യൂറോപ്പ ലീഗ് : ആഴ്സണലിന് ജയം, എവർട്ടന് തോൽവി

- Advertisement -

യൂറോപ്പ ലീഗിൽ ആഴ്സണൽ ജയം കണ്ടപ്പോൾ മറ്റൊരു ഇംഗ്ലീഷ് ടീമായ എവർട്ടന് തോൽവി. ആഴ്സണൽ റെഡ് സ്റ്റാർ ബെൽഗ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചപ്പോൾ എവർട്ടൻ ലിയോണിനോട് 2-1 ന്റെ തോൽവി വഴങ്ങി.

സെർബിയയിൽ റെഡ് സ്റ്റാറിനെ നേരിട്ട ആഴ്സണലിന് വിജയ ഗോളിനായി 85 മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും ഒലിവിയെ ജിറൂദിന്റെ അത്ഭുത ഗോളിൽ അവരുടെ കാത്തിരിപ്പിന്റെ എല്ലാ ഫലവും ഉണ്ടായിരുന്നു. അവസാന സീസണിലും മികച്ച ഗോൾ നേടി പുസ്‌കാസ് അവാർഡ് നോമിനേഷൻ ലഭിച്ച ജിറൂദ് അതേ നിലവാരമുള്ള ഗോളിലാണ് ആഴ്സണലിന് ജയം സമ്മാനിച്ചത്. പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അണിവധിച്ചാണ് വെങ്കർ ടീമിനെ ഇറക്കിയത്. എൽനിനിയെ സെൻട്രൽ ഡിഫെൻസിൽ കളിപ്പിച്ച വെങ്കർ കോശിയെൻലിയും മോൻറിയാലും അടക്കമുള്ള പ്രതിരോധത്തിന് പൂർണ്ണ വിശ്രമം അനുവദിച്ചു. ആക്രമണ നിരയിൽ ജിറൂദിന് ഒപ്പം വാൽകൊട്ടിനെയും വിൽഷെയറിനെയും കളിപ്പിച്ചു. ജയത്തോടെ ഗ്രൂപ്പ് എച് ഇൽ ആഴ്സണൽ 9 പോയിന്റുമായി ഒന്നാമതാണ്.

നിരന്തര തോൽവികളും സമനിലകളുമായി പ്രതിസന്ധിയിലുള്ള റൊണാൾഡ് കൂമാനെ പ്രതിസന്ധിയിലാക്കി എവർട്ടന് വീണ്ടും തോൽവി. യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇ യിൽ ലിയോണിനെ നേരിട്ട അവർ സ്വന്തം മൈതാനത്ത് 1-2 ന്റെ തോൽവി വഴങ്ങി ഗ്രൂപ്പിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. 6 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്ന് നബീൽ ഫകിർ ലിയോണിനെ ഒപ്പമെത്തിച്ചു. 69 ആം മിനുട്ടിൽ സിഗർസന്റെ ഫ്രീകിക്കിൽ നിന്ന് ആഷ്ലി വില്യംസ് നേടിയ ഗോളിൽ എവർട്ടൻ സമനില പിടിച്ചു. പക്ഷെ 76 ആം മിനുട്ടിൽ ബെർട്രാൻഡ് ട്രയോറെ ലിയോണിന് ലീഡ് സമ്മാനിച്ചു.  പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന് പുറമെ യൂറോപ്പ ലീഗിലെ പ്രകടനം കൂടി മോശമായതോടെ പരിശീലകൻ കൂമാന്റെ കാര്യത്തിൽ എവർട്ടൻ മാനേജ്മെന്റ് ഇടപെട്ടേക്കും എന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement