ജർമ്മനിയും പോളണ്ടും ഇംഗ്ലണ്ടും ഇന്ന് കളത്തിൽ ലക്ഷ്യം റഷ്യ

ഗ്രൂപ്പ് സി-യിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച് തുടങ്ങിയ ലോകചാമ്പ്യന്മാർ ഇത് വരെ ഒറ്റ ഗോളും വഴങ്ങിയിട്ടില്ല. ഇരു കളികളിലായി 6 ഗോളുകൾ അടിച്ച് കൂട്ടിയ ടീമിനെ വലക്കുന്നത് മുന്നേറ്റത്തിൽ മരിയാ ഗോഡ്സയുടെ ഫോമില്ലായ്മയാണ്. മരിയ ഗോമസിനെ നേരത്തെ നഷ്ടമായ ജർമ്മനിക്ക് ഗോഡ്സയെ വീണ്ടും ആശ്രയിക്കേണ്ടി വരും. എന്നാൽ അവസരങ്ങൾക്ക് പിറകെ അവസരങ്ങൾ തുറക്കുന്ന ഗോളുകൾ കണ്ടത്തുന്ന മധ്യനിരയിലാവും ജോക്വിം ലോ വിശ്വാസമർപ്പിക്കുക. നോർവേക്കും ചെക് റിപ്പബ്ലിക്കിനുമെതിരായി 4 ഗോളുകൾ അടിച്ച് കൂട്ടിയ തോമസ് മുളളർ ഉജ്ജ്വല ഫോമിലുമാണ്. പ്രതിഭകളുടെ പടയുള്ള ജർമ്മനിക്ക് വലിയ ഭീക്ഷണി ഉയർത്താൻ വടക്കൻ അയര്‍ലന്‍ഡിനാവുമോ എന്ന് കണ്ടറിയണം. ദുർബലരായ സാൻ മറീനോയെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തെത്തുന്ന വടക്കൻ അയര്‍ലന്‍ഡ് ജർമ്മനിയെ സമനിലയിൽ തളക്കാനെങ്കിലും ഉറച്ചാവും എത്തുക. ജർമ്മനിയോടേറ്റ വലിയ തോൽവി മറക്കാനാവും ചെക് റിപ്പബ്ലിക് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അസർബജാനെ നേരിടുക. ഗ്രൂപ്പിൽ നോർവേയുടെ എതിരാളികൾ സാൻ മറീനോയാണ്. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 12.15 നാണ് മത്സരങ്ങൾ മൂന്നും നടക്കുക.

ഗ്രൂപ്പ് ഇ-യിലെ കരുത്തരുടെ പോരാട്ടത്തിൽ ഡെൻമാർക്കിനെ ലെവൻഡോസ്കിയുടെ ഹാട്രിക്കിൻ്റെ സഹായത്തോടെ 3-2 നു മറികടന്ന ആത്മവിശ്വാസത്തോടെയാവും പോളണ്ട് താരതമ്യേന ദുർബലരായ അർമേനിയയെ നേരിടാൻ ഇറങ്ങുക. എന്നാൽ നാപ്പോളി താരം മിലികിനെ പരിക്ക് മൂലം നഷ്ടമായത് ടീമിൽ പ്രശ്നങ്ങളുണ്ടാക്കും. സ്വപ്നസമാനമായ ഫോമിലുള്ള ലെവൻഡോസ്കിയുടെ ബൂട്ടുകളിലാവും പോളണ്ട് പ്രതീക്ഷകൾ അത്രയും. ഗ്രൂപ്പ് ഇ-യിലെ ഒന്നാം സ്ഥാനക്കാരായ മോണ്ടൻഗ്രക്കെതിരെ, പോളണ്ടിൽ നിന്നേറ്റ തിരിച്ചടി മറന്നൊരു വിജയമാവും ഡെൻമാർക്കും ലക്ഷ്യം വയ്ക്കുക. ഇരു മത്സരങ്ങളും ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 12.15 നാണ്. ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ചൊവ്വാഴ്ച്ച രാത്രി ഇന്ത്യൻ സമയം 9.30 നു കസാക്കിസ്ഥാൻ റൊമാനിയേയും നേരിടും.

പരിശീലകൻ്റെ പുറത്താകലിനു ശേഷം നടന്ന ആദ്യമത്സരത്തിൽ ദുർബലരായ മാൾട്ടക്കെതിരെ നിറം മങ്ങിയ വിജയമാണ് ഗ്രൂപ്പ് എഫിൽ ഇംഗ്ലണ്ടിന് സ്വന്തമാക്കാനായത്. നിരവധി അവസരങ്ങൾ തുറന്നെങ്കിൽ 2 തവണ മാത്രമേ മാള്‍ട്ട പ്രതിരോധത്തെ കീഴ്പ്പെടുത്താൻ ഇംഗ്ലണ്ടിനായുളളു. അതിനാൽ തന്നെ ശക്തരായ സ്ലോവാക്യയെ അട്ടിമറിച്ചെത്തുന്ന സ്ലോവാനിയ സ്വന്തം കാണികൾക്ക് മുമ്പിൽ ഇംഗ്ലണ്ടിനെതിരെ മറ്റൊരു അട്ടിമറിക്കാവും ശ്രമിക്കുക. എന്ത് വിലകൊടുത്തും വിജയിക്കാൻ ഉറച്ച് തന്നെയാവും ഇംഗ്ലണ്ടും എത്തുക. സ്ലോവാനിയക്കെതിരെ പരാജയപ്പെട്ട സ്ലോവാക്യയും ദുർബലരായ ലിത്വാനിയക്കെതിരെ സമനില വഴങ്ങിയ സ്കോട്ട്‍ലാണ്ടും ഏറ്റ് മുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞ ഒന്നും ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പിലെ ദുർബലരുടെ പോരാട്ടത്തിൽ ലിത്വാനിയ മാൾട്ടയും നേരിടും. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 12.15 നാണ് ഈ മത്സരങ്ങൾ.

പ്രധാനപ്പെട്ട മത്സരങ്ങൾ സോണി സിക്സ്, സോണി ഇ.എസ്.പി.എൻ എന്നീ ചാനലുകളിൽ തൽസമയം കാണാവുന്നതാണ്.