ഡ്യൂറന്റ് കപ്പ്; ജംഷദ്പൂരിനെ തകർത്ത് മുംബൈ സിറ്റിക്ക് രണ്ടാം ജയം

എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ജംഷദ്പൂരിനെ തകർത്ത് ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ മുംബൈ സിറ്റിക്ക് തുടർച്ചയായ രണ്ടാം ജയം. മുൻ നിര താരങ്ങളുമായി തന്നെ ഇറങ്ങിയ മുംബൈക്ക് വേണ്ടി നൊഗ്വെര, വാൻ നീഫ്, വിക്രം സിങ് എന്നിവർ വല കുലുക്കിയപ്പോൾ പെരേര ഡിയാസ് ഇരട്ട ഗോളുകൾ കണ്ടെത്തി. ഇതോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് മുംബൈ സിറ്റി.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ വല കുലുക്കി കൊണ്ട് മുംബൈ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു. പേരെര ഡിയാസ് ആണ് വല കുലുക്കിയത്. വിക്രം പ്രതാപിന്റെ പോസ്റ്റിന് മുന്നിലേക്ക് വന്ന പാസിൽ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഇതിനു മുൻപ് ഗ്രെഗ് സ്റ്റുവർട്ടിന്റെ ഫ്രീകിക്കിൽ നിന്നും മേഹ്താബിന്റെ ഹെഡർ ജംഷാദ്പൂർ കീപ്പർ മോഹിത് രക്ഷപ്പെടുത്തി. താരത്തിന്റെ സേവുകൾ ആണ് മത്സരത്തിൽ ഉടനീളം കൂടുതൽ ഗോൾ വഴങ്ങാതെ ടീമിനെ രക്ഷിച്ചത്.14ആം മിനിറ്റിൽ രണ്ടാം ഗോൾ എത്തി. ഇടത് വിങ്ങിൽ ബിപിൻ നൽകിയ പാസ് ഡിയാസ്, നോഗ്വെരക്ക് കൈമാറിയ ശേഷം ഉടൻ തിരിച്ചു സ്വീകരിച്ചു വല കുലുക്കി. പിന്നീട് പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നും ബിപിന്റെ മികച്ചൊരു ഹെഡർ കീപ്പർ അത്ഭുതകരമായി രക്ഷപ്പെടുത്തി. വിക്രം പ്രതിപ്പിന് ലഭിച്ച അവസരവും കീപ്പർ നേരെ തന്നെ ആയി. 40ആം മിനിറ്റിൽ പേരെര ഡിയസുമായി ചേർന്ന നീക്കം ചിപ്പ് ചെയ്ത് വലയിൽ ഇട്ട് നൊഗ്വെര തന്റെ ക്ലാസ് തെളിയിച്ചു.

രണ്ടാം പകുതിയുടെ തുടക്കം തന്നെ മുംബൈ സിറ്റിയുടെ ഗോൾ കണ്ടായിരുന്നു. കോർണറിൽ നിന്നെത്തിയ പന്ത് ബോക്‌സിൽ താരങ്ങൾക്കിടയിലൂടെ പിച്ച് ചെയ്തു തന്റെ മുന്നിൽ എത്തിയപ്പോൾ വാൻ നീഫിന് പോസ്റ്റിലേക്ക് തിരിച്ചു വിടേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളൂ. 47 ആം മിനിറ്റിലാണ് നാലാം ഗോൾ പിറന്നത്. ഏഴു മിനിറ്റിനു ശേഷം ഗ്രെഗ് സ്റ്റുവർട്ടിന്റെ ക്രോസിൽ ഡൈവിങ് ഹെഡർ ഉതിർത്ത് വിക്രം പ്രതാപ് വല കുലുക്കി. അവസാന മിനിറ്റുകളിൽ ഗുർകീരത്തിന് അവസരം ലഭിച്ചെങ്കിലും ശക്തിയില്ലാത്ത ഷോട്ട് കീപ്പർ നേരെ ആയി.

ഡ്യൂറന്റ് കപ്പ്; വിജയം തുടർന്ന് മോഹൻ ബഗാൻ, പഞ്ചാബ് എഫ്സിയെ കീഴടക്കി

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എയിൽ വിജയം തുടർന്ന് മോഹൻ ബഗാൻ. ഇന്ന് നടന്ന മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി കൊണ്ട് ബഗാൻ അടുത്ത ഘട്ടത്തിലേക്ക് കൂടുതൽ അടുത്തു. ആദ്യ പകുതിയിൽ മെൽറോയ് അലീസിയുടെ സെൽഫ് ഗോളും രണ്ടാം പകുതിയിലെ ഹ്യൂഗോ ബൊമസിന്റെ ഗോളുമാണ് മത്സരത്തിന്റെ വിധി നിശ്ചയിച്ചത്.

ബഗാന്റെ അക്രമണത്തോടെ തുടങ്ങിയ മത്സരത്തിൽ ഇടക്ക് പഞ്ചാബും ശ്രമങ്ങൾ നടത്തി. പത്താം മിനിറ്റിൽ ബഗാൻ താരം അഭിഷേകിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. പഞ്ചാബ് പ്രതിരോധം പരമാവധി ഉറച്ചു നിന്നു. 18ആം മിനിറ്റിൽ ഗ്ലെൻ മർട്ടി മാർട്ടിനസിന് ലഭിച്ച അവസരവും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 23 ആം മിനിറ്റിൽ ഗോൾ എത്തി. എതിർ പ്രതിരോധത്തെ ഡ്രിബിൾ ചെയ്തു കയറിയ ശേഷം മൻവീർ തൊടുത്ത ഷോട്ട് അസീസിയുടെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. പഞ്ചാബ് താരം ലുക്കാ മെയ്ഖന്റെ ശ്രമങ്ങളും ബഗാൻ പ്രതിരോധം തടഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വീണ്ടും ഗോൾ പിറന്നു. 49ആം മിനിറ്റിൽ ഹ്യൂഗോ ബോമസ് ആണ് വല കുലുക്കിയത്. ലുക്കാ മേയ്ഖന്റെ ബോക്സിനുള്ളിൽ നിന്നുള്ള തകർപ്പൻ ഒരു ഷോട്ട് വിശാൽ ഖേയ്ത് അതി മനോഹരമായിൽ സേവ് ചെയ്തു. രഞ്ജീത് പന്ദ്രയുടെ നീക്കം തടഞ്ഞ് കൊണ്ട് അൻവർ അലിയും ടീമിന്റെ രക്ഷക്കെത്തി. അവസാന നിമിഷങ്ങളിൽ പഞ്ചാബ് പരമാവധി ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മോഹൻ ബഗാൻ വഴങ്ങിയില്ല.

ഡ്യൂറന്റ് കപ്പ്; ഒഡീഷ എഫ്സിയെ വീഴ്ത്തി ഇന്ത്യൻ ആർമി

ഡ്യൂറന്റ് കപ്പ് 132ആം എഡിഷനിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറങ്ങിയ ഒഡീഷ എഫ്സിക്ക് ഇന്ത്യൻ ആർമിക്ക് മുന്നിൽ ഞെട്ടിക്കുന്ന തോൽവി. യുവതാരങ്ങളുമായി ഇറങ്ങിയ ഐഎസ്എൽ ടീമിനെതിരെ മുന്നേറ്റ താരം ലിറ്റൺ ശിൽ നേടിയ ഗോളാണ് ആർമിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ രാജസ്‌ഥാനും ഇന്ത്യൻ ആർമിയും ഗ്രൂപ്പ് എഫിൽ ആദ്യ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.

