹായം വേണ്ടി വന്നു. നിലവിൽ ഇത് വരെ ടൂർണമെന്റിൽ 5 കളികളിൽ 2 സെൽഫ്‌ ഗോളുകളും 1 പെനാൽട്ടി ഗോളും അടക്കം 3 ഗോളുകൾ ആണ് ഫ്രാൻസ് നേടിയത്. അതേസമയം ഒരേയൊരു ഗോൾ മാത്രമാണ് അവർ വഴങ്ങിയത് എന്നത് വില്യം സലിബയും ഉപമകാനോയും നയിക്കുന്ന ഫ്രാൻസ് പ്രതിരോധത്തിന്റെ ശക്തിയും കാണിക്കുന്നുണ്ട്. സെമിഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും നല്ല ഫുട്‌ബോൾ കളിക്കുന്ന മികച്ച ടീം ആയ സ്‌പെയിൻ എതിരാളികൾ ആയി എത്തുമ്പോൾ ഫ്രാൻസ് കടന്നു കൂടുമോ എന്നു കണ്ട് തന്നെ അറിയാം.

33 കൊല്ലങ്ങൾക്ക് ശേഷം അതേ മൈതാനത്ത് അച്ഛന്റെ ഗോൾ ആഘോഷം ആവർത്തിച്ചു മിഖേൽ മൊറേനോ!

ഇന്നലെ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ 119 മത്തെ മിനിറ്റിൽ മിഖേൽ മൊറേനോയുടെ അതുഗ്രൻ ഹെഡർ വിജയഗോളിൽ സ്‌പെയിൻ ജർമ്മനിയെ തോൽപ്പിക്കുമ്പോൾ താരത്തിന്റെ ഗോൾ ആഘോഷവും ശ്രദ്ധേയമാവുകയാണ്. കോർണർ ഫ്ലാഗിനു ചുറ്റും വട്ടം വെച്ചാണ് മൊറേനോ തന്റെ ഗോൾ ആഘോഷിച്ചത്. സ്പെയിനിന് ആയി തന്റെ അഞ്ചാം മത്സരത്തിൽ തന്റെ ആദ്യ ഗോൾ ആണ് റയൽ സോസിദാഡ് താരം നേടിയത്. താരത്തിന്റെ ഗോൾ ആഘോഷം ആണ് നിലവിൽ വൈറൽ ആയത്.

33 വർഷങ്ങൾക്ക് മുമ്പ് 1991 നവംബറിൽ തന്റെ അച്ഛൻ ആഞ്ചൽ മൊറേനോ സ്റ്റുഗാർട്ടിൽ ഇതേ മൈതാനത്ത് ചെയ്ത ഗോൾ ആഘോഷം ആണ് മിഖേൽ മൊറേനോ ആവർത്തിച്ചത്. അന്ന് ഒസാസുന താരം ആയിരുന്ന ആഞ്ചൽ മൊറേനോ യുഫേഫ കപ്പ് രണ്ടാം ലെഗ് മത്സരത്തിൽ സ്റ്റുഗാർട്ടിനു എതിരെ ഗോൾ നേടിയ ശേഷമാണ് ഇതേ ആഘോഷം നടത്തിയത്. 33 വർഷങ്ങൾക്ക് ശേഷം തന്റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന നിമിഷത്തിൽ അച്ഛന്റെ ഗോൾ ആഘോഷം ആവർത്തിച്ചു അച്ഛന് നൽകാവുന്ന ഏറ്റവും മികച്ച ട്രിബ്യൂട്ട് തന്നെ മിഖേൽ മൊറേനോ സമ്മാനിച്ചത് മനോഹരമായ കാഴ്ചയായി.

പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റ് പോർച്ചുഗൽ പുറത്ത്, ഫ്രാൻസ് സെമി ഫൈനലിൽ

യൂറോ കപ്പ് 2024ൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ കീഴ്പ്പെടുത്തി ഫ്രാന്ദ് സെമി ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായി നിന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ ആയിരുന്നു ഫ്രാൻസിന്റെ ജയം.

അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും ഏറെ പ്രയാസപ്പെട്ട മത്സരനായിരുന്നു ഇന്ന് കണ്ടത്. മികച്ച ഡിഫൻസീവ് അടിത്തറ കാത്ത രണ്ട് ടീമും ഗോൾ അടിക്കുന്നതിനെക്കാൾ ഗോൾ വഴങ്ങാതിരിക്കാൻ ആണ് ശ്രമിച്ചത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ വന്നില്ല. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് വന്നു‌.

