20231014 021941

ഇരട്ട ഗോളുമായി എമ്പാപ്പെ; യൂറോ ക്വാളിഫയർ താണ്ടി ഫ്രാൻസ്

ഇരട്ട ഗോളുമായി ക്യാപ്റ്റൻ കിലിയൻ എമ്പാപ്പെ മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ നെതർലണ്ട്സിനെ കീഴടക്കി ഫ്രാൻസ്. ഓറഞ്ച് കുപ്പായത്തിൽ അരങ്ങേറിയ ഹാർട്മാൻ ഗോൾ വല കുലുക്കിയ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു ഫ്രാൻസിന്റെ വിജയം. ഇതോടെ ഗ്രൂപ്പ് ബിയിൽ ആറിൽ ആറു മത്സരങ്ങളും ജയിച്ചാണ് ഫ്രാൻസ് യൂറോയിലേക്ക് ടിക്കറ്റ് എടുക്കുന്നത്. രണ്ടു മത്സരങ്ങൾ കൂടി ഗ്രൂപ്പിൽ ബാക്കിയുണ്ട്. ഗ്രീസ് ആണ് ഗ്രൂപ്പിൽ രണ്ടാമത്.

പ്രമുഖ താരങ്ങൾ ഒന്നും ഇല്ലാതെ ഇറങ്ങിയ നേതർലണ്ട്സ് തുടക്കത്തിൽ കളത്തിൽ നന്നേ വിഷമിച്ചു. ഫ്രഞ്ച് പട കൂട്ടത്തോടെ ആക്രമണവുമായി ഇറങ്ങിയപ്പോൾ പിൻവലിഞ്ഞു നിൽക്കാൻ ആണ് ഓറഞ്ച് പട ശ്രദ്ധിച്ചത്. ഏഴാം മിനിറ്റിൽ തന്നെ ഫ്രാൻസ് ലീഡ് എടുത്തു. ഗ്രീസ്മാൻ നൽകിയ പാസ് സ്വീകരിച്ച് ബോക്സിന്റെ വലത് ഭാഗത്ത് നിന്നും ക്ളോസ് നൽകിയ ക്രോസ് എമ്പാപ്പെ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിൽ എത്തിച്ചു. പിന്നീടും ഫ്രാൻസ് തന്നെ മത്സരത്തിൽ മുൻതൂക്കം നിലനിർത്തി. പതിയെ താളം വീണ്ടെടുത്ത നെതർലണ്ട്സ് മുന്നേറ്റങ്ങൾ മെനഞ്ഞെടുത്തു. ഡെംഫ്രൈസ് നൽകിയ മികച്ചൊരു അവസരത്തിൽ ബോക്സിൽ മാർക് ചെയ്യപ്പെടാതെ നിന്ന വീർമന്റെ ഷോട്ട് പൊസിറ്റിന് മുകളിലൂടെ കടന്ന് പോയി. എതിർ താരങ്ങളെ ഒന്നൊന്നായി മറികടന്ന് സാവി സിമൺസ് തൊടുത്ത ഷോട്ടും ലക്ഷ്യത്തിൽ നിന്നും അകന്നു. ബോസ്‌കിന് പുറത്തു നിന്നും സാവിയുടെ മറ്റൊരു ഷോട്ടും കീപ്പർ തടുത്തു. ചൗമേനിയുടെ ലോങ്റേഞ്ചർ വെർബ്രുഗർ കൈക്കലാക്കി. ഹാർട്മാന്റെ തകർപ്പൻ ഒരു ഷോട്ട് മായ്ഗ്നന്റെ കൈകളിൽ നിന്നും വഴുതി എങ്കിലും താരം അപകടം ഒഴിവാക്കി.

രണ്ടാം പകുതിയിലും ഫ്രാൻസിന്റെ ആധിപത്യം തുടർന്നു. മലന്റെ ഷോട്ട് തിയോ ഹെർണാണ്ടസ് തടയിട്ടു. 53ആം മിനിറ്റിൽ എമ്പാപ്പെയിലൂടെ ഫ്രാൻസ് ലീഡ് വീണ്ടെടുത്തു. റബിയോട്ടിന് പന്ത് കൈമാറി കുതിച്ച താരം പാസ് തിരിച്ചു സ്വീകരിച്ചു ബോക്സിന് പുറത്തു നിന്നും തൊടുത്ത ലോകോത്തര ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ പതിച്ചു. പിന്നീട് നാഥൻ ആകെയുടെ പാസിൽ മലൻ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചിരുന്നു. താരത്തിന്റെ മറ്റൊരു ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 83ആം മിനിറ്റിൽ ഹാർട്മാനിലൂടെ നേതർലന്റ്സ് ഗോൾ കണ്ടെത്തി. ബെർഗ്വൈനുമായി ചേർന്ന് അതിമനോഹരമായി മുന്നേറ്റം കോർത്തെടുത്ത താരം ബോക്സിലേക്ക് കയറി തൊടുത്ത ഷോട്ട് കീപ്പർക്കും തടുക്കാൻ ആയില്ല. 86ആം മിനിറ്റിൽ എമ്പാപ്പെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ജിറൂഡിന്റെ ശ്രമം കീപ്പർ കൈക്കലാക്കി. സമനില ഗോളിനായുള്ള നേതർലണ്ട്സിന്റെ പല നീക്കങ്ങളും ഓഫ്സൈഡിൽ കുരുങ്ങി. മർകസ് തുറാമിന്റെ ഷോട്ട് വൻ ഡെ മെൻ തടുത്തു.

Exit mobile version