മൂന്നാം മിനിറ്റിൽ തന്നെ ഒഡീഷയുടെ പാസ് പിടിച്ചെടുത്തു ബോക്സിന് പുറത്തു നിന്നും ക്രിസ്റ്റഫർ കാമേയ് തൊടുത്ത ഷോട്ട് ഒഡീഷ കീപ്പർ കൈക്കലാക്കി. ആർമി തന്നെയാണ് കൂടുതൽ നീക്കങ്ങൾ മെനഞ്ഞടുത്തത്. പോസ്റ്റിന് മുന്നിലേക്ക് ക്രോസ് നൽകാനുള്ള ഷഫീലിന്റെ ശ്രമം നീരജ് ഒരിക്കൽ കൂടി തടുത്തു. മുപ്പത്തിയാറാം മിനിറ്റിൽ കാമേയിയുടെ മറ്റൊരു ഷോട്ടും നീരജിന് നേരെ ആയിരുന്നു. ഇടവേളക്ക് മുൻപ് ആർമി ഗോൾ വല കുലുക്കി. പ്രതിരോധം ക്ലിയർ ചെയ്തു നൽകിയാ ബോൾ ലിറ്റൺ സമീർ മുർമുവിന് കൈമാറിയ ശേഷം എതിർ ബോക്‌സ് ലക്ഷ്യമാക്കി കുതിച്ചു. മുർമുവിന്റെ അതിമനോഹരമായ ത്രൂ ബോൾ ലിറ്റണിലേക്ക് തന്നെ തിരിച്ചെത്തിയപ്പോൾ താരം കീപ്പറേയും എതിർ പ്രതിരോധത്തെയും മറികടന്ന് വല കുലുക്കി 42ആം മിനിറ്റിലാണ് ഗോൾ പിറന്നത്.

54ആം മിനിറ്റിൽ രാഹുലിന്റെ പാസിൽ ലഭിച്ച സുവർണാവസരത്തിൽ ഷഫീൽ തൊടുത്ത ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 77ആം മിനിറ്റിൽ എതിർ താരത്തിന് മുകളിൽ അപകടകരമായ ഫൗൾ ചെയ്തതിന് ലിറ്റൺ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. 82 ആം മിനിറ്റിൽ ദുഷകരമായ ആംഗിളിൽ നിന്നും ബോക്സിനുള്ളിൽ മാർക് ചെയ്യപ്പെടാതെ പുങ്തെ തൊടുത്ത ഷോട്ട് ആർമി കീപ്പർ ബദീന്ദ്ര രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിൽ കോർണറിൽ നിന്നെത്തിയ ബോളിൽ ഒഡീഷക്ക് ലഭിച്ച അവസരവും കീപ്പർക്ക് നേരെ ആയതോടെ സ്‌കോർ ആദ്യ പകുതിയിലെ അതേ നിലയിൽ തുടർന്നു.

ഡ്യൂറന്റ് കപ്പ്; ഗ്രൂപ്പ് എഫിൽ വിജയവുമായി ആരംഭിച്ച് രാജസ്ഥാൻ യുനൈറ്റഡ്

ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എഫ് ലെ പോരാട്ടത്തിൽ ബോഡോലാണ്ട് എഫ്സിയെ എതിരല്ലാത്ത ഒരു ഗോളിന് കീഴടക്കി രാജസ്ഥാൻ യുനൈറ്റഡ്. ഇടക്ക് മഴ മുടക്കിയ മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നേടിയ ഗോൾ ആണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. വില്യം പൗളിയൻഖുമാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. രാജസ്ഥാൻ അടുത്ത മത്സരത്തിൽ ഒഡീഷ എഫ്സിയെ നേരിടും. ബോഡോലാന്റിന് ഇന്ത്യൻ ആർമിയാണ് തുടർന്നുള്ള മത്സരത്തിലെ എതിരാളികൾ.

തിങ്ങി നിറഞ്ഞ കാണികളും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങും അടക്കമുള്ള വിഐപികൾക്ക് മുന്നിൽ രാജസ്ഥാൻ ആക്രമിച്ചു തന്നെ മത്സരം ആരംഭിച്ചു. തുടക്കം മുതൽ അവർ അവസരങ്ങൾ സൃഷ്ടിച്ചു. പതിനാറാം മിനിറ്റിൽ കോർണറിൽ നിന്നുള്ള അപകടനം ഗോൾ വഴങ്ങാതെ ഗോൾ ലൈൻ സേവിലൂടെ ബോഡോലാന്റ് പ്രതിരോധം രക്ഷപ്പെടുത്തി. 41 ആം മിനിറ്റിൽ രാജസ്ഥാനിൽ നിന്നും റാഞ്ചിയെടുത്ത ബോളുമായി കൗണ്ടർ നീക്കം നടത്തിയ ബോഡോലാന്റിന് പക്ഷെ 20 ആം നമ്പർ താരം ഗനെഫോ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പുറത്തേക്കടിച്ചു കളഞ്ഞത് നിരാശ നൽകി. ഒന്നാം പകുതിയിലെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. പിറകെ ബോഡോലാന്റിന് വേണ്ടി ഇടത് വിങ്ങിൽ നിന്നും അർജുന്റെ ലോങ് റേഞ്ച് ഷോട്ടും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

മഴയിൽ കുതിർന്ന രണ്ടാം പകുതി രാജസ്ഥാന്റെ ഗോളുമായി ആണ് ആരംഭിച്ചത്. വലത് വിങ്ങിൽ ചാങ്തെ തുടക്കമിട്ട മുന്നേറ്റം ബോക്സിലേക്ക് റിച്ചാർഡ്സന് മറിച്ചു നൽകിയപ്പോൾ താരം തൊടുത്ത ഷോട്ടിൽ കൃത്യമായി ഇടപെട്ടാണ് പൗളിയൻഖും ഗോൾ നേടിയത്. മഴ കൊണ്ട് വെള്ളകെട്ട് ആയ പിച്ചിന്റെ ആനുകൂല്യവും ലഭിച്ചു. പിന്നീട് കടുത്ത മഴയും പിച്ചിന്റെ സാഹചര്യവും കണക്കിൽ എടുത്തു റഫറി മത്സരം നിർത്തി വെച്ചു.

ഒരു കിരീടം കൂടെ, മുംബൈ സിറ്റിയെ വീഴ്ത്തി ബെംഗളൂരു എഫ് സി ഡൂറണ്ട് കപ്പ് ചാമ്പ്യൻസ്

ബെംഗളൂരു എഫ് സിയുടെ ട്രോഫി ക്യാബിനറ്റിലേക്ക് ഒരു കിരീടം കൂടെ. ഇന്ന് കൊൽക്കത്തയിൽ നടന്ന ഡൂറണ്ട് കപ്പ് ഫൈനലും മുംബൈ സിറ്റിയെ പരാജയപ്പെടുത്തി കൊണ്ട് ഛേത്രിയും സംഘവും ഡൂറണ്ട് കിരീടം ഉയർത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം.

ഇന്ന് യുവതാരം ശിവശക്തിയെ ആദ്യ ഇലവനിൽ ഇറക്കി കൊണ്ടാണ് ബെംഗളൂരു എഫ് സി മത്സരം ആരംഭിച്ചത്. ഇത് ഗുണം ചെയ്തു. പതിനൊന്നാം മിനുട്ടിൽ ശിവശക്തിയിലൂടെ ബെംഗളൂരു ലീഡ് എടുത്തു‌. താരത്തിന്റെ ഡൂറണ്ട് കപ്പിലെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളിന് 30ആം മിനുട്ടിൽ അപുയിയയിലൂടെ മുംബൈ സിറ്റി മറുപടി നൽകി. ആദ്യ പകുതി 1-1 എന്നവസാനിച്ചു.

രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നായിരുന്നു ബെംഗളൂരു വിജയ ഗോളായി മാറിയ രണ്ടാം ഗോൾ സ്കോർ ചെയ്തത്. ഛേത്രി എടുത്ത കോർണർ അലൻ കോസ്റ്റ വലയിൽ എത്തിച്ചു. ഇത് ബെംഗളൂരു എഫ് സിക്ക് കിരീടം ഉറപ്പിച്ചു കൊടുത്തു.

ബെംഗളൂരുവിന്റെയും ഛേത്രിയുടെ ആദ്യ ഡൂറണ്ട് കപ്പ് കിരീടമാണിത്. ബെംഗളൂരു എഫ് സിയുടെ ഏഴാം കിരീടമാണിത്. അവർ രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഐ എസ് എൽ കിരീടവും, ഒരു സൂപ്പർ കപ്പും ഇതിനു മുമ്പ് നേടിയിട്ടുണ്ട്.

ഡൂറണ്ട് കപ്പിൽ ഇന്ന് ഫൈനൽ, കിരീടം തേടി ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും

സീസണിലെ ആദ്യ കിരീട പോരാട്ടമാണ് ഇന്ന്. ഇന്ത്യൻ ഫുട്ബോളിലെ ഐതിഹാസിക കിരീടമായ ഡൂറണ്ട് കപ്പ്. അത് ആര് നേടും എന്ന് ഇന്ന് വൈകിട്ട് അറിയാം. ഐ എസ് എൽ ക്ലബുകൾ ആയ ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും ആണ് ഇന്ന് ഫൈനലിൽ നേർക്കുനേർ വരുന്നത്. ഇരുവരും അവരുടെ ആദ്യ ഡൂറണ്ട് കപ്പ് ആണ് ലക്ഷ്യമിടുന്നത്‌.

സെമി ഫൈനലിൽ ഹൈദരാബാദ് എഫ് സിയെയും ക്വാർട്ടർ ഫൈനലിൽ ഒഡീഷയെയും ആണ് ബെംഗളൂരു എഫ് സി മറിടന്നത്. ഫൈനലിലേക്ക് ഉള്ള വഴിയിൽ നോക്കൗട്ട് ഘട്ടത്തിൽ മൊഹമ്മദൻസിനെയും ചെന്നൈയിനെയും ആണ് മുംബൈ സിറ്റി മറികടന്നത്‌. ഇന്ന് ബെംഗളൂരു എഫ് സി കപ്പ് നേടുക ആണെങ്കിൽ ഐ എസ് എൽ, ഡൂറണ്ട് കപ്പ്, ഐ ലീഗ്് സൂപ്പർ കപ്പ്, ഫെഡറേഷൻ കപ്പ്, ഇവയെല്ലാം നേടിയ ആദ്യ താരമായി മാറാൻ സുനിൽ ഛേത്രിക്ക് ആകും.

ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.

ഐ എസ് എൽ ചാമ്പ്യന്മാരെ വീഴ്ത്തി ബെംഗളൂരു എഫ് സി ഡൂറണ്ട് കപ്പ് ഫൈനലിൽ

ഡൂറണ്ട് കപ്പിൽ ബെംഗളൂരു എഫ് സി ഫൈനലിൽ. ഐ എസ് എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ച് ആണ് ബെംഗളൂരു ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പിറന്ന ഒരു ഗോളിന്റെ ബലത്തിൽ 1-0ന്റെ വിജയമാണ് ബെംഗളൂരു എഫ് സി നേടിയത്. ഒരു സെൽഫ് ഗോളിൽ നിന്നായിരുന്നു ബെംഗളൂരു എഫ് സി ലീഡ് നേടിയത്.

31ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് പ്രബീർ ദാസ് നൽകിയ ക്രോസ് സബാല സ്വന്തം പോസ്റ്റിലേക്ക് തന്നെ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ ഹൈദരാബാദ് എഫ് സി ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മികച്ച ഡിഫൻസീവ് സെറ്റപ്പ് കാത്തു സൂക്ഷിച്ച ബെംഗളൂരു ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

മുംബൈ സിറ്റിയെ ആകും ബെംഗളൂരു ഫൈനലിൽ നേരിടുക. ഇന്നലെ മൊഹമ്മദൻസിനെ തോൽപ്പിച്ച് ആയിരുന്നു മുംബൈ സിറ്റി ഫൈനലിലേക്ക് എത്തിയത്. 18ആം തീയതി ആണ് ഫൈനൽ നടക്കുക.

ഡൂറണ്ട് കപ്പ്; ഇന്ന് ആദ്യ സെമി ഫൈനൽ, മൊഹമ്മദൻസും മുംബൈ സിറ്റിയും നേർക്കുനേർ

ഡൂറണ്ട് കപ്പ് സെമി ഫൈനൽ

ഇന്ന് ഡൂറണ്ട് കപ്പിൽ ആദ്യ സെമി ഫൈനൽ ആണ്. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി ഐ ലീഗ് ക്ലബായ മൊഹമ്മദൻസിനെ നേരിടും. തുടർച്ചയായ രണ്ടാം ഡൂറണ്ട് കപ്പ് ഫൈനൽ ആണ് മൊഹമ്മദൻ ഇന്ന് ലക്ഷ്യമിടുന്നത്. ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ആയിരുന്നു മൊഹമ്മദൻസ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതർ ആയിരുന്നു മൊഹമ്മദൻ 10 പോയിന്റുമായാണ് നോക്കൗട്ട് റൗണ്ടിൽ എത്തിയത്.

മുംബൈ സിറ്റി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പരാജയപ്പെട്ടു എങ്കിലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ആണ് ക്വാർട്ടറിൽ എത്തിയത്. ക്വാർട്ടർ ഫൈനലിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ചെന്നൈയിനെ തോൽപ്പിച്ച് ആണ് മുംബൈ സിറ്റി ഈ മത്സരത്തിലേക്ക് വരുന്നത്‌.

ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.

രാജസ്ഥാനെ തോൽപ്പിച്ച് ഹൈദരാബാദ് എഫ് സി ഡൂറണ്ട് കപ്പ് സെമിയിൽ | Report

ഹൈദരാബാദ് എഫ് സി 3-1 രാജസ്ഥാൻ യുണൈറ്റഡ്

ഡൂറണ്ട് കപ്പ് ക്വാർട്ടറിൽ രാജസ്ഥാൻ യുണൈറ്റഡിനെ തോൽപ്പിച്ച് കൊണ്ട് ഹൈദരാബാദ് സെമി ഫൈനലിലേക്ക് കടന്നു. ഹൈദരാബാദ് ആധിപത്യം പുലർത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഐ എസ് എൽ ചാമ്പ്യന്മാരുടെ വിജയം. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ ഒഗ്ബെചെയിലൂടെ ഹൈദരാബാദ് മുന്നിൽ എത്തി.

28ആം മിനുട്ടിൽ ഒരു പെനാൾട്ടി രാജസ്ഥാനെ കളിയിൽ തിരികെ എത്തിച്ചു. ആകാശ് മിശ്ര വഴങ്ങിയ പെനാൾട്ടി മാർട്ടിൻ ചാവേസ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.

ആദ്യ പകുതിയുടെ അവസാനം ആകാശ് മിശ്രയിലൂടെ ഹൈദരാബാദ് ലീഡ് തിരികെയെടുത്തു. രണ്ടാം പകുതിയിൽ സിവേരിയോ കൂടെ ഗോൾ നേടിയതോടെ ഹൈദരാബാദ് വിജയവും സെമി ഫൈനലും ഉറപ്പിച്ചു.