ഷൂട്ടൗട്ടിൽ 5-3നാണ് ഫ്രാൻസ് ജയിച്ചത്‌. ജാവോ ഫെലിസ്കിന്റെ കിക്ക് ആണ് ലക്ഷ്യം കാണാതെ പോയത്. ഫ്രാൻസിനായി ഡെംബലെ, ഫൊഫാന, കൗണ്ടെ, ബാർകോള, തിയോ ഹെർണാണ്ടസ് എന്നിവർ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു.

പോർച്ചുഗലിനായി റൊണാൾഡോ, ബെർണാഡോ സിൽവ, നുനീ മെൻഡസ് എന്നിവർ ആണ് കിക്ക് ലക്ഷ്യത്തിൽ എത്തിച്ചത്. ഇനി സെമിയിൽ സ്പെയിനെ ആകും ഫ്രാൻസ് നേരിടുക.

119ആം മിനുറ്റിലെ വിജയ ഗോൾ!! ജർമ്മനിയെ പുറത്താക്കി സ്പെയിൻ യൂറോ കപ്പ് സെമിയിൽ

യൂറോ കപ്പിൽ ആതിഥേയരായ ജർമ്മനിയെ പുറത്താക്കി സ്പെയിൻ സെമി ഫൈനലിൽ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു. സ്പെയിനിന്റെ വിജയം. 119ആം മിനുട്ടിലാണ് സ്പെയിന്റെ വിജയഗോൾ വന്നത്. ഇന്ന് തുടക്കം മുതൽ വാശിയേറിയ മത്സരമാണ് കാണാൻ ആയത്‌‌. ഇരു ടീമുകളും അഗ്രസീവ് ആയാണ് കളിച്ചത്. പ്രത്യേകിച്ച് ജർമ്മനിയുടെ ഇന്നത്തെ സമീപനം കൂടുതൽ ഫിസിക്കൽ ആയിരുന്നു.

ഇടക്കിടെ ഫൗളുകൾ കളിയുടെ രസം കൊല്ലിയായ. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ സ്പാനിഷ് താരം പെഡ്രി പരിക്കേറ്റ് പുറത്ത് പോയി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ ആയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് സ്പെയിന്റെ ഗോൾ വന്നത്.

51ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് പന്ത് കൈക്കലാക്കിയ യമാൽ ബോക്സിലേക്ക് റൺ ചെയ്ത് വന്ന ഡാനി ഓൽമോയെ കണ്ടെത്തി. ഓൽമോയുടെ അളന്നു മുറിച്ച ഫിനിഷ് സ്പെയിനെ മുന്നിൽ എത്തിച്ചു. സ്കോർ 1-0.

ഈ ഗോളിന് ശേഷം ജർമ്മനി ഉണർന്നു കളിച്ചു. ഫുൾകർഗുനെ അവർ സബ്ബായി ഇറക്കി. ഫുൽകർഗിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. ജർമ്മനി മുള്ളറിനെയും സബ്ബായി കളത്തിൽ എത്തിച്ചു. തുടർച്ചയായ അറ്റാക്കുകൾക്ക് ഒടുവിൽ ഫ്ലോറിയൻ വിർട്സിലൂടെ ജർമ്മനി 89ആം മിനുട്ടിൽ സമനില നേടി.

കിമ്മിച്ച് ഫാർ പോസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ പിറകോട്ട് നൽകിയ പാാ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ വിർട്സ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. സ്കോർ 1-1. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരു ടീമിനും ഒരോ വലിയ അവസരം ലഭിച്ചു എങ്കിലും സ്കോർ 1-1ൽ തുടർന്നു.

അവസാനം 119ആം മിനുട്ടിൽ സ്പെയിൻ വിജയ ഗോൾ കണ്ടെത്തി. ഡാനു ഒൽമോയുടെ ഒരു ക്രോസിൽ നിന്ന് മൊറേനോയുടെ ഹെഡറിലൂടെ ആയിരുന്നു സ്പെയിന്റെ രണ്ടാം ഗോൾ. ഇതിനു ശേഷം ഒരു ഗോൾ മടക്കാനുള്ള സമയം ജർമ്മനിക്ക് ഉണ്ടായിരുന്നില്ല.
.

ഇനി പോർച്ചുഗൽ ഫ്രാൻസ് മത്സരത്തിലെ വിജയികളെ ആകും സ്പെയിൻ സെമിയിൽ നേരിടുക.

