യുണൈറ്റഡിന് ഇത്തവണയും സമനില തന്നെ, ലെസ്റ്ററിന് ആറാം ജയം

 

ഓൾഡ് ട്രാഫോഡിൽ വീണ്ടും യുണൈറ്റഡിന് സമനില കുരുക്ക്. എവർട്ടനെതിരെ 1-1 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയത്. ഇതോടെ സീസണിലെ 9 ആം ഹോം മത്സരത്തിലാണ് യൂണൈറ്റഡ് സമനില വഴങ്ങുന്നത്.

പോൾ പോഗ്ബ, മികിതാര്യൻ , മാർഷിയാൽ എന്നിവരെ ബെഞ്ചിൽ ഇരുത്തി ആദ്യ ഇലവൻ ഇറക്കിയ മൗറീഞ്ഞോക്ക് പക്ഷെ കളി തുടങ്ങിയ ആദ്യ മിനുട്ടുകളിൽ തന്നെ  മധ്യനിരയിൽ അവസരം സൃഷ്ടിക്കാൻ മിടുക്കനായ കളിക്കാരന്റെ അഭാവം മനസ്സിലായിട്ടുണ്ടാവണം. എവർട്ടനാവട്ടെ ഏതാനും മികച്ച മുന്നേറ്റങ്ങളുമായി യുനൈറ്റഡ് പ്രതിരോധക്കാർക്കു തലവേദന സൃഷ്ടിക്കുകയും ചെയ്തു.
22 ആം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത് ഫിൽ ജാഗിയൽക്കയാണ് എവർട്ടന്റെ ഗോൾ നേടിയത്. ബോൾ ക്ലിയർ ചെയ്യാൻ പറ്റാവുന്ന പൊസിഷനിലായിട്ടും യുനൈറ്റഡ് ഡിഫെണ്ടർ റോഹോ പകച്ചു നിന്നപ്പോൾ ജാഗിയൽക്കയുടെ ഓവർ ഹെഡ് കിക് യൂണൈറ്റഡ് ഗോളി ഡിഹയുടെ കാലിനിടയിലൂടെ വലയിലെത്തി.

രണ്ടാം പകുതിയിൽ ലഭിച്ച ഏതാനും അവസരങ്ങൾ മുതലാക്കുന്നത്തിൽ ലുക്കാകുവിന് പിഴച്ചപ്പോൾ എവർട്ടന് ലീഡ് ഉയർത്താനായില്ല. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ എവർട്ടൻ കൂടുതൽ പ്രതിരോധാത്മകമായ കളി കളിച്ചപ്പോൾ യുണൈറ്റഡിന് ഏതാനും അവസരങ്ങൾ സൃഷ്ടിക്കാനുമായി. എക്സ്ട്രാ ടൈമിൽ ഗോളെന്നുറച്ച യുണൈറ്റഡിന്റെ ശ്രമം കൈകൊണ്ട് ആഷ്‌ലി വില്യംസ് തടുത്തപ്പോൾ യുണൈറ്റഡിന് പെനാൽറ്റിയും വില്യംസിന് ചുവപ്പ്‌ കാർഡും . ഇബ്രാഹിമോവിച് പിഴവൊന്നും കൂടാതെ തന്നെ പെനാൽറ്റി ഗോളാക്കി മാറ്റി. 29 കളികളിൽ നിന്നു 54 പോയിന്റുള്ള യൂണൈറ്റഡ് 5 ആം സ്ഥാനത്തും 31 കളികളിൽ നിന്ന് 51 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്തുമാണ് ഉള്ളത്.

ക്രെഗ് ഷേക്സ്പിയറിന് കീഴിലെ കുതിപ്പ് തുടർന്ന് ലെസ്റ്റർ സിറ്റി. സണ്ടർലണ്ടിനെതിരെ എതിരില്ലാത്ത 2 ഗോൾ ജയത്തോടെ ലീഗിൽ തുടർച്ചയായ 6 ആം ജയമാണ് ലെസ്റ്റർ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 69 ആം മിനുട്ടിൽ ഇസ്‌ലാം സിൽമാനിയും, 78 ആം മിനുട്ടിൽ ജാമി വാർഡിയുമാണ്‌ ലെസ്റ്ററിനായി ഗോളുകൾ നേടിയത്. ഇന്നത്തെ തോൽവിയോടെ ഡേവിഡ് മോയസിന്റെ സണ്ടർലാൻഡ് പുറത്താക്കൽ ഭീഷണിയിൽ നിന്ന് ഇനി രക്ഷപെടണമെങ്കിൽ അത്ഭുതങ്ങൾ സംഭവികേണ്ടി വരും.
ജയത്തോടെ 36 പോയിന്റുള്ള ലെസ്റ്റർ 10 ആം സ്ഥാനത്താണ്‌, വെറും 20 പോയിന്റുള്ള സണ്ടർലാൻഡ് അവസാന സ്ഥാനത്തും.

സ്വന്തം മൈതാനത്ത് വാട്ട്ഫോഡിന് വെസ്റ്റ് ബ്രോമിനെതിരെ മികച്ച ജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് മസ്സാരിയുടെ ടീം പ്യുലിസിന്റെ ടീമിനെ തോൽപിച്ചത്. ആദ്യ പകുതിയിൽ നിയാങിന്റെയും , രണ്ടാം പകുതിയിൽ ട്രോയ് ദീനിയുടെയും ഗോളുകളാണ് വാട്ട്ഫോഡിന് ജയം സമ്മാനിച്ചത്. 30 കളികളിൽ നിന്ന് 37 പോയിന്റുള്ള വാട്ട് ഫോർഡ് 9 ആം സ്ഥാനത്തും , 31 കളികളിൽ നിന്നു 44 പോയിന്റുള്ള വെസ്റ്റ് ബ്രോം 8 ആം സ്ഥാനത്തുമാണ്.

ബേൺലിയുടെ  മൈതാനത്ത് സ്റ്റോക്കിനും അടിതെറ്റി. ടർഫ് മൂറിൽ ജോർജ് ബോയ്ഡ് നേടിയ ഏക ഗോളാണ് ബേർൻലിക്ക് ജയം സമ്മാനിച്ചത്. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും നേടിയ മുൻതൂക്കം മുതലാക്കുന്നതിൽ സ്റ്റോക്കിന് പിഴച്ചപ്പോൾ ജയം ബെർൻലിക്കൊപ്പം നിൽക്കുകയായിരുന്നു. ജയത്തോടെ 35 പോയിന്റുള്ള ബെർൻലി 12 ആം സ്ഥാനത്തും 36 പോയിന്റുള്ള സ്റ്റോക്ക് 11 ആം സ്ഥാനത്തുമാണ്.

Previous articleവീണ്ടും ഹയർ സബാൻ കോട്ടക്കലിന്റെ തിരിച്ചുവരവ് ജയം
Next articleകേരള പ്രീമിയർ ലീഗ് ഏപ്രിൽ എട്ടു മുതൽ, പത്തു ടീമുകൾ ഒരു കിരീടം