ജിറൂദിന്റെ ഗോളിൽ ഫ്രാൻസിന് ജയം

Photo: Twitter/@equipedefrance

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ചെൽസി താരം ഒലിവിയർ ജിറൂദിന്റെ പെനാൽറ്റി ഗോളിൽ ഐസ്ലാൻഡിനെതിരെ ഫ്രാൻസിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായിട്ടാണ് ഐസ്ലാൻഡ് സ്വന്തം ഗ്രൗണ്ടിൽ ഒരു യോഗ്യത മത്സരം തോൽക്കുന്നത്.

പ്രമുഖ താരങ്ങളുടെ പരിക്ക് ഫ്രാൻസിലെ അലട്ടിയ മത്സരത്തിൽ എമ്പപ്പെ, പോഗ്ബ, ലോറിസ്, വരനെ എന്നിവരിൽ ഇല്ലാതെയാണ് ഫ്രാൻസ് ഇന്ന് ഇറങ്ങിയത്. കൂടാതെ മത്സരം തുടങ്ങുന്നതിന് മുൻപ് ചെൽസി താരം കാന്റെ പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു.

രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ പിറന്നത്. ബാഴ്‌സലോണ താരം ഗ്രീസ്മാൻ ഐസ്ലാൻഡ് താരം അരി സ്‌കുലാസണുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്.  പെനാൽറ്റി എടുത്ത ജിറൂദ് ഐസ്ലാൻഡ് ഗോൾ വല കുലുക്കുകയായിരുന്നു.