ഇംഗ്ലണ്ടിന്റെ ബെല്ലിങ്ഹാമിനും തുർക്കിയുടെ ഡെമിറാലിനും വിലക്ക്, പക്ഷെ ജൂഡിന് യൂറോ കളിക്കാം!!

ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനും തുർക്കി ഡിഫൻഡർ ഡെമിറാനും വിലക്ക്. കഴിഞ്ഞ മത്സരത്തിലെ ഗോൾ ആഹ്ലാദത്തിനിടയിൽ കാണിച്ച ആംഗ്യങ്ങളാണ് ഇരുവർക്കും പ്രശ്നമായത്‌. ജഡ് ബെല്ലിങ്ഹാം കാണിച്ച ആംഗ്യം മോശം ഭാഷയാണെന്ന് കണ്ടെത്തിയാണ്‌ യുവേഫ താരത്തെ വിലക്കിയത്. ഒരു മത്സരത്തിലാണ് താരത്തിന് വിലക്ക്‌. ഒപ്പം 30000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.

യുവേഫ കോഡ് ഓഫ് കണ്ടക്റ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം കണ്ടെത്തിയതിനാൽ ആണ് ഈ വിലക്ക് എന്ന് യുവേഫ പറഞ്ഞു. എന്നാൽ ഈ വിലക്ക് യൂറോകപ്പിലെ ക്വാർട്ടർ മത്സരത്തിൽ ബാധകം ആകില്ല. അടുത്ത ഒരു വർഷത്തിനിടയിൽ ഏതെങ്കിലും ഒരു മത്സരത്തിൽ നിന്ന് ജൂഡിന് മാറിനിന്നാൽ മതിയാകും. ഏതു മത്സരത്തിലാണ് ജൂഡിനെ ഒഴിവാക്കേണ്ടതെന്ന് താരത്തിനും ഇംഗ്ലണ്ട് ടീമിനും തീരുമാനിക്കാം. ഇതുകൊണ്ട് തന്നെ യൂറോകപ്പിൽ താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ഇംഗ്ലണ്ട് ആശ്വസിക്കാം.

എന്നാൽ തുർക്കി താരം ഡെ മിറാലിന് കിട്ടിയ രണ്ടു മത്സരത്തില വിലക്ക് യൂറോ കപ്പിൽ തന്നെ പ്രാബല്യത്തിൽ വരും. രാഷ്ട്രീയപരമായ സല്യൂട്ട് മത്സരത്തിനിടയിൽ ചെയ്തതിനാലാണ് താരത്തിന് വിലക്ക് കിട്ടുന്നത്. തുർക്കിക്ക് താരത്തിന്റെ സേവനം ക്വാർട്ടർ ഫൈനലിലും അഥവാ സെമിഫൈനലിലെത്തിയാൽ അപ്പോഴും ലഭ്യമാകില്ല. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളടിച്ച് തുർക്കിയുടെ ഹീറോ ആയ് താരമാണ് ഡെ മിറാൽ.

തുർക്കി നെതർലന്റ്സിനെയും ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റിനെയും ആണ് ക്വാർട്ടറിൽ നേരിടേണ്ടത്‌

യൂറോ കപ്പിൽ ഇന്ന് വൻ പോരാട്ടങ്ങൾ

യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ ഇന്ന് ആരംഭിക്കുകയാണ്. രണ്ട് വൻ പോരാട്ടങ്ങൾ ആണ് ഇന്ന് ക്വാർട്ടർ ഫൈനലിൽ നടക്കുന്നത്. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ സ്പെയിനും ജർമ്മനിയും നേർക്കുനേർ വരും. ഈ ടൂർണമെന്റിൽ ഇതുവരെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് സ്പെയിൻ. പ്രീക്വാർട്ടറിൽ ജോർജിയയെ 4-1ന് തകർത്താണ് അവർ ക്വാർട്ടറിൽ എത്തിയത്. ലമിനെ യമാൽ, ഇനികോ വില്യംസ് തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനമാണ് സ്പെയിനിന്റെ കരുത്ത്..

ജർമ്മനിക്ക് ആതിഥേയർ ആണെന്നും മുൻതൂക്കം ഉണ്ട്. ഡെന്മാർക്കിനെ 2-0ന് തോൽപ്പിച്ച് ആണ് ജർമ്മനി ക്വാർട്ടറിലേക്ക് വരുന്നത്. ഈ യൂറോ കപ്പിലെ ഭൂരിഭാഗം ടീമുകളെയും പോലെ ഗോളടി തന്നെയാണ് ജർമ്മനിയുടെ തലവേദന. ജമാൽ മുസിയാലയുടെ ഫോം ആണ് അവരുടെ പ്രതീക്ഷ.

