ഇത്തവണയും ലിവർപൂളിന് സമനില തന്നെ

റാഫാ ബെനീറ്റസിന്റെ പഴയ ക്ലബ്ബിനെതിരെയുള്ള മടങ്ങി വരവിൽ ലിവർപൂളിനെ ന്യൂ കാസിൽ യുനൈറ്റഡ് സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടിയ മത്സരത്തിൽ ലിവർപൂളിനായി കുട്ടീഞ്ഞോയും ന്യൂ കാസിലിനായി ഹോസെല്യൂവും ഗോളുകൾ നേടി. തുടർച്ചയായ സമനിലകൾ കാരണം വലയുന്ന ക്ളോപ്പിന് കൂടുതൽ സമ്മർദ്ദം നൽകുന്നതായി ഇന്നത്തെ മത്സര ഫലം.

ആക്രമണ നിരയിൽ മാറ്റങ്ങളുമായാണ് ക്ളോപ്പ് ടീമിനെ ഇറക്കിയത്. ഫിർമിനോക്ക് പകരം സ്റ്ററിഡ്ജിനെ ഇറക്കിയ ക്ളോപ്പ് വിലക്ക് മാറി വന്ന മാനേക്കും അവസരം നൽകി. ആദ്യ പകുതിയിൽ കൂടുതൽ സമയവും പന്ത് കൈവശം വച്ചത് ലിവർപൂൾ ആണെങ്കിലും ഗോളിലേക്ക് കൂടുതൽ ഷോട്ടുകൾ പായിച്ചത് ന്യൂ കാസിലായിരുന്നു. 29 ആം മിനുട്ടിൽ കുട്ടീഞ്ഞോയിലൂടെയാണ് ലിവർപൂൾ ലീഡ് നേടിയത്. സ്ഥിരം ശൈലിയിൽ ബോക്സിന് പുറത്ത് നിന്ന് പായിച്ച ഷോട്ടിലൂടെയാണ് കുട്ടീഞ്ഞോ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്ററിന് എതിരെയും കുട്ടീഞ്ഞോ ഗോൾ നേടിയിരുന്നു. പക്ഷെ ഏറെ വൈകും മുൻപേ ഹൊസെലുവിലൂടെ ന്യൂ കാസിൽ ആൻഫീല്ഡിനെ നിശ്ശബ്ദമാക്കി. 36 ആം മിനുട്ടിൽ അങ്ങനെ സ്കോർ 1-1.

രണ്ടാം പകുതിയിലും ലിവർപൂൾ നേരിയ ആധിപത്യം നില നിർത്തിയെങ്കിലും ലിവർപ്പൂൾ ആക്രമണ നിരയെ ന്യൂ കാസിൽ നന്നായി തന്നെ പ്രതിരോധിച്ചു. വിജയ ഗോളിനായി ശ്രമിച്ച ക്ളോപ്പ് 74 ആം മിനുട്ടിൽ സ്റ്ററിഡ്ജിനെയും മാനെയെയും പിൻവലിച്ച് ഫിർമിനോയെയും സോളങ്കിയെയും ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാൻ പറ്റാതെ വന്നതോടെ ലിവർപൂൾ 7 മത്സരങ്ങൾക്കിടയിലെ 4 ആം സമനില വഴങ്ങി. ലീഗിൽ ഇന്ന് ജയിച്ചു 3 ആം സ്ഥാനത്തേക്ക് കയറാനുള്ള സുവർണാവസരവും അവർ കളഞ്ഞു കുളിച്ചു. ചാംപ്യൻസ് ലീഗിലും രണ്ടാം മത്സരത്തിൽ സമനില വഴങ്ങിയ ലിവർപൂൾ പ്രതിരോധനിരയിലെ പ്രശ്നങ്ങൾ പതിവ് പോലെ വരും ദിവസങ്ങളിലും ചർച്ചയാവും.

ന്യൂ കാസിലിന് ബ്രയ്റ്റനോടുള്ള തോൽവിക്ക് ശേഷം ശക്തരായ ലിവർപൂളിനെതിരെ സമനില നേടാനായി എന്നത് ആശ്വാസമാവും. ഷെൽവെയും ഹോസെല്യൂവും ഫോമിലേക്ക് മടങ്ങി വന്നത് വരും മത്സരങ്ങളിൽ ബെനീറ്റസിന് കാര്യങ്ങൾ എളുപ്പമാകും. 7 മത്സരങ്ങളിൽ 12 പോയിന്റുള്ള ലിവർപൂൾ 7 ആം സ്ഥാനത്തും, 7 മത്സരങ്ങളിൽ 10 പോയിന്റുള്ള ന്യൂ കാസിൽ ഒൻപതാം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജയ പ്രതീക്ഷയുമായി ദക്ഷിണാഫ്രിക്ക അഞ്ചാം ദിവസത്തിലേക്ക്
Next articleതമിഴ് തലൈവാസിനു ജയമില്ല, മൂന്ന് പോയിന്റ് തോല്‍വി മുംബൈയോട്