ഗ്രെഗ് സ്റ്റുവർട്ടിന് ഹാട്രിക്ക്, ത്രില്ലറിന് ഒടുവിൽ മുംബൈ സിറ്റി ഡൂറണ്ട് കപ്പ് സെമിയിൽ

ഇന്ന് ഡൂറണ്ട് കപ്പിൽ കണ്ടത് ഒരു ത്രില്ലർ ആയിരുന്നു. അടിയും തിരിച്ചടിയുമായി മുന്നോട്ടു പോയ മത്സരം. എക്സ്ട്രാ ടൈം വരെ നീണ്ടു പോയ മത്സരം മൂന്നിന് എതിരെ അഞ്ചു ഗോളുകൾക്ക് വിജയച്ച് മുംബൈ സിറ്റി സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിരാശരായി ചെന്നൈയിൻ നാട്ടിലേക്കും മടങ്ങി.

മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ലഭിച്ച ഒരു പെനാൾട്ടി ലക്ഷ്യമാക്കി കൊണ്ട് ഗ്രെഗ് സ്റ്റുവർട്ട് ആണ് മുംബൈ സിറ്റിക്ക് ഇന്ന് ലീഡ് നൽകിയത്‌. ഇതിന് 59ആം മിനുട്ടിൽ സ്ലിസ്കോവിചിലൂടെ മുംബൈ സിറ്റിയിലൂടെ മറുപടി വന്നു. സ്കോർ 1-1. പിന്നെ ചാങ്തെയിലൂടെ 78ആം മിനുട്ടിൽ വീണ്ടും മുംബൈ സിറ്റി ലീഡ് എടുത്തു. ഇതിനു ചെന്നൈയിന്റെ കയ്യിൽ മറുപടി ഉണ്ടായിരുന്നു. 89ആം മിനുട്ടിൽ ജോക്സൺ ആണ് സമനില നേടിയത്. സ്കോർ 2-2

എക്സ്ട്രാ ടൈമിൽ മുംബൈ സിറ്റി ശക്തരായി. ചാങ്തെയും ഗ്രെഗ് സ്റ്റുവർട്ടും വീണ്ടും ഗോൾ നേടിയപ്പോൾ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ 4-2ന് മുംബൈ സിറ്റി മുന്നിൽ. 109ആം മിനുട്ടിലെ റഹീം അലിയുടെ ഗോൾ സ്കോർ 4-3 എന്നാക്കി. ചെന്നൈയിൻ സമനില ഗോളിനായി ശ്രമിക്കുന്നതിനിടയിൽ 118ആം മിനുട്ടിൽ സ്റ്റുവർട്ടിന്റെ ഹാട്രിക്ക്. ഇതോടെ വിജയവും സെമി ഫൈനലും മുംബൈ സിറ്റി ഉറപ്പിച്ചു.

അവസാന കിക്കിൽ റോയ് കൃഷ്ണ മാജിക്ക്, ഒഡീഷയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സെമിയിൽ

ഡൂറണ്ട് കപ്പിൽ ഒഡീഷ എഫ് സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി സെമി ഫൈനലിൽ‌. ഇന്ന് അവസാന മിനുട്ടിൽ റോയ് കൃഷ്ണ നേടിയ ഗോളിന്റെ ബലത്തിൽ 2-1ന്റെ വിജയമാണ് ബെംഗളൂരു എഫ് സി നേടിയത്‌.

എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ആദ്യ 90 മിനുട്ടുകളിൽ അവസരങ്ങൾ കുറവായിരുന്നു. എന്നാൽ രണ്ടാം പകുതി അവസാനത്തിലേക്ക് കടക്കുന്ന സമയത്ത് ശുഭം സാരംഗി ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയത് ഒഡീഷക്ക് തിരിച്ചടിയായി.