ഇന്ന് നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ ഫ്രാൻസിനെ നേരിടും. രാത്രി 12.30നാണ് ഈ മത്സരം. പ്രീക്വാർട്ടറിൽ കിതച്ചാണ് രണ്ട് ടീമും വരുന്നത്. പോർച്ചുഗൽ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ സ്ലൊവീന്യയെ തോൽപ്പിച്ചപ്പോൾ, ഫ്രാൻസ് ഒരു സെൽഫ് ഗോളിന്റെ ബലത്തിൽ ആണ് ബെൽജിയത്തെ മറികടന്നത്. റൊണാൾഡോയും എംബപ്പെയും തന്നെയാകും ഈ മത്സരത്തിന്റെ ഹൈലൈറ്റ്.

യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ആയി, ഇനി വലിയ പോരാട്ടങ്ങൾ മാത്രം

ഇന്നലെ തുർക്കി ഓസ്ട്രിയയെ തോൽപ്പിച്ചതോടെ ഈ യൂറോ കപ്പിലെ ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ ആയി. വൻ പോരാട്ടങ്ങൾ മാത്രമാണ് ഇനി യൂറോ കപ്പിൽ ബാക്കിയുള്ളത്. എല്ലാം വലിയ ടീമുകൾ. ഒന്നിനൊന്ന് മെച്ചമാണ് ഒരോ ടീമുകളും എന്ന് പറയാം.

ക്വാർട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ജർമ്മനിയും സ്പെയിനും തമ്മിലാണ്. ആതിഥേയരായ ജർമ്മനിയും ഈ യൂറോക്കപ്പിൽ യുവനിരയുമായി അത്ഭുതം കാണിക്കുന്ന സ്പെയിനും തമ്മിലിള്ള പോരാട്ടം വെള്ളിയാഴ്ച ആണ് നടക്കുന്നത്.

പോർച്ചുഗലും ഫ്രാൻസും തമ്മിലാണ് മറ്റൊരു വലിയ പോരാട്ടം. റൊണാൾഡോയും എംബപ്പെയും നേർക്കുനേർ വരുന്നത് ഈ മത്സരത്തിൽ കാണാം. ഇംഗ്ലണ്ട് സ്വിറ്റ്സർലാന്റ്, തുർക്കി നെതർലന്റ്സ് എന്നിവരാണ് മറ്റു ക്വാർട്ടർ ഫൈനലുകളിൽ ഏറ്റുമുട്ടുന്നത്.

ക്വാർട്ടർ ഫൈനൽ;
🇪🇸 Spain 🆚 Germany 🇩🇪 – ജൂലൈ 5 വെള്ളി 9.30PM
🇵🇹 Portugal 🆚 France 🇫🇷 ജൂലൈ 6 ശനി 12.30AM
🏴󠁧󠁢󠁥󠁮󠁧󠁿 England 🆚 Switzerland 🇨🇭 ജൂലൈ 6 ശനി 9.30PM
🇳🇱 Netherlands 🆚 Turkey 🇹🇷 ജൂലൈ 7 ഞായർ 12.30AM

ഓറഞ്ച് പട യൂറോ കപ്പ് ക്വാർട്ടറിൽ!! റൊമാനിയ പുറത്ത്

നെതർലന്റ്സ് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ. ഇന്ന് റൊമാനിയയെ നേരിട്ട നെതർലന്റ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ച നെതർലന്റ്സ് മൂന്ന് ഗോൾ മാത്രമേ അടിച്ചുള്ളൂ എന്നത് മാത്രമെ അവർക്ക് ഇന്ന് നിരാശയായി ഉണ്ടാകൂ.

ഇന്ന് തുടക്കം മുതൽ ഇരു ടീമുകളും അറ്റാക്ക് ചെയ്ത് തന്നെയാണ് കളിച്ചത്. 20ആം മിനുട്ടിൽ ആണ് നെതർലന്റ്സ് ലീഡെടുത്തത്. സാവി സിമൺസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ കോഡി ഗാക്പോയൂടെ ഷോട്ട് നിയർ പോസ്റ്റിൽ റൊമാനിയൻ ഗോൾകീപ്പറെ വീഴ്ത്തുക ആയിരുന്നു. സ്കോർ 1-0.

