പ്രീമിയർ ലീഗ്: ആധിപത്യം ഉറപ്പിക്കാൻ ചെൽസി, വിജയ വഴിയിൽ തിരിച്ചെത്താൻ ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന ഘട്ട മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ഇന്നും നാളെയുമായി പ്രീമിയർ ലീഗ് ടീമുകൾക്ക് നിർണായക മത്സരങ്ങൾ.

കിരീട പോരാട്ടത്തിൽ ചെൽസിയുമായി കനത്ത പോരാട്ടത്തിൽ ഏർപ്പെടുന്ന ടോട്ടൻഹാമിന്‌ ഇത്തവണ എതിരാളികൾ വാട്ട് ഫോർഡ് , ചെൽസിയുമായി 7 പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന സ്പർസിന് ഒരു തോൽവിയോ സമനിലയോ താങ്ങാവുന്നതിലും അപ്പുറമാവും, പ്രത്യേകിച്ച് ചെൽസി വിജയ വഴിയിൽ തിരിച്ചെത്തിയ സ്ഥിതിക്. വാട്ട് ഫോർഡ് തുടർച്ചയായ രണ്ട് ജയങ്ങളുമായി മികച്ച ഫോമിലുമാണ്, എന്നാൽ സ്വന്തം മൈതാനത്ത് അവരെ തളക്കാം എന്ന് തന്നെയാവും പോച്ചെറ്റിനോയുടെ ടീമിൻറെ ആത്മവിശ്വാസം. കഴിഞ്ഞ മത്സരത്തിൽ സ്വാൻസിക്കെതിരെ ജയം നേടിയ ടീമിൽ നിന്ന് ആർക്കും പരിക്കില്ല എന്നത് സ്പർസിന് ആശ്വാസമാകും , എന്നാൽ വാട്ട് ഫോർഡ് നിരയിൽ ക്യാപ്റ്റൻ ദീനി അടക്കം ഏതാനും കളിക്കാർ പരിക്കിന്റെ പിടിയിലാണ്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പൊരുതി നേടിയ ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത ചെൽസിക്ക് എതിരാളികൾ കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെ സമനിലയിൽ തളച്ച ബോൺ മൗതാണ് എതിരാളികൾ. നിലവിലെ സാഹചര്യത്തിൽ പോയിന്റ് വിട്ടു കൊടുക്കുന്നത് ആത്മഹത്യാപരമാവും എന്നറിയുന്ന ചെൽസി ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാൻ സാധ്യതയില്ല.
ചെൽസി നിരയിലേക്ക് പരിക്കേറ്റു കഴിഞ്ഞ രണ്ട് മത്സരങ്ങൾ കളിക്കാതിരുന്ന വിക്ടർ മോസസ് ടീമിൽ തിരിച്ചെത്തിയേക്കും. മോസസ് തിരിച്ചെത്തുന്നതോടെ ശക്തമാവുന്നു ചെൽസി ആക്രമണ നിരയിൽ തന്നെയാവും കോണ്ടേയുടെ പ്രതീക്ഷ. ബേൺമൗത് നിരയിൽ സ്റ്റാനിസ്ലാസ് ,ഗോസ്‌ലിംഗ് എന്നിവർ പരിക്കിന്റെ പിടിയിലാണ്.

കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷം സമനില വഴങ്ങിയ ലിവർ പോളിന് എതിരാളികൾ സ്റ്റോക്ക് സിറ്റിയാണ്. സ്റ്റോക്കിന്റെ ഗ്രൗണ്ടിൽ ജയം കണ്ടെത്തുക എന്നത് ഏതൊരു ടീമിനും ശ്രമകരമായ ജോലിയാണ്. കഴിഞ്ഞ മത്സരത്തിൽ ഏറെ വിമർശനം നേരിട്ട ലിവർപൂൾ പ്രതിരോധം എങ്ങനെ സ്റ്റോക്ക് ആക്രമണത്തെ നേരിടും എന്നതിന് അനുസരിച്ചിരിക്കും അവരുടെ ഫലം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയ സ്റ്റോക്കിന് സ്വന്തം മൈതാനത്ത് തിരിച്ചുവരവിനുള്ള അവസരമാണ് ഈ മത്സരം. പ്രത്യേകിച്ചും സാദിയോ മാനെ ഇല്ലാതെ കഷ്ട്ടപ്പെടുന്ന ലിവർപൂളിനെതിരെയാവുമ്പോൾ.
ചാമ്പ്യൻസ് ലീഗ് അവസരത്തിനായുള്ള കനത്ത പോരാട്ടത്തിൽ പിന്നോട്ട് പോകാതിരിക്കാൻ ജയത്തോടെ എതിരാളികളേക്കാൾ ആധിപത്യം നേടാനാവും ലിവർപൂളിന്റെ ശ്രമം.

കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ രണ്ട് ടീമുകളുടെ പോരാട്ടമാവും ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കുക. വെസ്റ്റ് ഹാമിന്‌ സ്വാൻസിയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷം വഴങ്ങിയ തോൽവിയുടെ നിരാശ ജയത്തോടെ മറക്കാനാവും പോൾ ക്ലമന്റിന്റെ സ്വാൻസിയുടെ ശ്രമം. നിലവിൽ 18 ആം സ്ഥാനത്ത് നിൽക്കുന്ന സ്വാൻസിക്ക് വേറൊരു പരാജയം കൂടെ വഴങ്ങിയാൽ അവരുടെ സ്ഥിതി തീർത്തും മോശമാകും. വെസ്റ്റ് ഹാമിന്റെ സ്ഥിതിയും അത്ര മെച്ചത്തിലല്ല, നിലവിൽ 15 ആം സ്ഥാനത്തുള്ള അവർക്ക് ഒരു തോൽവി പുറത്താക്കൽ സോണിലേക്ക് തള്ളിവിടും അവരെ. വെസ്റ്റ് ഹാം നിരയിൽ ഇത്തവണയും മിക്കൽ അന്റോണിയോയും ആൻഡി കരോളും കളിക്കാൻ സാധ്യതയില്ല.

വെസ്റ്റ് ബ്രോമിന് ഇത്തവണ എതിരാളികൾ സൗതാംപ്ടനാണ്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ നേടിയ ജയത്തോടെയാണ് സൗത്താംപ്ടൺ വെസ്റ്റ് ബ്രോമിൻറെ മൈതാനത്തേക്ക് വരുന്നത്, പോയിന്റ് ടേബിളിൽ തൊട്ടടുത്തു നിൽക്കുന്ന തുല്ല്യ ശക്തികളുടെ പോരാട്ടമാവും ഇന്ന് നടക്കുക. വെസ്റ്റ് ബ്രോം നിരയിൽ ഫിലിപ്സ് കളിക്കാൻ സാധ്യതയില്ല , സൗത്താംപ്ടൺ നിരയിൽ ബെർട്ടൻഡ് , ഗാബിബിയാദീനി എന്നിവർ ഇത്തവണയും കളിക്കാൻ സാധ്യതയില്ല.

ചെൽസിയോടേറ്റ തോൽവിക്ക് ശേഷം സ്വന്തം മൈതാനത്ത് ഇറങ്ങുന്ന സിറ്റിക്ക് എതിരാളികൾ ഹൾ സിറ്റിയാണ് എതിരാളികൾ. തുടർച്ചയായ 2 ജയങ്ങൾ നേടിയ ഹൾ സിറ്റി ആത്മവിശ്വാസത്തോടെ തന്നെയാവും എത്തിഹാദ് സ്റ്റേഡിയത്തിലേക്ക് എത്തുക. കഴിഞ്ഞ 3 മത്സരങ്ങളിൽ ജയം കാണാനാവാതെ വിഷമിക്കുന്ന സിറ്റിക്ക് 17 ആം സ്ഥാനത്തിരിക്കുന്ന ഹളിനെതിരെ ജയം കാണുക എന്നത് പ്രയാസകരമാവില്ല , പക്ഷെ മാർക്കോസ് സിൽവയെന്ന തന്ത്രജ്ഞനായ പരിശീലകൻ പെപ് ഗാർഡിയോളയുടെ ഏതു തന്ത്രങ്ങളുടെയും മുനയൊടിക്കാൻ കെൽപുള്ള മറു മരുന്നുകളുമായാവും ടീമിനെ ഇറക്കുക.
സിറ്റി നിരയിൽ കഴിഞ്ഞ മത്സരം കളിച്ച ഡെൽഫ് , കമ്പനി എന്നിവർ പരിക്ക് കാരണം കളിക്കാൻ സാധ്യതയില്ല.
ഹൾ നിരയിൽ ഹെർണാണ്ടസും കളിച്ചേക്കില്ല.

ഡിസംബറിന് ശേഷം ഒരു മത്സരം പോലും ജയിക്കാനാവാതെ വിഷമിക്കുന്ന മിഡിൽസ്ബറോക്ക്‌ സ്വന്തം മൈതാനത് ബേൺലിയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ സ്റ്റോക്കിനെ തകർത്ത ആത്മവിശ്വാസം ബേൺലിക്കു തുണയായേക്കും. മിഡിൽസ്ബറോ നിരയിൽ രമിറസ് കളിച്ചേക്കില്ല. ബേൺലി നിരയിൽ ഡിഫോറും കളിക്കാൻ സാധ്യതയില്ല.

Previous articleഇന്നാദ്യ സെമി, ഗോകുലം എഫ് സിയും സെൻട്രൽ എക്സൈസും നേർക്കുനേർ
Next articleകേരളാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, സാറ്റിന് എഫ് സി തൃശ്ശൂരിന്റെ വെല്ലുവിളി