പത്തു പേരായി ചുരുങ്ങിയ ഒഡീഷ പിന്നീട് തീർത്തും ഡിഫൻസിലേക്ക് പോയി. എക്സ്ട്രാ ടൈമിൽ 96ആം മിനുട്ടിൽ യുവതാരം ശിവശക്തിയെ ബെംഗളൂരു എഫ് സി കളത്തിൽ ഇറക്കി. തൊട്ടടുത്ത മിനുട്ടിൽ താരം ബെംഗളൂരുവിന് ലീഡും നൽകി. ലിയോൺ അഗസ്റ്റിന്റെ ഷോട്ട് റീബൗണ്ട് ചെയ്താണ് ശിവശക്തി ഗോൾ നേടിയത്. ടൂർണമെന്റിലെ താരത്തിന്റെ നാലാം ഗോളായിരുന്നു ഇത്‌.

ഇതിനു ശേഷം കളി നിയന്ത്രിച്ച ബെംഗളൂരു എഫ് സിയെ ഞ്ഞെട്ടിച്ച് കൊണ്ട് 114ആം മിനുട്ടിൽ സമനില ഗോൾ വന്നു. സാഹിൽ എടുത്ത ഫ്രീകിക്കിൽ നിന്ന് വന്ന അവസരം മുതലാക്കി മൗറീസിയോ ആണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്‌. ഇതോടെ സ്കോർ 1-1 എന്നായി. പത്തുപേരുമായി കളിച്ച ഒഡീഷ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കൊണ്ടു പോകും എന്ന് കരുതിയ സമയത്ത് റോയ് കൃഷ്ണയുടെ വിജയ ഗോൾ വന്നു. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്കിലൂടെ ആണ് റോയ് കൃഷ്ണ ഗോൾ നേടിയത്‌. ഈ സ്ട്രൈക്ക് മത്സരത്തിലെ അവസാന കിക്കുമായി.

കേരള ബ്ലാസ്റ്റേഴ്സ് യുവനിരയുടെ സെമി മോഹങ്ങൾ നടന്നില്ല, ഡൂറണ്ട് കപ്പിൽ നിന്ന് പുറത്ത്

ഡൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് യുവനിരയുടെ യാത്ര അവസാനിച്ചു. ഇന്ന് നടന്ന ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയം ആണ് മൊഹമ്മദൻസിൽ നിന്ന് ഏറ്റുവാങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരക്ക് മൊഹമ്മദൻസിന്റെ ഒന്നാം നിരയോട് ഏറ്റുമുട്ടി നിൽക്കുക എളുപ്പമായിരുന്നില്ല.

17ആം മിനുട്ടിൽ ഫയസിന്റെ ഗോളിലൂടെ ആണ് മൊഹമ്മദൻസ് ആദ്യ പകുതിയിൽ ലീഡ് എടുത്തത്. ആ ഗോളിന്റെ ബലത്തിൽ 1-0ന് മൊഹമ്മദൻസ് ആദ്യ പകുതി അവസാനിപ്പിച്ചു‌‌. കേരള ബ്ലാസ്റ്റേഴ്സിന് എതിർ ഗൊൾ കീപ്പറെ പരീക്ഷിക്കാനെ ആയില്ല.

രണ്ടാം പകുതിയിൽ ദൗദ കൂടെ കളത്തിൽ നിറഞ്ഞാടാൻ തുടങ്ങിയതോടെ മൊഹമ്മദൻസ് കൂടുതൽ ശക്തരായി. അവർ 55ആം മിനുട്ടിൽ ദൗദയിലൂടെ രണ്ടാം ഗോൾ നേടി. 85ആം മിനുട്ടിൽ ദൗദയുടെ ഒരു ഹെഡർ ലീഡ് 3-0 എന്നാക്കി‌. ഇതോടെ അവർ വിജയം ഉറപ്പിച്ചു. മുഹമ്മദ് ഐമനും റോഷനും ചേർന്ന് നടത്തിയ ചില നീക്കങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പ്രതീക്ഷ നൽകിയത്‌.

ചെന്നൈയിനും മുംബൈ സിറ്റിയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ വിജയികളെ ആകും മൊഹമ്മദൻസ് സെമിയിൽ നേരിടുക.

Exit mobile version