രണ്ടാം പകുതിയിൽ ഒരിക്കൽ കൂടെ ഗാക്പോ പന്ത് വലയിൽ എത്തിച്ചു എങ്കിലും വാർ അത് ഓഫ്സൈഡ് ആണെന്ന് വിധിച്ചു. പിന്നീടും ഒരുപാട് അവസരങ്ങൾ വന്നു. അവസാനം മാലെൻ നെതർലന്റ്സിന്റെ രണ്ടാം ഗോൾ നേടി. ഗാക്പോയുടെ മികച്ച അസിസ്റ്റിൽ നിന്ന് ആയിരുന്നു ഈ ഗോൾ. സ്കോർ 2-0.

ഇഞ്ച്വറി ടൈമിൽ മാലെൻ ഒരു ഗോൾ കൂടെ നേടി. ഈ ഗോൾ കൂടെ പിറന്നതോടെ നെതർലന്റ്സിന്റെ വിജയം ഉറപ്പായി.

ഓസ്ട്രിയയും തുർക്കിയും തമ്മിലുള്ള പ്രീക്വാർട്ടറിലെ വിജയികളെ ആകും നെതർലന്റ്സ് ക്വാർട്ടർ ഫൈനലിൽ നേരിടുക.

ഇത് എന്റെ അവസാന യൂറോ ആയിരിക്കും – റൊണാൾഡോ

പോർച്ചുഗൽ താരം റൊണാൾഡോ ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കും എന്ന് പ്രഖ്യാപിച്ചു. ഇന്നലെ വൈകാരികമായ നിമിഷങ്ങൾ പിറന്ന സ്ലൊവീന്യക്ക് എതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു റൊണാൾഡോ. താൻ ഇനി ഒരു യൂറോ കളിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല എന്ന് താരം പറഞ്ഞു.

“ഇത് തീർച്ചയായും എൻ്റെ അവസാന യൂറോ ആയിരിക്കും.” അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്നലെ നിർണായക പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് അദ്ദേഹം ആരാധകരോട് മാപ്പും പറഞ്ഞു.

“ആരാധകരോട് ഞാൻ മാപ്പു ചോദിക്കുന്നു. ഈ ജേഴ്സിക്ക് വേണ്ടി ഞാൻ എല്ലായ്‌പ്പോഴും എൻ്റെ ഏറ്റവും മികച്ചത് നൽകും, ഞാൻ വിജയിച്ചാലും ഇല്ലെങ്കിലും എന്റെ മികച്ചത് ഞാൻ നൽകും. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഇത് ചെയ്യും. ഇത്തരം നിമിഷങ്ങളിക് ഉത്തരവാദിത്തം ഏറ്റെടുക്കണം.” റൊണാൾഡോ പറഞ്ഞു. താൻ കുടുംബത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആണ് ഇമോഷണൽ ആകുന്നത് എന്നും റൊണാൾഡോ പറഞ്ഞു.

ഫ്രാൻസിന്റെ റാബിയോക്ക് ക്വാർട്ടർ ഫൈനൽ നഷ്ടമാകും

ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച ഫ്രാൻസിന് ക്വാർട്ടർ പോരാട്ടത്തിൽ അഡ്രിയൻ റാബിയോയുടെ സേവനം നഷ്ടമാകും. ബെൽജിയത്തിന് എതിരായ പ്രീക്വാർട്ടറിൽ മഞ്ഞക്കാർഡ് വാങ്ങിയതാണ് 29കാരന് തിരിച്ചടിയായത്. ഇന്നലെ മഞ്ഞക്കാർഡ് കിട്ടിയാൽ സസ്പെൻഷ് കിട്ടും എന്ന ഭീഷണിയിൽ ആയിരുന്നു റാബിയോ ഇറങ്ങിയത്.

കൈലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയും ഇതേ സസ്പെൻഷൻ ഭീഷണിയിൽ ആയിരുന്നു എങ്കിലും അവർ മഞ്ഞക്കാർഡ് സമ്പാദിച്ചില്ല. പോളണ്ടിനെതിരായ ഫ്രാൻസിൻ്റെ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ആയിരുന്നു റാബിയോ ഇതിനു മുമ്പ് മഞ്ഞക്കാർഡ് വാങ്ങിയത്. ഇന്നലെ ജെറമി ഡോക്കുവിനെതിരെയുള്ള അദ്ദേഹത്തിൻ്റെ റാഷ് ചലഞ്ച് ആണ് മഞ്ഞ കാർഡിൽ കലാശിച്ചത്.

Exit mobile version