എറിക്സന്റെ ഹാട്രിക്ക് മികവിൽ ഡെന്മാർക്കിന് ലോകകപ്പ് യോഗ്യത

ഹാട്രിക്ക് മികവോടെ ക്രിസ്ത്യൻ എറിക്സൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഡെന്മാർക്കിന് ലോകകപ്പ് യോഗ്യത. സ്വന്തം നാട്ടിൽ ഇറങ്ങിയ അയർലാൻഡിനെ 1-5 ന് മറികടന്നാണ് ഡാനിഷ് ടീം റഷ്യയിലേക്കുള്ള ഇരിപ്പിടം ഉറപ്പിച്ചത്. യൂറോപ്പിൽ നിന്ന് ലോകകപ്പിൽ കളിക്കാനുള്ള അവസാന ഇടത്തിനായി പോരാടിയ മത്സരത്തിൽ ഡാനിഷ് ടീമിന്റെ ആക്രമണ മികവിന് മുൻപിൽ അയർലൻഡ് ടീം പതറുകയായിരുന്നു. ആദ്യം ലീഡ് നേടിയിട്ടും തകർന്ന അയർലൻഡ് പ്രതിരോധം തന്നെയാണ് അവരുടെ തോൽവിക്ക് പ്രധാന കാരണകാരായത്.

ഡെന്മാർക്കിൽ ആദ്യ പാദ മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെ ഇന്ന് ജയിക്കുന്നവർക്ക് യോഗ്യത എന്ന അവസ്ഥയിൽ ആരംഭിച്ച മത്സരത്തിൽ അയർലന്റാണ് ആദ്യ ഗോൾ നേടിയത്. ആറാം മിനുട്ടിൽ അയർലന്റ് ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിൽ ഡെൻമാർക്ക് താരങ്ങൾക്ക് പിഴച്ചപ്പോൾ ഡിഫെണ്ടർ ഷെയിൻ ഡഫി സ്വന്തം ആരാധകരെ ആവേശത്തിലാക്കി ലീഡ് നേടി. പക്ഷെ പിന്നീട് മത്സരത്തിന്റെ നിയന്ത്രണം ഡെൻമാർക്ക് ഏറ്റെടുത്തതോടെ അയർലന്റിന് കാര്യങ്ങൾ കടുപ്പമായി. ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ച ഡെൻമാർക്ക് 29 ആം മിനുട്ടിൽ .സിസ്റ്റോയുടെ പാസ്സ് ക്രിസ്റ്റിൻസൻ ഗോളിലേക്ക് തിരിച്ചു വിട്ടത് പോസ്റ്റിൽ തട്ടി  അയർലൻഡ് ഡിഫെണ്ടർ ക്രിസ്റ്റിയുടെ സെൽഫ് ഗോളായി. ഏറെ വൈകാതെ ടോട്ടൻഹാമിന്റെ മധ്യ നിര താരം ക്രിസ്ത്യൻ എറിക്സൻ ഡെന്മാർക്കിന് ലീഡ് നൽകി. ഇതോടെ ഡെന്മാർക്കിന് രണ്ടു എവേ ഗോളുകളുടെ മുൻതൂക്കം, അയർലന്റിന് യോഗ്യത നേടാൻ അതോടെ സമനില മാത്രം മതിയാവില്ല എന്ന അവസ്ഥ.

യോഗ്യതക്കായി രണ്ടു ഗോളുകൾ ആവശ്യമുള്ള അയർലന്റ് പരിശീലകന് മാർട്ടിൻ ഒനിൽ രണ്ടു മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. പക്ഷെ രണ്ടാം പകുതിയിലും ഡെൻമാർക്ക് ആധിപത്യം തുടർന്നു. 63 ആം മിനുട്ടിൽ എറിക്സൻ വീണ്ടും ഗോൾ നേടിയതോടെ അവർ യോഗ്യത ഉറപ്പിച്ചു. പിന്നീട് 73 ആം മിനുട്ടിൽ അയർലൻഡ് പ്രതിരോധകാരന്റെ പിഴവ് മുതലെടുത്ത് എറിക്സൻ ഹാട്രിക് തികച്ചതോടെ അയർന്റിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പിന്നീട് ഏതാനും അവസരങ്ങൾ സൃഷ്ടിക്കാൻ അയർലന്റിന് ആയെങ്കിലും  അതൊന്നും ഡെൻമാർക്ക് ആധിപത്യത്തെ തകർക്കാൻ പോയതായിരുന്നില്ല. 89 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ബെൻറ്റ്നർ ഡെന്മാർക്കിന്റെ അഞ്ചാം ഗോൾ നേടിയതോടെ അയർലൻഡിന്റെ പതനം പൂർത്തിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചൈന ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളുടെ കൂട്ടപിന്മാറ്റം
Next articleഷദബ് ഖാന് പിന്നാലെ മറ്റൊരു പാക്കിസ്ഥാന്‍ താരത്തെ സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്സ്