ആന്റണി മാർഷ്യൽ ഫ്രാൻസ് ടീമിൽ, ലാപോർടെയെ പിന്നെയും തഴഞ്ഞു

യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഫ്രാൻസ് ടീമിനെ ദെഷാംസ് പ്രഖ്യാപിച്ചു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആന്റണി മാർഷ്യൽ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മാർഷ്യലിനെ ടീമിൽ എടുത്തിരുന്നു എങ്കിലും പരിക്ക് കാരണം താരത്തിന് കളിക്കാൻ ആയിരുന്നില്ല. ഇത്തവണ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മാർഷ്യലിനെ ഫ്രഞ്ച് ജേഴ്സിയിൽ കാണാം. അടുത്ത ആഴ്ച മോൾഡോവയെയും ഐസ്ലാന്റിനെയും ആണ് ഫ്രാൻസ് നേരിടുക.

മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച ഫോമിൽ കളിക്കുന്ന സെന്റർ ബാക്ക് ലപോർടെയെ ഇത്തവണയും ദെഷാംസ് പരിഗണിച്ചില്ല. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒന്നായ ലപോർടെയെ ഇതാദ്യമായല്ല ദെഷാംസ് തഴയുന്നത്. മുമ്പും ഇതുണ്ടായിട്ടുണ്ട്. ദെഷാംസിനെ വിമർശിച്ച് നേരത്തെ ലപോർടെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ചെൽസി യുവ സെന്റർ ബാക്ക് സൗമയ്ക്ക് ടീമിൽ അവസരം കിട്ടിയിട്ടുണ്ട്.

എമ്പപ്പെ, പോഗ്ബ, കാന്റെ, ഗ്രീസ്മെൻ തുടങ്ങി പ്രമുഖരൊക്കെ ടീമിൽ ഉണ്ട്.